ജീവന്റെ വിളക്കേന്തിയവർ
text_fieldsവടവാതൂരിലെ ഏദൻസ് എന്ന വീട്ടിലേക്കു കടന്നുചെല്ലുേമ്പാൾ നമ്മെ സ്വീകരിക്കുന്നത് പുറംവാതിൽക്കൽ എഴുതിയ 'മൈ സ്വീറ്റ് ഹോം' എന്ന വാക്കുകളാണ്. അതിനപ്പുറം സിറ്റൗട്ടിലെ ചെറിയ മേശയിൽ നിറഞ്ഞുതെളിയുന്ന മെഴുകുതിരികൾക്ക് മുന്നിൽ നേവിസിന്റെ ചിരിക്കുന്ന ചിത്രം. മുന്നിൽ ബൈബിളും ജപമാലയും. ചുമരിൽ ഒന്നു കണ്ണോടിച്ചാൽ ആ വീടിനകം നിറയെ നേവിസിന്റെ ചിരിയുതിരുന്ന ചിത്രങ്ങൾ കാണാം.
മരണശേഷം 41 ദിവസം കഴിയാതെ ആത്മാവ് താമസിച്ചിരുന്നയിടം വിട്ടുപോകില്ലെന്നാണ് ക്രിസ്ത്യൻസങ്കൽപം. മകെൻറ സാന്നിധ്യമുള്ള വീട്ടിലിരുന്ന് കണ്ണുനിറയാതെ സംസാരിക്കാൻ മാതാപിതാക്കൾക്ക് ധൈര്യം പകർന്നത് ആ വിശ്വാസമായിരിക്കണം. ജീവവൃക്ഷത്തിൽ നിന്ന് പൊടുന്നനെ കൊഴിഞ്ഞുവീണ പൂവിന്റെ ജീവൻ മണ്ണേൽക്കാതെ മറ്റുള്ളവർക്ക് പകർന്നു നൽകിയവരാണവർ. മകൻ മറ്റുള്ളവർക്ക് കണ്ണും കരളും ഹൃദയവുമൊക്കെ ആകുേമ്പാൾ ജീവെൻറ മൂല്യം അവരേക്കാൾ തിരിച്ചറിഞ്ഞവർ ആരുണ്ട്, അതിലേറെ നന്മ മറ്റെന്തുണ്ട്? നിറമനസ്സോടെയല്ലാതെ അവർക്ക് മകെൻറ ജീവദാനത്തെക്കുറിച്ച് പറയാനാവില്ല.
സെപ്റ്റംബർ 25ന് വൈകീട്ടാണ് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് വരുന്നത്. നേവിസിന്റെ ഹൃദയവും വഹിച്ചു കൊണ്ടുള്ള വാഹനം കോഴിക്കോട്ടേക്ക് വരുകയാണ്, വഴിയൊരുക്കണം എന്നായിരുന്നു മന്ത്രിയുെട അഭ്യർഥന. അപ്പോഴാണ് നേവിസിനെയും ആ നന്മയെയും നാടറിഞ്ഞത്. അതിനും എത്രയോ മുമ്പ് അവൻ മരണത്തിലേക്ക് നടന്നുതുടങ്ങിയിരുന്നു. വടവാതൂർ ചിറത്തിലത്ത് ഏദൻസിൽ ബിസിനസുകാരനായ സാജൻ മാത്യുവിന്റെയും ഷെറിന്റെയും മൂത്തമകനാണ് നേവിസ്. വയസ്സ് 25. ഫ്രാൻസിൽ എം.എസ്സി വിദ്യാർഥിയായ എൽവിസും ഗിരിദീപം സ്കൂളിലെ എട്ടാം ക്ലാസുകാരിയായ വിസ്മയയുമാണ് സഹോദരങ്ങൾ. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെതുടർന്ന് അബോധാവസ്ഥയിലായ നേവിസ് പിന്നീട് ജീവിതത്തിലേക്ക് കണ്ണുതുറന്നില്ല.
