Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപങ്കജ് ഉധാസ്; ആ ഗസലുകൾ...

പങ്കജ് ഉധാസ്; ആ ഗസലുകൾ ഞങ്ങൾ മൂളിക്കൊണ്ടേയിരിക്കും

text_fields
bookmark_border
പങ്കജ് ഉധാസ്; ആ ഗസലുകൾ ഞങ്ങൾ മൂളിക്കൊണ്ടേയിരിക്കും
cancel
ഉർദു കവിതകളെ വേറിട്ട ശൈലിയിലൂടെ ആലപിച്ച് ഗസലിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന ഗസൽ മാന്ത്രികനായിരുന്നു പങ്കജ് ഉധാസ്

‘‘ദുഃഖ് സുഖ് ഥാ ഏക് സബ്കാ

അപ്‌നാ ഹോ യ ബാഗാന

ഏക് വോ ഭി ഥാ സമാനാ

ഏക് യെ ഭി ഹേ സമാനാ”...

ദാദ ഹേ ആതേ ദി ജബ്

മിട്ടി ക ഏക് ഘർ താ

ചോരോ കാ കോയി ഗട്ക...’’

പങ്കജ് ഉധാസ് പാടുകയാണ്. ‘സുഖ ദുഃഖങ്ങൾ ഒന്നിച്ച് പങ്കിട്ടൊരു കാലമുണ്ടായിരുന്നു. അവ നമുക്കാവാം അല്ലെങ്കിൽ മറ്റുള്ളവർക്കാകാം. മുത്തച്ഛന്റെ കാലത്ത് നമ്മൾ ജീവിച്ചിരുന്നത് മൺകട്ടകൾകൊണ്ടുണ്ടാക്കിയ വീടുകളിലായിരുന്നു. പ​േക്ഷ, അന്ന് കള്ളന്മാരില്ലായിരുന്നു. ഭീഷണികളില്ലായിരുന്നു, കുറ്റകൃത്യങ്ങളില്ലായിരുന്നു, ഉള്ളതു ഭക്ഷിച്ചു സുഖമായി ഉറങ്ങാമായിരുന്നു. അന്നത്തെ സന്ധ്യകൾ ആഘോഷപൂർണമായിരുന്നു.

എല്ലാവരും സന്തുഷ്ടരായിരുന്നു. ദുഃഖങ്ങളില്ല. പാഷാണം പറച്ചിലില്ല, പ്രതികാര ചിന്തകളില്ല. എല്ലാവരും നിഷ്കളങ്കരും പരസ്പര സ്നേഹമുള്ളവരുമായിരുന്നു. എത്ര പെട്ടെന്നാണ് ലോകത്തുനിന്നും ഇതൊക്കെ അപ്രത്യക്ഷമാവുന്നത്’ സദസ്സിൽ നിന്നിറങ്ങി മനസ്സുകളിൽ കൂടുകൂട്ടി അദ്ദേഹമങ്ങനെ പാടിക്കൊണ്ടേയിരിക്കുന്നു. കണ്ണടച്ച് അതിലേക്ക് മുഴുകുമ്പോൾ കുറച്ചു നേരത്തേക്കെങ്കിലും അദ്ദേഹത്തിന്റെ കൈപിടിച്ച് തിരക്കില്ലാത്ത പഴയ ലോകത്തിന്റെ ഓരത്തെവിടെയോ നമ്മളും എത്തിപ്പോകുന്നു.

ഉർദു കവിതകളെ വേറിട്ട ശൈലിയിലൂടെ ആലപിച്ച് ഗസലിലൂടെ കൈപിടിച്ച് കൊണ്ടുപോകുന്ന ഗസൽ മാന്ത്രികനായിരുന്നു പങ്കജ് ഉധാസ്. ഒരു കാലത്ത് കൊട്ടാരങ്ങളിലും മന്ദിരങ്ങളിലും ഒതുങ്ങിനിന്ന ഗസലുകൾ കൂടുതൽ ജനപ്രിയമാവുന്നത് അദ്ദേഹം സിനിമയിൽ ഗസലുകൾ ആലപിച്ചു തുടങ്ങിയതോടെയാണ്, അതാണ് പങ്കജ് ഉധാസിനെ വ്യത്യസ്തനാക്കുന്നതും. എൺപതുകളുടെ മധ്യത്തിൽ, കൗമാരക്കാലത്താണ് പങ്കജ് ഉധാസിനെ കേട്ട് തുടങ്ങുന്നത്.

