Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightപെൻ ഡോക്ടർ

പെൻ ഡോക്ടർ

text_fields
bookmark_border
പെൻ ഡോക്ടർ
cancel
camera_alt

 കെ.എ. നാസർ

പേനക്കൊരു അസുഖം വന്നാൽ ഇവിടെത്തന്നെ വരണം. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും എ.പി.ജെ. അബ്ദുൽ കലാമിന്റെയും വരെ പേനകൾ ചികിത്സിച്ചു ഭേദമാക്കിയ കഥപറയാനുണ്ട് ഈ ‘പെൻ ഹോസ്പിറ്റലി’ന്. പേനകളുടെ ആതുരാലയത്തിന്റെയും ഭിഷഗ്വരന്റെയും വർത്തമാനങ്ങൾ

പേനകൾക്കായൊരു ആശുപത്രി. പേനക്കൊരു അസുഖം വന്നാൽ ഇവിടെത്തന്നെ വരണം. ഏത് പേനക്കും ഇവിടെ ചികിത്സയുണ്ട്. 85 വര്‍ഷമായി പ്രവർത്തിക്കുന്ന തൃശ്ശൂരിലെ പെൻ ഹോസ്പിറ്റലിൽ പേന നന്നാക്കാനും വാങ്ങാനും വരുന്നവർ നിരവധി. മഷിപ്പേനകളും ബോൾ പോയന്റ് പേനകളുമടക്കം ഏത് രാജ്യത്തിന്‍റെ പേനക്കും ഉണ്ടാകുന്ന ഏത് അസുഖത്തിനും ഇവിടെ ചികിത്സയുണ്ട്. സാധാരണക്കാരുടെ മുതൽ രാഷ്ട്രതന്ത്രജ്ഞരുടെയും സാഹിത്യ പ്രതിഭകളുടെയും മറ്റു മേഖലകളിലെ അതികായരുടെയും പേനകൾ വരെ ഇവിടത്തെ ചികിത്സയിൽ സുഖം പ്രാപിച്ചിട്ടുണ്ട്. ഈ ആശുപത്രിയിൽ വന്നുപോകുന്ന ഓരോ പേനക്കുമുണ്ട് ഓരോ കഥകൾ പറയാൻ.

ഇന്ത്യയിലെ പേനകളുടെ ചരിത്രം പറയുന്ന ബിബേക് ഡെബ്‌റോയിയുടെ ‘ഇങ്ക്ട് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിൽ രാജ്യത്തെ ആദ്യത്തെ പേന അറ്റകുറ്റപ്പണിശാലയായ ഈ ‘ഓണസ്റ്റ് പെന്‍ ഹോസ്പിറ്റലി’നെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. കാലപ്പഴക്കംകൊണ്ട് നിറംമങ്ങിക്കൊണ്ടിരുന്ന ഇന്ത്യന്‍ പേനാ ചരിത്രം മുഴുവനുമുണ്ട് അതിൽ. ചുറ്റുമുള്ള കെട്ടിടങ്ങൾക്കും കടകൾക്കുമെല്ലാം മാറ്റം സംഭവിച്ചപ്പോഴും പെൻ ഹോസ്‌പിറ്റൽ മാത്രം മാറിയില്ല. പഴയ കെട്ടിടം, പഴയ ബോർഡ്. ആകെ മാറിയത് പേരുമാത്രം. പറഞ്ഞും കേട്ടും ‘ഓണസ്റ്റ് പെൻ ഹോസ്പിറ്റൽ’ പെൻ ഹോസ്പിറ്റലിലേക്ക് ചുരുങ്ങിയെന്നുമാത്രം. ഓരോ പേനയും ആവശ്യത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായി മാറുമ്പോൾ അത് നന്നാക്കുന്ന ഇടങ്ങൾക്കും മൂല്യം കൂടും. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന, ഏറ്റവും പഴക്കംചെന്ന പെന്‍ ഹോസ്പിറ്റലും ഇതുതന്നെ.