ആ ദിവസങ്ങൾ
ഫ്രാൻസിൽ അക്കൗണ്ടിങ് ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു നേവിസ്. കോവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് ഒാൺലൈൻ വഴിയായിരുന്നു ക്ലാസ്. പുലർച്ച മൂന്നുമണിക്കാണ് ക്ലാസ് തുടങ്ങുക. അതു കഴിഞ്ഞാൽ ഉറങ്ങും. ഉറങ്ങിയെഴുന്നേറ്റാൽ മുകളിലെ മുറിയിൽനിന്ന് താഴേക്ക് വരാറാണ് പതിവ്. ആരും വിളിക്കാറില്ല.
''അന്ന് രാവിലെ ഞാൻ ഓഫിസിലേക്കു പോവുേമ്പാൾ ഉണർന്നിട്ടില്ല. ഉറങ്ങട്ടെയെന്നു കരുതി. ഉച്ചക്ക് ഒന്നരയോടെ ഉണ്ണാൻ വന്നപ്പോഴും എഴുന്നേറ്റില്ലെന്നു പറഞ്ഞപ്പോൾ മകൾ വിസ്മയയോട് പറഞ്ഞു, പോയി വിളിക്ക്. ഭക്ഷണം കഴിക്കണ്ടേ എന്ന്. വിസ്മയ വിളിച്ചപ്പോൾ എഴുന്നേൽക്കുന്നില്ല. ചെന്നുനോക്കുേമ്പാൾ അബോധാവസ്ഥയിലാണ്. ഉടൻ കാരിത്താസിലേക്ക് കൊണ്ടുപോയി. െകാണ്ടുപോയ അവസ്ഥയിൽ തന്നെയായിരുന്നു ആശുപത്രിയിലും. പിന്നീട് അവനുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ വെച്ച് ഒരു തവണ കണ്ണിൽനിന്ന് വെള്ളമൊഴുകി. കൈ ചെറുതായി അനക്കി. ഇതുകണ്ടപ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയായി. എന്നാൽ പിന്നെ മറ്റൊരു പ്രതികരണവുമുണ്ടായില്ല''- സാജൻ ഓർക്കുന്നു.
20നാണ് ആലുവ രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 24ന് വൈകീട്ട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 25ന് രാവിലെ മൃതസഞ്ജീവനി ഡോക്ടർമാർ എത്തി പരിശോധിച്ചു. നേവിസിന് ചെറുപ്പത്തിൽ ഒരു അപകടത്തിൽ പാൻക്രിയാസിന് ക്ഷതമേറ്റിരുന്നു. ഇേതത്തുടർന്നാണ് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയാൻ തുടങ്ങിയത്. നേരത്തേ രണ്ടു തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അമ്മയോട് വന്നു പറഞ്ഞ് മധുരം കഴിക്കും. ഒരു തവണ ആശുപത്രിയിൽ അഡ്മിറ്റായിട്ടുമുണ്ട്. എന്നാൽ, ഇത്തവണ ഉറക്കത്തിലായിരുന്നതിനാൽ ആരുമറിഞ്ഞില്ല. ഓഫ്ലൈൻ ക്ലാസ് തുടങ്ങുന്നതിനാൽ 28ന് ഫ്രാൻസിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് നേവിസ് പ്രിയപ്പെട്ടവരെയെല്ലാം വിട്ട് യാത്രപോലും പറയാതെ ഈ ലോകത്തുനിന്ന് മറഞ്ഞത്.
