ഖത്തർ ലോകകപ്പ് പശ്ചാത്തലത്തിൽ നോവലെഴുതി സ്കൂൾ അധ്യാപകൻ
text_fieldsദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാളിനെ പശ്ചാത്തലമാക്കി നോവൽ പ്രസിദ്ധീകരിച്ച് മലപ്പുറത്തുനിന്നൊരു സ്കൂൾ അധ്യാപകൻ. മലയാളം, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലും ഓഡിയോ, വിഡിയോ രൂപത്തിലുമാണ് നോവലിറങ്ങുന്നത്. മലപ്പുറം തിരൂരിനടുത്ത് പുതുപ്പള്ളി ശാസ്താ എ.എൽ.പി സ്കൂളിലെ അധ്യാപകൻ റിഫാ ഷെലീസ് ചേന്നരയാണ് രചയിതാവ്.
‘ഖനീസ-ഷോപ്പ് നമ്പർ 13എ, സൂഖ് വാഖിഫ്’ എന്നാണ് നോവലിന്റെ പേര്. ലോകകപ്പിന്റെ ആവേശം പകർന്ന 32 ദിവസങ്ങളിലൂടെ യാത്ര ചെയ്ത അത്രയും അധ്യായങ്ങൾ ഉൾക്കൊള്ളിച്ചാണ് നോവലെഴുതിയിട്ടുള്ളത്. ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ചതിലൂടെ ഖത്തർ ലോകകപ്പ് മുന്നോട്ട് വെച്ച മാനവിക മൂല്യങ്ങൾ ഊന്നിയാണ് നോവൽ മുന്നോട്ട് പോകുന്നതെന്ന് റിഫാ ഷെലീസ് പറഞ്ഞു.
സെവൻസ് ഫുട്ബാളിൽ സജീവമായിരുന്ന മലപ്പുറത്തെ ഒരു ചെറുപ്പക്കാരന് അപ്രതീക്ഷിതമായുണ്ടായ പരിക്കിനെതുടർന്ന് കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു. എങ്കിലും തന്റെ ഇച്ഛാശക്തിയും ഫുട്ബാളിനോടുള്ള അഭിനിവേശവും കൊണ്ട് ഫുട്ബാൾ രംഗത്തെ വ്ലോഗറായി മാറുന്നു. സെവൻസ് മൈതാനത്തുനിന്ന് ഖത്തറിലെത്തുന്ന വ്ലോഗറുടെ കാഴ്ചയിലൂടെയാണ് നോവൽ വികസിക്കുന്നത്. ഫുട്ബാൾ നൽകുന്ന ഐക്യസന്ദേശം, സിറിയൻ ആഭ്യന്തരയുദ്ധം, യുദ്ധ അഭയാർഥികളുടെ പ്രശ്നങ്ങൾ, മലബാർ സമരം, പരിസ്ഥിതി പ്രശ്നം, ഭക്ഷണ ധൂർത്ത് തുടങ്ങിയ വ്യത്യസ്ത അടരുകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നുണ്ട്. മെസ്സിയും റൊണാൾഡോയും നെയ്മറും എംബാപ്പെയുമൊക്കെ കഥാപാത്രങ്ങളായി വരുന്നു. വിഡിയോ രൂപത്തിലുള്ള നോവലിൽ ഗ്രന്ഥകാരൻ ഖത്തറിൽനിന്ന് പകർത്തിയ ദൃശ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
നോവലിന്റെ പ്രകാശനം ഏപ്രിലിൽ ഖത്തറിൽ നടക്കും. നേരത്തേ മൂന്ന് ഷോട്ട്ഫിലിമുകൾ സംവിധാന ചെയ്ത റിഫയുടെ ആദ്യ നോവലാണിത്. മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള കലാമണ്ഡലം അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ചേന്നര പെരുന്തിരുത്തിയിലെ റിട്ട.പ്രഥമാധ്യാപകരായ സി.പി. സൈനുദ്ദീന്റെയും പി. ഫാത്തിമയുടെയും മകനാണ് റിഫാഷെലീസ്. ഭാര്യ: ഫിദ. മകൻ: ഈലാഫ് സെയ്ൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.