കടലറിവുകൾക്ക് ശാസ്ത്രബലം തേടി മുട്ടം അബ്ദുല്ല
text_fieldsഉപ്പള: കടലിന്റെ രക്ഷക്ക് കടലോളം നാട്ടറിവുകളുണ്ട് മുട്ടം അബ്ദുല്ലക്ക്. എന്നാൽ, കടലാസിൽ കുറിച്ച ആ അറിവുകൾക്ക് ശാസ്ത്രത്തിന്റെ പിന്തുണ തേടിയിറങ്ങിയെങ്കിലും കരയടുത്തില്ല. കടലിൽ മത്സ്യസമ്പത്ത് വർധിപ്പിക്കാനും കടലാക്രമണം തടയാനുമുള്ള നാട്ടുപതിവുകൾ മത്സ്യത്തൊഴിലാളിയായ അബ്ദുല്ല നിവേദനമായി സർക്കാറിന് സമർപിച്ചിരുന്നു.
സമുദ്ര ശാസ്ത്രത്തിൽ നാട്ടുവഴക്കങ്ങളുടെ അറിവുകളാണുള്ളത്. നിവേദനങ്ങളിൽ പറയുന്ന കാര്യങ്ങൾക്ക് ശാസ്ത്രത്തിന്റെ അടിത്തറയില്ലെന്നാണ് ലഭിച്ച മറുപടി. അവസാനം പൈവളിഗെയിൽ നടന്ന നവകേരള സദസ്സിൽ ഏറെ പ്രതീക്ഷയോടെ അദ്ദേഹം മുഖ്യമന്ത്രിക്ക് തന്റെ ആശയം സമർപ്പിച്ചു. തനിക്ക് പല പ്രാവശ്യം മറുപടി തന്ന അതേ ഉദ്യോഗസ്ഥൻ തന്നെ നവകേരള സദസ്സിലേക്ക് നൽകിയ നിവേദനത്തിനും മറുപടി നൽകിയപ്പോൾ സത്യത്തിൽ അബ്ദുല്ല ഞെട്ടിപ്പോയി.
പുഴകളിൽ പച്ചിലയും ഉൾനാടുകളിൽ സുലഭമായി ലഭിക്കുന്ന ഉണങ്ങിയ പുല്ലും നിക്ഷേപിച്ചാൽ അവ ചീഞ്ഞളിഞ്ഞ് ചേർന്ന ജലം കടലിലെത്തിയാൽ മത്സ്യങ്ങൾക്ക് പ്രിയപ്പെട്ട ആഹാരമാണ്. വ്യാപകമായ തോതിൽ ചപ്പുചവറുകൾ പുഴകളിൽ നിക്ഷേപിച്ചാൽ കേരളതീരത്ത് മത്സ്യസമ്പത്ത് വർധിക്കും എന്നീ അനുഭവ ജ്ഞാനമാണ് അദ്ദേഹത്തിന്റെ ആശയം. കടലാക്രമണം നിയന്ത്രിക്കാനും ഇത് ഉപകരിക്കുമെന്ന് അബ്ദുല്ല പറയുന്നു. ഇത് ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ സ്ഥാപിച്ചെടുക്കാം. മുട്ടത്തെ മത്സ്യത്തൊഴിലാളിയായ തനിക്ക് അതിനെങ്ങനെ കഴിയും എന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു കാര്യം ഉറപ്പ്. തന്റെ ആശയം ശരിയാണോയെന്ന് അന്വേഷിച്ചാൽ ശാസ്ത്രം ചതിക്കില്ല.
ഫിഷറീസ് വകുപ്പും സമുദ്രശാസ്ത്ര ഗവേഷകരുമാണ് അതിന് മുതിരേണ്ടത്. മംഗളൂരു ഫിഷറീസ് കോളജിൽ നടന്ന സെമിനാറിലും അദ്ദേഹം തിയറി അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂഷൻ ഗവേഷകർ തന്നെ വന്നു കണ്ടതാണ് അദ്ദേഹത്തിന് ലഭിച്ച ഏക ആശ്വാസം.തന്റെ ആശയം പ്രാവർത്തികമാക്കാൻ കർമസമിതി രുപവത്കരിക്കാൻ പോവുകയാണ് മുട്ടം അബ്ദുല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.