നേരത്തേ തീരുമാനിച്ചതല്ല അവയവദാനം
മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടർമാർ അറിയിച്ചപ്പോൾ പെട്ടെന്ന് തോന്നിയതാണ് അവയവദാനത്തെ കുറിച്ച്. നേരത്തെ അങ്ങനെ ചിന്തിച്ചിട്ടേയില്ല. അവനെ എന്നുമോർക്കാൻ അതെങ്കിലും വേണമെന്നുതോന്നി. ഡോക്ടർമാരോട് സംസാരിച്ചു. തുടർന്ന് മൃതസഞ്ജീവനിയിൽനിന്നുള്ള ഡോക്ടർമാർ വന്ന് പരിശോധിച്ച് മസ്തിഷ്കമരണം ഉറപ്പാക്കി. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ, ൈകകൾ എന്നിവയാണ് കൊടുത്തത്. ൈകകൾ കൊടുക്കുന്നതിനെകുറിച്ച് ചിന്തിച്ചിരുന്നില്ല. ഡോക്ടർമാർ പറഞ്ഞപ്പോൾ ആദ്യം മടി തോന്നി.
വല്ലാതെ വൈകാരികമായാണ് തോന്നിയത് അപ്പോൾ. പെട്ടിയിൽ െവക്കുേമ്പാൾ കൈകളില്ലാതെങ്ങനെ എന്നും ചിന്തിച്ചു. എന്നാൽ, ഡോക്ടർമാർ അതെല്ലാം കൃത്യമായി ചെയ്തുതന്നു. കൈകൾക്കായി ഒരാൾ കാത്തിരിപ്പുണ്ടെന്ന് ഡോക്ടർമാരാണ് പറഞ്ഞത്. അപ്പോഴും ഞങ്ങളുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല. ആരുമറിയാതെ ചെയ്യണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ആരോഗ്യമന്ത്രി സമ്മതിച്ചില്ല. പേര് പറയണം. ഇനിയുള്ളവർക്ക് അതൊരു പ്രചോദനമാകണം എന്നു പറഞ്ഞതുെകാണ്ടു മാത്രമാണ് പുറത്തറിഞ്ഞത്.
വീടിനു സമീപത്തെ ഗിരിദീപം സ്കൂളിലാണ് നേവിസ് പഠിച്ചത്. സ്കൂളിൽ ശരാശരി വിദ്യാർഥി മാത്രമായിരുന്നു. തുടർന്ന് ചെന്നൈയിലായിരുന്നു ഹയർസെക്കൻഡറി പഠനം. പ്ലസ് വണ്ണിനും പ്ലസ് ടുവിനും തമിഴ്നാട്ടിൽ രണ്ടാം റാങ്കുകാരനായിരുന്നു. അക്കൗണ്ടിങ് പഠിക്കാൻ യു.കെയിൽ വിടാനായിരുന്നു ആലോചന. ഒരുക്കങ്ങളെല്ലാം ചെയ്തതുമാണ്. എന്നാൽ, സഹോദരൻ എൽവിസിന് ഫ്രാൻസിൽ പ്രവേശനം ലഭിച്ചതിനാൽ നേവിസിനെയും അങ്ങോട്ടുവിട്ടു. ഒരു വർഷം അവിെട പഠിച്ചു. കോവിഡ് ആയതോടെയാണ് നാട്ടിലേക്കു വന്നത്. വായനയാണ് നേവിസിെൻറ പ്രധാന ഹോബി. എത്ര സമയം വേണമെങ്കിലും വായനക്കായി ചെലവഴിക്കുമായിരുന്നു. ഫേസ്ബുക്കിൽ അക്കൗണ്ടുണ്ടായിരുന്നെങ്കിലും സജീവമായിരുന്നില്ല.
