തിരുനക്കര നടയിൽ വീണ്ടും പാലാ കെ.ആര്. മണി
text_fieldsകോട്ടയം: തിരുനക്കര നടയിൽ 35ാം വര്‍ഷവും ഓട്ടന്‍തുള്ളലുമായി പാലാ കെ.ആര്. മണി. തിരുനക്കര ക്ഷേത്രത്തിലെ അഞ്ചാം ഉത്സവത്തോട് അനുബന്ധിച്ചാണ് അയ്യപ്പചരിതം കഥ മണി അവതരിപ്പിച്ചത്. പിന്നണിയില്‍ മണിയുടെ മകനും തുള്ളല്‍ കലാകാരനുമായ യശ്വന്ത് നാരായണനുമുണ്ടായിരുന്നു.
വര്‍ഷങ്ങളായി തിരുനക്കര ഉത്സവത്തിന് മണിയുടെ ഓട്ടന്‍, പറയന്, ശീതങ്കന്‍ തുള്ളലുകളുണ്ട്. പതിവു കഥകളില്‍നിന്ന് മാറി പാരമ്പര്യ, പുരാണകഥകള്‍ തുള്ളല്‍ വേദികളില്‍ അവതരിപ്പിച്ചാണ് പാലാ കെ.ആര്. മണി ഇതിനോടകം കേരളത്തിലെ തുള്ളല്‍ വേദികളില്‍ ശ്രദ്ധേയനായത്. പ്രശസ്ത തുള്ളല്‍ കലാകാരനായിരുന്ന പാലാ പോണാട് കെ.ആര്. രാമന്‍കുട്ടിയുടെ മകനാണ്. കേരള കലാമണ്ഡലത്തില്‍ തുള്ളലില്‍ ഉപരിപഠനം നടത്തിയ മണി കഴിഞ്ഞ നാലു ദശാബ്ദത്തിലേറെയായി കേരളത്തിനകത്തും പുറത്തും പ്രമുഖ ക്ഷേത്ര ഉത്സവങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചുവരുന്നു.
കടപ്പാട്ടൂര്‍ ശ്രീമഹാദേവ ചരിതം, ശ്രീനാരായണ ഗുരുദേവ ചരിതം എന്നീ തുള്ളല്‍ കഥകള്‍ സ്വന്തമായി രചിക്കുകയും ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹിക വിഷയങ്ങളും തുള്ളല്‍ കഥകളാക്കി പൊതുവേദികളില്‍ അവതരിപ്പിക്കാറുണ്ട്. അംഗീകാരമായി ശ്രേഷ്ഠ പുരസ്കാരം, കേരള കലാമണ്ഡലത്തിന്റെ ഗുരുദക്ഷിണ പുരസ്കാരം, കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.