അന്ന് അദ്ദേഹത്തിന്റെ നാല് ആൽബങ്ങൾ പുറത്തിറങ്ങിയിട്ടേയുള്ളൂ. ‘ആഹത്’ (1980), ‘മുകറർ’ (1981) ‘തരന്നും’ (1982) ‘നയാബ്’ (1985). ചിലപ്പോൾ പതിഞ്ഞും മറ്റു ചിലപ്പോൾ ഉച്ചത്തിലും ശാന്തമായുള്ള അദ്ദേഹത്തിന്റെ ആലാപന രീതി കേട്ടവരാരും മറക്കില്ല. കുറച്ചു വർഷങ്ങൾക്കുശേഷം, 1989 ജൂലൈ മാസം പ്രവാസിയായി ദുബൈയിലെത്തുമ്പോൾ അവിടെ ‘ചിട്ടി ആയി ഹേ വതൻ സെ’ എന്ന ഗസലായിരുന്നു സകല പ്രവാസികളുടെയും ചുണ്ടിൽ. 1986ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ഹിന്ദി ചിത്രത്തിലേതായിരുന്നു പങ്കജ് ഉധാസിനെ ജനപ്രിയനാക്കിയ ഈ ഗസൽ.

പ്രണയവും വിഷാദവും വിരഹവും ജീവിതവും ലഹരിയുമെല്ലാം അദ്ദേഹത്തിന്റെ ഗസലുകളിൽ ഏറിയും കുറഞ്ഞും കാണാം. പ്രണയിച്ചു തുടങ്ങുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും അദ്ദേഹത്തിന്റെ ഗസലുകൾ മൂളിനടക്കുമ്പോൾ കിട്ടിയിരുന്ന ആനന്ദം ചെറുതായിരുന്നില്ലെന്ന് അക്കാലത്തെ കോളജ് കാമ്പസുകൾ സാക്ഷ്യപ്പെടുത്തുന്നു.

തൂവെള്ള ഷെർവാണിയണിഞ്ഞ് നിഷ്കളങ്ക ഭാവത്തോടെ ആയിരങ്ങൾക്കു മുന്നിൽ പാടുന്ന പങ്കജ് ഉധാസിനെ ഒരുപാട് തവണ ദുബൈയിലെ സ്റ്റേജുകളിൽ കണ്ടിട്ടുണ്ട്. രണ്ടോ മൂന്നോ തവണ കുറഞ്ഞനേരം അദ്ദേഹവുമായി സംസാരിച്ചിരിക്കാനും അവസരം കിട്ടിയിട്ടുണ്ട്. ഗസലുകളുടെ നിബന്ധനകൾ പാലിക്കുമ്പോൾതന്നെ അത് ജനകീയമാക്കണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. മറ്റു പല ഗസൽ ഗായകരും ഇതിൽ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നുതാനും.

പാട്ടും കവിതയും ലഹരിയും പ്രണയവുമൊക്കെ ഇടകലർന്നതായിരുന്നു അദ്ദേഹത്തിന്റെ ഗസലുകൾ. ‘നയാബി’ലെ ‘പത്തർ കഹാ ഗയാ കഭീ, ശീശാ കഹാം ഗയാ. ക്യാ ക്യാ കഹാ ഗയാ’ എന്ന ഗസൽ ഒന്ന് മൂളാത്തവർ വിരളമായിരിക്കും. ഏതു രീതിയിലും വ്യാഖ്യാനിക്കാനാവുന്നതാണീ വരികൾ.

