അമ്മയറിയാൻ, ഐലൻ ഇറ്റലിയിൽ ഹാപ്പിയാണ്...
text_fieldsഐലൻ ഒമറിനെ ഓർമയില്ലേ. അനാഥത്വത്തിലേക്ക് പിറന്നുവീണ കുരുന്ന്. സാമൂഹിക കാരണങ്ങളാൽ വളർത്താൻ സാധിക്കാത്തതിനാൽ പേറ്റുനോവ് മാറും മുമ്പെ അമ്മയുടെ മാറിൽനിന്ന് പറിച്ചെടുത്ത ജീവൻ. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയോട് കാണിച്ച ക്രൂരതയുടെ ഫലമായായിരുന്നു അവെൻറ പിറവി. ഐലന് ഇപ്പോൾ മൂന്ന് വയസ്സായി. ഇറ്റാലിയൻ ദമ്പതികളുടെ ദത്തുപുത്രനായി ലോകത്തിെൻറയൊരു കോണിൽ കുസൃതിയും കുറുമ്പും കാട്ടി അവൻ വളരുകയാണ്. കഴിഞ്ഞയാഴ്ച ഐലെൻറ മൂന്നാം പിറന്നാൾ കെേങ്കമമായി അവർ ആഘോഷിച്ചു. കേക്ക് മുറിച്ചും പുറത്തുകൊണ്ടുപോയി കൂടെ ഓടിക്കളിച്ചും ഫോട്ടോയെടുത്തും കുഞ്ഞിനെ സന്തോഷിപ്പിച്ചു.
ഐലെൻറ കഥ ഇങ്ങനെ: മലപ്പുറം ജില്ലയിലെ ഒരു ഗ്രാമത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന 30കാരി ലൈംഗിക അതിക്രമത്തിന് ഇരയായി ഗർഭിണിയായത് 2017 ജൂലൈയിലാണ് ചൈൽഡ് ലൈൻ പ്രവർത്തകർ അറിഞ്ഞത്. ഉടൻ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിച്ച് നിയമ നടപടികളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്തു. സെപ്റ്റംബർ 16ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. മൂന്നുദിവസത്തിന് ശേഷം കുഞ്ഞിനെ മലപ്പുറത്തേക്ക് കൊണ്ടുവരുകയും അമ്മയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു.
യൂറോപ്പിലേക്കുള്ള പലായനത്തിനിടെ ബോട്ട് തകർന്ന് ജീവൻ പൊലിഞ്ഞ് കരക്കടിഞ്ഞ സിറിയൻ ബാലൻ ഐലൻ (അലൻ) കുർദിയുടെ ഓർമക്കായി മലപ്പുറം ചൈൽഡ് ലൈൻ പ്രവർത്തകനാണ് ഐലൻ ഒമർ എന്ന് പേരിട്ടത്. പിറന്നതിെൻറ ആറാംനാൾ നടപടികൾ പൂർത്തിയാക്കി യുവത കള്‍ച്ചറല്‍ ഓര്ഗനൈസേഷന് കീഴിൽ രണ്ടത്താണി പൂവൻചിനയിൽ പ്രവർത്തിക്കുന്ന ശാന്തിഭവന് കൈമാറി.
ഒരു വർഷവും നാല് മാസവും ഇവിടെ കഴിഞ്ഞ കുഞ്ഞിനെ 2019 ജനുവരിയിലാണ് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയത്തിെൻറ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റി മുഖേന, മക്കളില്ലാത്ത ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തത്. ഫെബ്രുവരി രണ്ടിന് കുഞ്ഞുമായി അവർ ഇറ്റലിയിലേക്ക് പോയി. സ്കൂൾ അധ്യാപികയുടെയും സ്വകാര്യ കമ്പനി ജീവനക്കാരെൻറയും മകനായി അവൻ ഐലനായിത്തന്നെ ഓരോ സെപ്റ്റംബർ 16നും ജന്മദിനം ആഘോഷിക്കുന്നു. പിറന്ന നാട്ടിലേക്ക് കുഞ്ഞിെൻറ വിശേഷങ്ങൾ ഇടക്കിടെ കൈമാറാൻ ദമ്പതികൾ മറക്കാറില്ല.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.