ദിനചിത്രങ്ങളുടെ ജയചന്ദ്രന്; ഇതുവരെ 700 ചിത്രം പൂർത്തിയാക്കി
text_fieldsമലപ്പുറം: ചിത്രകലാരംഗത്ത് വേറിട്ടൊരു അധ്യായം തീര്‍ത്തിരിക്കുകയാണ് തിരൂര്‍ സ്വദേശി ജയചന്ദ്രന് പുല്ലൂര്‍. ദിവസവും ഒരുചിത്രം എന്ന കണക്കില്‍ മുടങ്ങാതെ 700 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രകലയില്‍ തന്റെ ജൈത്രയാത്ര തുടരുകയാണ് ഇദ്ദേഹം.
‘ചിത്രവര്ഷം’ എന്ന പേരിലാണ് ഒരുദിവസവും മുടങ്ങാതെയുള്ള ഈ ചിത്രംവര. 2023 ജനുവരി ഒന്നുമുതല്‍ വരക്കാന്‍ ആരംഭിച്ചതാണ്. ദിവസവും ഒരുചിത്രം വരച്ച് ഫേസ്ബുക്കില്‍ പ്രദര്‍ശിപ്പിക്കും. ഓരോ ദിവസവം രാത്രി 12ന് മുമ്പ് ഒരു ചിത്രം വരച്ചുതീര്ക്കുകയാണ് പതിവ്. മിക്ക ചിത്രങ്ങളും ജലച്ചായത്തിലാണ് വരച്ചിരിക്കുന്നത്. 2023 ജനുവരി ഒന്നിന് ആരംഭിച്ച ‘ചിത്രവര്ഷം’ 2024 അവസാനത്തിലും തുടരുകയാണ്.
പഠനകാലത്ത് വരക്കുമായിരുന്നെങ്കിലും ഇടക്കുവെച്ച് നീണ്ടകാലം വരയില്‍നിന്നും മാറിനിൽക്കേണ്ടിവന്നു. ഒരു പതിറ്റാണ്ടിലേറെകാലമായി ചിത്രകലാ രംഗത്ത് സജീവമാണ്. ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ആര്‍ട്ടിസം എന്ന കൂട്ടായ്മയ്ക്കും ജയചന്ദ്രന് പുല്ലൂര്‍ നതൃത്വം നൽകുന്നുണ്ട്.
ആര്ട്ടിസത്തിന്റെ കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ചിത്രകാരന്മാര്ക്ക് ഔട്ട്ഡോര്‍ ക്യാമ്പുകള്‍, പഠന ക്ലാസുകള്‍, കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ചിത്ര വര്‍ഷത്തിന്റെ ഭാഗമായി വരച്ച ചിത്രങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. ഈ ചിത്രങ്ങള്‍ കൊണ്ടുള്ള ഒരു പ്രദര്‍ശനം നടത്താനാണ് ആഗ്രഹം. പറങ്ങോടന്-അമ്മുണ്ണി ദമ്പതികളുടെ ഇളയ മകനാണ്. സുജിതയാണ് ഭാര്യ. മകള്‍: ശ്രീനന്ദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.