ആർദ്രതയും നോവും ചേർന്നതാണ് പങ്കജിന്റെ ആലാപനരീതിയുടെ പ്രധാന സവിശേഷത. ‘ഏക് തറഫ് ഉസ്‌കാ ഘർ’, ‘തോഡീ ദുർ സാഥ് ചലോ’ എന്നീ ഗസലുകളിൽ ആ വികാരങ്ങൾ മുറ്റിനിൽക്കുന്നത് കാണാം. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ‘നികലോന ബി നിക്കാബ് സമാന ഖറാബ് ഹേ’ എന്ന ഗസലിലും ഇതേ അനുഭൂതി നിറഞ്ഞുനിൽക്കുന്നു. ‘സാജനി’ലെ ‘ജിയെ തോ ജിയെ കൈസേ’ കാമുക ഹൃദയങ്ങളെ തൊട്ടു തലോടിപ്പോകുമ്പോൾ ‘ബാസിഗറി’ലെ ‘ചുപാന ഭി നഹി ആതാ’ കേൾവിക്കാരന്റെ ഉള്ളിലുണ്ടാക്കുന്ന അനുഭവം വിവരണാതീതമാണ്. ‘ഓർ ആഹിസ്ത’യും ‘ചാന്ദീ ജേസെ രംഗ് ഹെ തേരായും’ കേൾക്കുമ്പോൾ ആർക്കുമൊന്ന് പ്രണയിക്കാൻ തോന്നിപ്പോകും. ‘മൊഹ്‌റ’യിലെ ‘ന ക്ജരെ കി ഥാർ... ന മോത്തിയോൻ ക ഹാർ’ കേട്ടുനോക്കൂ, പങ്കജിന്റെ ആർദ്രമായ ശബ്ദത്തിലൂടെ എത്ര മനോഹരമായ വരികളാണ് ഉതിർന്നുവീഴുന്നത്. ഏതൊരു കാമുകിയാണ് ആ വരികളിൽ വീണുപോകാതിരിക്കുക?

സദസ്സുമായി തുറന്ന് സംവദിക്കാൻ കഴിവുള്ള മാന്ത്രികനായിരുന്നു പങ്കജ്. ഒരിക്കൽ പാടിക്കൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു. ഇനി ഞാനൊരു ഗസൽ ആലപിക്കും. വീട്ടിൽ ഭാര്യയുമായി വഴക്കുണ്ടായാൽ പിന്നെ അവൾക്കായി ഈ ഗസൽ ഒന്ന് ആലപിക്കുക. തീർച്ചയായും അവൾ നിങ്ങളെ സ്നേഹിച്ചു തുടങ്ങും. തുടർന്നദ്ദേഹം പാടിയത് ‘ചാന്ദീ ജേസെ രംഗ് ഹെ തേരാ സോനെ ജൈസേ ബാൽ... ഏക് തൂ ഹി ധൻവാൻ ഗോരി ബാക്കി സബ് കാങ്ങാൽ..’ മലയാളത്തിലാക്കിയാൽ ഭംഗിപോവുമെങ്കിലും, ഏതാണ്ടിങ്ങനെയാണ് അർഥം –‘നിന്റെ മുടിക്ക് സ്വർണ നിറവും മേനിക്ക് വെള്ളിനിറവുമാണ്, നീയാണ് ഏറ്റവും വിലയുള്ളത്...’ ഇതിങ്ങനെ താളത്തിൽ കേൾക്കുമ്പോൾ പിന്നെന്തു പിണക്കം?

എത്രയോ സിനിമകളിൽ പാടിയിട്ടുണ്ട് അദ്ദേഹം. ഒട്ടുമിക്ക പ്രമുഖ ഗായകരും, കിഷോർ കുമാർ മുതൽ കവിത കൃഷ്ണമൂർത്തി വരെ അദ്ദേഹത്തോടൊപ്പം ആലപിച്ചിട്ടുണ്ട്. ഇതിൽ 1994ൽ അൽക്ക യാഗ്നിക്കിനൊപ്പം ആലപിച്ച ‘ദിൽ ജബ സെ ടൂട്ട് ഗയാ...’ ഏറെ ഹിറ്റായ പാട്ടുകളിൽ ഒന്നായിരുന്നു. പാടുക മാത്രമല്ല, ചില സിനിമകളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ‘സാജൻ’, ‘യേഹ് ദില്ലഗി’, ‘നാം’, ‘മൊഹ്‌റ’, ‘ആദ്മി കിലോന ഹേ’, ‘ദയാവാൻ’... ഇങ്ങനെ പോകുന്നു ആ പട്ടിക. നാൽപത്തഞ്ചോളം സംഗീത ആൽബങ്ങളും പുറത്തിറക്കി. ഗസൽ സംഭാവനകളെ മുൻനിർത്തി 2006ൽ അദ്ദേഹത്തിന് പത്മശ്രീയും ലഭിച്ചു.

