ഷട്ടിൽ കോർട്ടിൽ തക്കാളി കൃഷി; നൂറുമേനിയുമായി യുവ ബിസിനസുകാരൻ
text_fieldsകാക്കനാട്: ബിസിനസ് തിരക്കുകൾക്കിടയിലും ജൈവകൃഷിക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് കാക്കനാട് സ്വദേശി നൗഫൽ മുബാറക്ക്. ഇക്കുറി തക്കാളി കൃഷി പരീക്ഷിച്ചാണ് നൂറുമേനി വിളവുണ്ടാക്കിയത്. തൃക്കാക്കര വള്ളത്തോൾ ജങ്ഷനിലെ ഷട്ടിൽ കോർട്ടിലാണ് കൃഷി ഒരുക്കിയത്. മാർക്കറ്റിൽനിന്ന് കിട്ടുന്ന പച്ചക്കറികളിൽ ഏറ്റവും അധികം കീടനാശിനി അടങ്ങിയ ഒന്നാണ് തക്കാളി എന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറികൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്. തക്കാളിക്ക് പുറമെ കബേജ്, കോളിഫ്ലവർ, ചീര, വെണ്ട, പയർ, പീച്ചിങ്ങ, കുക്കുംബർ, വഴുതന എന്നീ പച്ചക്കറികളും നൗഫൽ മുബാറക്കിന്റെ തോട്ടത്തിലുണ്ട്. പ്രത്യേക ബാഗുകളിലാക്കി നടുന്ന തക്കാളി 90 ദിവസങ്ങൾ കൊണ്ട് വിളവെടുക്കും.
കുറച്ച് വർഷങ്ങളായി കാക്കനാട്, പള്ളിക്കര മേഖലകളിൽ വിവിധ ഇടങ്ങളിൽ സ്ഥലം വാടകക്ക് എടുത്ത് കൃഷി ചെയ്തുവരികയായിരുന്നു നൗഫൽ. ഇതിനിടെ ബന്ധു ഗോഡൗണിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഉപയോഗിക്കാതെ കിടന്ന ഷട്ടിൽ കോർട്ട് ഉപയോഗപ്പെടുത്തി. കാരറ്റ്, ബീറ്റ്റൂട്ട് കൃഷി വിളവെടുപ്പ് നേരത്തെ നടത്തിയിരുന്നു. വരുംനാളുകളിൽ മല്ലിയില കൃഷി ചെയ്യണമെന്നാണ് ആഗ്രഹമെന്ന് നൗഫൽ മുബാറക്ക് പറഞ്ഞു.
ഞായറാഴ്ചകളിൽ രാവിലെ എട്ട് മുതൽ 11 വരെ പ്രവർത്തിക്കുന്ന കാക്കനാട് എല്‍.പി സ്കൂളിലെ കര്‍ഷകരുടെ നാട്ടുചന്തയിൽ നൗഫലിന്റെ കൃഷിയിടത്തിലെ പച്ചക്കറികൾ വിൽപ്പനക്കുണ്ടാകും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ നേരിട്ട് വില്പന നടത്തുന്ന ഇടമാണിത്. ഒമ്പത് കർഷകരും 50 ഉപഭോക്താക്കളുമായി എട്ട് വർഷം മുമ്പ് തുടങ്ങിയ നാട്ടുചന്തയിൽ ഇപ്പോൾ 35 കർഷകരും രണ്ടായിരത്തോളം ഉപഭോക്താക്കളും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.