കിറുകൃത്യം; കേരളത്തിന്റെ കാലാവസ്ഥ പ്രവചിച്ച് താരമായി പോൾ സെബാസ്റ്റ്യൻ
text_fieldsദുബൈ: കേരളത്തിലെ കാലാവസ്ഥ മാറ്റങ്ങൾ യു.എ.ഇയിൽനിന്ന് കൃത്യമായി പ്രവചിച്ച് മലയാളി പ്രവാസി. ഇരിഞ്ഞാലക്കുടക്കാരൻ പോൾ സെബാസ്റ്റ്യനാണ് വ്യവസ്ഥാപിത കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളെപോലും പിന്നിലാക്കി കേരളത്തിലെ ഋതുഭേദങ്ങളെ കൃത്യമായി പ്രവചിക്കുന്നത്. കേരളത്തിൽ വൈകിയെത്തിയ മൺസൂൺ തകർത്തുപെയ്യുമ്പോൾ ഇക്കാര്യം രണ്ടു ദിവസം മുമ്പ് തന്നെ പോൾ സെബാസ്റ്റ്യൻ ഫേസ്ബുക്ക് പേജിലൂടെ പ്രവചിച്ചിരുന്നു.
നിലവിൽ രണ്ടു ദിവസം കൂടി മഴ തകർത്തുപെയ്യുമെന്നാണ് സെബാസ്റ്റ്യന്റെ പുതിയ പ്രവചനം. ശേഷം അൽപം ശമനമുണ്ടാകും. കാരണം ബംഗാൾ കടലിൽ നേരത്തേ ന്യൂനമർദം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇതുവരെ അത് ന്യൂനമർദം ആയി രൂപപ്പെട്ടിട്ടില്ല, പകരം ചക്രവാതച്ചുഴിയുടെയും ന്യൂനമർദത്തിന്റെയും ഇടയിലാണ് കാറ്റിന്റെ ഗതി. ഇത് ശനിയാഴ്ചയോടെ ഒഡിഷ ഭാഗത്തു കൂടി ഗുജറാത്ത്, പാകിസ്താൻ ഭാഗത്തേക്ക് എത്തും. ഇതോടെ മേഘങ്ങൾ ആ ദിശയിലേക്ക് പോകും.
അതോടെ കേരളത്തിൽ മഴക്ക് ചെറിയ ഇടവേള ലഭിക്കുമെന്നും സെബാസ്റ്റ്യൻ പറയുന്നു. നേരത്തേ ബംഗാൾ കടലിൽ ന്യൂനമർദം ദൃശ്യമായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പസഫിക്കിൽ ഒരു ന്യൂനമർദം പോലും രൂപപ്പെട്ടിട്ടില്ലെന്നാണ് മനസ്സിലാവുന്നത്. ഇതുമൂലം കേരളത്തിൽ മഴ കുറയാൻ സാധ്യതയുണ്ട്. എന്നാൽ, ദീർഘകാലം ഈ രീതി തുടരില്ല. കിഴക്കോട്ട് പോകുന്ന എംജേയോ എന്ന കാറ്റിന് ഉയർന്ന സമ്മർദം കാരണം പോകാനായിട്ടില്ല. ഇത് തിരിച്ചുവരുകയാണ്. ആഫ്രിക്കൻ മുനമ്പിലേക്ക് പോകുന്ന മഴ മേഘങ്ങൾ തിരികെയെത്തുന്നതോടെ ചെറിയ ഇടവേളക്കുശേഷം വീണ്ടും കേരളത്തിൽ മഴ കനക്കുമെന്നും പോൾ സെബാസ്റ്റ്യൻ പറയുന്നു.
പലപ്പോഴും എൻലിനോ പ്രതിഭാസത്തെ തെറ്റായാണ് വ്യാഖ്യാനിക്കുന്നത്. എൽലിനോ എന്നത് കാലാവസ്ഥ വ്യതിയാനമല്ല, കാലാവസ്ഥ പ്രതിഭാസം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈയിലെ ബിസിനസ് ബേയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന പോൾ സെബാസ്റ്റ്യൻ 2017ൽ ഓഖിയുടെ സമയത്താണ് ആദ്യ കാലാവസ്ഥ പ്രവചനം ഫേസ്ബുക്കിലൂടെ നടത്തുന്നത്. സംഭവത്തിന്റെ തലേദിവസം നടത്തിയ പ്രവചനം ഔദ്യോഗിക കേന്ദ്രങ്ങളോ സർക്കാറോ അന്ന് കാര്യമായി എടുത്തിരുന്നില്ല. പക്ഷേ, പിറ്റേദിവസം കേരളം നടങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. പിന്നാലെ 2018ലെ പ്രളയത്തിന് മുമ്പും ശക്തമായ മഴ ഇദ്ദേഹം പ്രവചിച്ചിരുന്നു. കോമേഴ്സ് ബിരുദധാരിയായ സെബാസ്റ്റ്യൻ ഏറെകാലത്തെ നിരീക്ഷണത്തിലൂടെയാണ് പ്രവചനങ്ങൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.