സംഗീതത്തിൽ തന്റെ റോൾ മോഡലായി അദ്ദേഹം കണ്ടത് അച്ഛനെതന്നെയായിരുന്നു. ലതാ മങ്കേഷ്‌കറിന്റെയും ദേവ് ആനന്ദിന്റെയും മെഹ്ദി ഹസന്റെയും ആരാധകനായിരുന്നു. 1970കളിൽതന്നെ അദ്ദേഹം ഹിന്ദി സിനിമയിൽ പാടിത്തുടങ്ങി (1971ൽ കാമ്‌ന). എന്നാൽ, കിഷോർ കുമാറും മുഹമ്മദ് റാഫിയും കത്തിനിൽക്കുന്ന കാലമായിരുന്നതിനാൽ ബോളിവുഡിൽ വലിയ ചലനം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തിന്റെ മുഴുശ്രദ്ധ ഗസലുകളിലായി. 1980ൽ ആദ്യ ആൽബം ‘ആഹാത്’ പുറത്തിറങ്ങി.

പിന്നാലെ ‘മുഖറർ’, ‘നയാബ്’ എന്നീ ആൽബങ്ങളും. അപ്പോഴേക്കും പങ്കജ് ഉധാസിന്റെ ആലാപനശൈലി പക്വത പ്രാപിച്ചിരുന്നു. മുംബൈയിൽ റിഥം ഹൗസിലെ മികച്ച 10 സംഗീത ചാർട്ട് പ്രദർശിപ്പിച്ചപ്പോഴെക്കെ പങ്കജ് ഉധാസിന്റെ ആൽബങ്ങൾ മറ്റെല്ലാ ഫിലിം ആൽബങ്ങൾക്കും മുകളിലായിരുന്നു. ആ ജൈത്രയാത്രക്കിടയിലാണ് 1986ൽ ‘നാം’ എന്ന ഹിന്ദി സിനിമയിൽ പാടുന്നത്. മഹേഷ് ഭട്ട് ആയിരുന്നു സംവിധായകൻ. ഈ സിനിമ പങ്കജ് ഉധാസിന്റെ വിധി മാത്രമല്ല മാറ്റിമറിച്ചത്, സംവിധായകൻ മഹേഷ് ഭട്ടും അഭിനേതാക്കളായ സഞ്ജയ് ദത്തും ഇതോടെ വലിയരീതിയിൽ ശ്രദ്ധിക്കപ്പെട്ടു.

ഗസലിനെ ജനകീയമാക്കുന്നതിൽ സിനിമാ വ്യവസായത്തിന് വലിയ പങ്കുണ്ടെന്ന് എപ്പോഴും ഉറക്കെ പറഞ്ഞിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കൊട്ടാരങ്ങളിൽ ഒതുങ്ങിനിന്ന ഗസലുകളെ പുറംവേദികളിലേക്ക് കൊണ്ടുവരുന്നതിൽ മുഖ്യപങ്കുവഹിച്ചത് ജഗജിത് സിങ്ങായിരുന്നെങ്കിൽ ഗസലുകളെ സിനിമകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിച്ചത് പങ്കജ് ഉധാസ് ആയിരുന്നു.

ഗുജറാത്തിലെ ജീത്പൂരിൽ കർഷക പ്രമാണി കുടുംബത്തിൽ ജനിച്ച (17 മെയ് 1951) പങ്കജ് ഉധാസിന്റെ സംഗീത ലോകത്തേക്കുള്ള യാത്ര ഒരു വിധിപോലെയായിരുന്നു. ആദ്യകാല സംഗീത സ്മരണകൾ അച്ഛന്റെ തന്ത്രി വാദ്യമായ ദിൽറുബയുടെ ഈണങ്ങളിലാണ്. ഗ്രാമീണ ജീവിതത്തിന്റെ നാടൻ ചാരുതയാൽ ചുറ്റപ്പെട്ട സംഗീതം വെറുമൊരു അഭിനിവേശം മാത്രമല്ല, ഉധാസിനും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്മാരായ മൻഹറിനും നിർമലിനും ഒരുവിളിയായി.

