ഒരു രൂപകൊണ്ട് ഉഗ്രൻ ‘നമ്പറുകളൊരുക്കി’ അധ്യാപകൻ
text_fieldsചേർത്തല: ദിവസവും നോട്ടുകൾ ക്രയവിക്രയം നടത്തുന്നവരാണ് നമ്മൾ. ഇതിലെ പ്രത്യേകതകൾ ഒന്നും നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ, ഇ.എം.എസിന്റെ ജന്മദിനം എന്നാണെന്ന് ചോദിച്ചാൽ അധ്യാപകനായ അരവിന്ദ് കുമാർ ഒരു രൂപയുടെ നോട്ട് നമുക്ക് നേരെ നീട്ടും. നോട്ടിന്റെ നമ്പർ വായിക്കാൻ പറയും. വായിക്കുമ്പോൾ നമ്മൾ അത്ഭുതപ്പെടും. അതിലെ നമ്പർ ഇ.എം.എസിന്റെ ജന്മദിനവും വർഷവും സൂചിപ്പിക്കുന്ന 13-06-09 എന്നതാകും. ഇങ്ങനെ മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം ഒട്ടേറെ നേതാക്കളുടെ ജന്മദിനം നമ്പറായിവരുന്ന നോട്ടുകളുടെ ശേഖരമാണ് ചേർത്തല ടൗൺ എൽ.പി.എസിലെ അധ്യാപകൻ നഗരസഭ 34ാം വാർഡിൽ പ്രഥമേഷ് മന്ദിറിലെ അരവിന്ദ് കുമാറിന്റെ പക്കലുള്ളത്.
സംസ്ഥാനത്തെ 140 നിയമസഭ സാമാജികരുടെ ജന്മദിനവും വാർഷികവും സൂചിപ്പിക്കുന്ന നമ്പറുള്ള ഒറ്റരൂപ നോട്ടുകൾ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. നോട്ടും അതിലെ നമ്പർ സൂചിപ്പിക്കുന്നത് ആരുടെ ജന്മദിനമെന്ന് വിവരിക്കുന്ന കുറിപ്പുകളും ചേർത്ത് പുതുതലമുറക്ക് അറിവ് പകരുകയാണ് അർവിന്ദ് കുമാർ.
സ്വാതന്ത്ര്യസമരത്തിലെ പ്രധാന സംഭവങ്ങൾ, ശാസ്ത്രകണ്ടുപിടിത്തം നടന്നവർഷം, പുന്നപ്ര-വയലാർ സമരം, ചാന്ദ്രയാൻ തുടങ്ങിയവയുടെയെല്ലാം തീയതിയും വർഷവും നമ്പറായുള്ള നോട്ടുകൾ അർവിന്ദിന്റെ ശേഖരത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ11-09-50 മുതൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനമായ 24-05-45വരെ നമ്പറായുള്ള ഒറ്റരൂപ നോട്ടുകളുണ്ട്. കൂടാതെ എല്ലാ മന്ത്രിമാരുടെയും ജന്മദിനവും വർഷവും ദിവസം വരെയും കേരളത്തിലെ ആദ്യമന്ത്രിസഭ രൂപം കൊണ്ട ദിവസമായ 05-04-57ഉം ഒരു രൂപയുടെ നമ്പറിൽ അർവിന്ദ് ക്രമപ്പെടുത്തിയിട്ടുണ്ട്.
മറ്റത്തിൽ ഭാഗം ഹൈസ്കൂളിലെ മുൻ പ്രഥമാധ്യാപകൻ അശോക് കുമാറാണ് നോട്ട് ശേഖരണത്തിന് പ്രചോദനമായത്. 17ാം വയസ്സ് മുതൽ നോട്ടുകൾ ശേഖരിച്ച് തുടങ്ങി. കേരളത്തിന് പുറമെ ഡൽഹി, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമാണ് നോട്ടുകൾ ശേഖരിച്ചത്. ഇപ്പോൾ ഒരു ലക്ഷത്തിലേറെ രൂപയുടെ ഒരു രൂപ നോട്ടുകൾ അർവിന്ദ് കുമാറിന്റെ പക്കലുണ്ട്.
നോട്ട് ശേഖരണത്തിനൊപ്പം സ്റ്റാമ്പുകളുടെ വിപുലമായ ശേഖരണവും അരവിന്ദിനുണ്ട്. ഗാന്ധിജിയെക്കുറിച്ചുള്ള സ്റ്റാമ്പുകളാണ് ഏറെയും. വിവിധ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരുടെയും ചരിത്രദിവസങ്ങളിലെയും സ്റ്റാമ്പുകളുടെ അമൂല്യശേഖരവും ഇദ്ദേഹത്തിനുണ്ട്. 2013 മുതൽ 2019 വരെ തുടർച്ചയായി ലിംക റെക്കോഡ്സിലും ഇടം നേടി. കുട്ടിക്കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇടക്കുവെച്ച് പഠനം നിർത്തേണ്ടി വന്ന അർവിന്ദ് എൽ.ഐ.സി എജന്റായി പ്രവർത്തിച്ചു. പിന്നീട് ഓൺലൈൻ വിദ്യാഭ്യാസം വഴി ബിരുദത്തിന് റാങ്ക് നേടി. കുറേക്കാലം സ്വകാര്യ കമ്പനികളിൽ പ്രവർത്തിച്ചു.
ഇപ്പോൾ ചേർത്തല ടൗൺ എൽ.പി സ്കൂളിൽ അധ്യാപകനാണ്. കറൻസി-നാണയ ശേഖരം കൂടാതെ സ്റ്റാമ്പും തീപ്പട്ടിക്കവറുകളുടെയും വൻശേഖരമാണ് വീട്ടിലുള്ളത്. ഞായറാഴ്ച ഉച്ചയോടെ ഇവ കാണാൻ മന്ത്രി പി. പ്രസാദ് അർവിന്ദിന്റെ വീട്ടിൽ എത്തിയിരുന്നു. ഒരു മണിക്കൂറോളം എല്ലാം നേരിട്ട് കണ്ട് പ്രോത്സാഹിച്ചാണ് മന്ത്രി മടങ്ങിയത്. തിരുനല്ലൂർ സ്കൂളിൽ അധ്യാപികയായ ജ്യോതിലക്ഷ്മിയാണ് ഭാര്യ. ഏകമകൾ സിദ്ധി ടൗൺ എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.