ജീവനേകിയത് ഏഴുപേർക്ക്
ജീവനെടുക്കാനല്ലാതെ ജീവൻകൊടുക്കാൻ മനുഷ്യന് കഴിയുന്ന ഏക സന്ദർഭമാണ് അവയവദാനം. മണ്ണിൽ ചേർന്ന് ആർക്കും ഉപകാരമില്ലാതെ പോവുന്ന ജീവനെ ആവശ്യമുള്ളവർക്കായി പങ്കുവെക്കുക. അതു കാത്ത് കഴിയുന്ന നിരവധി ജീവിതങ്ങളുണ്ടെന്നറിയുേമ്പാഴാണ് അവയവദാനത്തിന്റെ അമൂല്യത വെളിപ്പെടുക. ഏഴുപേരിൽ തെൻറ പ്രാണൻ ബാക്കിവെച്ചാണ് നേവിസ് മടങ്ങിയത്. നിലമ്പൂർ വഴിക്കാട് സ്വദേശി വിനോദ് ജോസഫാണ് കരൾ സ്വീകരിച്ചത്. ആലുവ രാജഗിരി ആശുപത്രിയിൽ ഗുരുതര കരൾരോഗം ബാധിച്ച് ചികിത്സയിലായിരുന്നു വിനോദ്. കരൾ മാറ്റിെവക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മൃതസഞ്ജീവനിയിൽ േപര് രജിസ്റ്റർചെയ്തിരുന്നെങ്കിലും അനുയോജ്യരായ കരൾദാതാവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ ജീവിതം അവസാനിച്ചെന്നു കരുതി നിരാശയിലായിരുന്നു.
കർണാടക ബെല്ലാരി സ്വദേശിയായ 34കാരൻ ബസവണ്ണയാണ് നേവിസിെൻറ കൈകളുടെ ഇപ്പോഴത്തെ ഉടമ. 10 വർഷമായി രണ്ടു കൈകളുമില്ലാതെ കഴിഞ്ഞിരുന്ന ബസവണ്ണക്ക് ഇത് പുതുജീവിതമാണ്. റൈസ്മില്ലിൽ ബോയിലർ ഓപേററ്ററായിരുന്ന ബസവണ്ണക്ക് ജോലിസ്ഥലത്തുവെച്ച് വൈദ്യുതാഘാതമേറ്റതിനാൽ കൈകൾ മുറിച്ചുമാറ്റേണ്ടിവന്നു. എറണാകുളം അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലാണ് കൈകൾ തുന്നിച്ചേർത്തത്. സാധാരണ കൈകൾ ഇത്തരത്തിൽ മാറ്റിവെക്കുന്നത് അപൂർവമാണ്. അമൃതയിലെ ഒമ്പതാമത്തെ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു അത്. കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിൽ കണ്ണൂർ സ്വദേശിയായ 59കാരനിലാണ് ഹൃദയം ചേർത്തുവെച്ചത്. വൃക്കകൾ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. നേത്രപടലങ്ങൾ അങ്കമാലി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നൽകി.
സാന്ത്വനിപ്പിച്ചവർക്ക് നന്ദി
മകൻ ജീവിതം നൽകിയവരെ കാണണമെന്നുണ്ട്. മരണാനന്തര ചടങ്ങുകളുടെ തിരക്കിലായതിനാൽ ഒന്നിനും കഴിഞ്ഞില്ല. സങ്കടകാലത്ത് കൂടെ നിന്നവരെ നന്ദിയോടെയേ ഓർക്കാനാകൂ. നേവിസിെൻറ കൂട്ടുകാർ വരാറുണ്ട്. മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും എപ്പോഴും വിളിച്ച് കാര്യങ്ങൾ തിരക്കാറുണ്ട് -സാജൻ പറഞ്ഞു.
തിരുവനന്തപുരം മണ്ണന്തല സ്വദേശിയായ സാജൻ മാത്യു 13 വർഷമായി കോട്ടയത്താണ് താമസം. ദുബൈയിലും മസ്കത്തിലും ഹോസ്പിറ്റൽ ക്ലീനിങ് കരാർ എടുത്ത് ബിസിനസ് നടത്തുകയായിരുന്നു. കുടുംബവും അവിടെയായിരുന്നു. മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് നാട്ടിൽ താമസിക്കാൻ തീരുമാനിച്ചത്. ബന്ധുക്കളെല്ലാം തിരുവനന്തപുരത്താണ്. ഭാര്യയും ബിസിനസിൽ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.