രാജ്‌കോട്ടിലെ സംഗീത അക്കാദമിയിൽ തബല കോഴ്‌സിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ സംഗീത വിധിയുടെ വിത്തുകൾ പാകിയത്. ഗുലാം ഖാദിർ ഖാൻ സാഹബ്, പിന്നീട് മുംബൈയിലെ മാസ്റ്റർ നവരംഗ് നാഗ്പൂർക്കർ തുടങ്ങിയ ഗുരുക്കന്മാരുടെ ശിക്ഷണത്താൽ നയിക്കപ്പെട്ട ഉധാസിന്റെ സംഗീത വൈഭവം ഉർദു ഗസലുകളുടെ കാവ്യാത്മകമായ ആഴങ്ങളിൽ ഇറങ്ങി. മീറിന്റെയും ഒമർ ഖയ്യാമിന്റെയും മിർസ ഗാലിബിന്റെയും വരികൾ ഗസലുകളുടെ മാസ്മരിക ലോകത്തിലേക്ക് ഉധാസിനെ കൈപിടിച്ചു കൊണ്ടുപോയത് ഉർദു പാഠങ്ങളിലൂടെയാണ്.

ബോളിവുഡിന്റെ ആകർഷണം ഉണ്ടായിരുന്നിട്ടും, ഗസലുകളോടുള്ള തന്റെ ഭക്തിയിൽ ഉധാസ് ഉറച്ചുനിന്നു, അവയെ പാട്ടുകളായിട്ടല്ല, മറിച്ച് മനുഷ്യാനുഭവത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരങ്ങളായി വീക്ഷിച്ചു. എന്നിട്ടും, ‘ശറാബ്’ പോലെയുള്ള പ്രമേയങ്ങളെക്കുറിച്ച ഗാനരചനാ പര്യവേക്ഷണം പലപ്പോഴും അദ്ദേഹത്തിന്റെ കവിതയുടെ ആഴത്തെ മറയ്ക്കുന്ന തെറ്റിദ്ധാരണകളിലേക്ക് നയിച്ചത് അദ്ദേഹത്തെ ദുഃഖാകുലനാക്കിയിരുന്നു.

തന്റെ ഗസലുകളുടെ, പ്രത്യേകിച്ച് ‘ശറാബ്’മായി ബന്ധപ്പെട്ടവയുടെ തെറ്റായ വ്യാഖ്യാനത്തെക്കുറിച്ച് പലപ്പോഴും അദ്ദേഹം മാധ്യമങ്ങളോട് വിലപിച്ചിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ‘ശറാബി’ന്റെ സാരാംശം കേവലം ലഹരിക്ക് അതീതമാണ്. ആയിരക്കണക്കിന് ഗസലുകൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. അതിൽ 25 എണ്ണം മാത്രമാണ് ‘ശറാബു’മായി ബന്ധപ്പെട്ടുളത്. ഗതികേടെന്ന് പറയട്ടെ മ്യൂസിക് കമ്പനികൾ മാർക്കറ്റിങ്ങിന് ഉപയോഗിച്ചത് അധികവും ‘ശറാബു’മായി ബന്ധപ്പെട്ട പാട്ടുകളായിരുന്നു.

സ്റ്റേജിനപ്പുറം പങ്കജ് ഉധാസിന്റെ വ്യക്തിജീവിതം പ്രണയത്തിന്റെ സ്ഥായിയായ ശക്തിയുടെ തെളിവാണ്. മതപരമായ ഭിന്നതകൾമൂലം എതിർപ്പുകൾ നേരിട്ടെങ്കിലും ഫരീദയുമായുള്ള വിവാഹം, ദൃഢതയുടെയും ഐക്യത്തിന്റെയും വെളിച്ചമായി നിലകൊള്ളുന്നു. രണ്ട് പെൺമക്കളാണ് ഇവർക്ക് -നയാബ്, റിവ ഉദാസ്. ഇരുവരും സംഗീത ലോകത്തുതന്നെ.

അദ്ദേഹത്തിന്റെ ഇഷ്ട നഗരങ്ങളിൽ ഒന്നായിരുന്നു ദുബൈ. 1982ലാണ് അദ്ദേഹത്തിന്റെ ദുബൈയിലെ ആദ്യ പ്രകടനം. പിന്നീട് മിക്ക വർഷങ്ങളിലും പലതവണ അദ്ദേഹം ദുബൈയിൽ എത്തി. ചില അറബി കവികളുമായി ചേർന്ന് ഗസലുകൾ ചെയ്യണമെന്ന പൂവണിയാത്ത സ്വപ്നംകൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്. പങ്കജ് ഉധാസ് താങ്കൾക്ക് മരണമില്ല, കാരണം താങ്കളുടെ ഗസലുകൾ ഞങ്ങൾ മൂളിക്കൊണ്ടേയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pankaj UdhasGhazal singerUrdu poems
News Summary - Pankaj Udhas was a ghazal magician who sang Urdu poems
Next Story