പെന്‍ ‘ഹോസ്പിറ്റലി’ലേക്ക്

1937ല്‍ തൃശ്ശൂര്‍ കാളത്തോട് കൊലോത്തുപറമ്പില്‍ അബ്ദുള്ളയാണ് ഈ സ്ഥാപനം തൃശ്ശൂരില്‍ സ്ഥാപിച്ചത്. പിതാവിന്‍റെ മരണശേഷം മകൻ കെ.എ. നാസർ ‘ഹോസ്പിറ്റൽ’ ഏറ്റെടുത്തു. ഇപ്പോള്‍ നാസറാണ് ഇവിടത്തെ പേനകളുടെ ‘ഡോക്ടര്‍’. തൃശ്ശൂരിലെ പാലസ് റോഡിലെ ആ പഴയ കെട്ടിടത്തിൽതന്നെയാണ് ഇപ്പോഴും സ്ഥാപനം പ്രവർത്തിക്കുന്നത്. പേന നിര്‍മാണക്കമ്പനികളെക്കാൾ പേന നന്നാക്കുന്ന ഇടങ്ങൾക്കും ഇപ്പോൾ ആവശ്യക്കാരേറെയാണെന്ന് നാസർ പറയുന്നു. മണിക്കൂറിൽ പത്തും പതിനഞ്ചുംപേർ വരെ പേന നന്നാക്കാൻ ഇവിടെ വരുന്നുണ്ട്.

മഷിപ്പേനകളും ബോൾ പോയന്റ് പേനകളുമടക്കം ലോകത്തിലെ സകല കമ്പനികളുടെ പേനക്കും ഇവിടെ പരിഹാരമുണ്ട്. വരുന്നവരൊക്കെ ഒന്നും രണ്ടുമല്ല, ഒരു കെട്ട് പേനകളുമായാണ് വരുന്നത്. നിബ് മാറ്റാൻ, പേന വാങ്ങാൻ, റീഫിൽ മാറ്റാൻ തുടങ്ങി മഷി കട്ട പിടിച്ച പേനകൾക്ക് വരെ നാസറിന്‍റെ കൈയിൽ ചികിത്സയും മരുന്നുമുണ്ട്. പേന തെളിഞ്ഞില്ലെങ്കിലോ, എഴുതുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാലോ തൃശ്ശൂരുകാർ ആദ്യം ഓടിയെത്തുന്നത് ഈ പെൻ ഹോസ്പിറ്റലിലേക്കാണ്.

‘മഷിപ്പേനകളായാലും ബോൾ പേനകളായാലും ദിവസവും ഉപയോഗിക്കണം. മഷി നിറച്ചു വെക്കരുത്. അല്ലെങ്കിൽ മഷി കളഞ്ഞ് കഴുകി വെക്കണം. ഏറെക്കാലം ഉപയോഗിക്കാതിരുന്നാൽ പേനകളിൽ മഷി പിടിക്കില്ല. വണ്ടിയിലൊക്കെ കിടത്തിയിട്ടാൽ ചൂട് തട്ടി മഷി ലീക്കാവും’ –വർഷങ്ങളായി പേനകളുമായി പരിചയിച്ച നാസർ ഓരോ പേനയുടെയും പൾസ് നോക്കി സംസാരിച്ചുകൊണ്ടേയിരിക്കുന്നു.

പത്ത്-പതിനഞ്ച് കൊല്ലത്തോളം ഒരേ പേനതന്നെ കൊണ്ടുനടക്കുന്നവരുണ്ട്. അങ്ങനെയുള്ള പേനകൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അതവരെ മാനസികമായി തളർത്തും. നമ്മൾ എപ്പോൾ എടുത്താലും എഴുതുന്ന ഒരു പേന പെട്ടെന്ന് ഒരുദിവസം എഴുതാതെ വന്നാൽ പിന്നെ മനസ്സിൽ എന്ത് വിചാരിച്ചാലും അത് പുറത്തേക്ക് വരില്ല. ഇവിടെ വരുന്ന ഓരോരുത്തർക്കും ഒരു പ്രതീക്ഷയുണ്ട്; ഏത് പെൻ ‘അസുഖ’ത്തിനും ചികിത്സയുണ്ടെന്ന പ്രതീക്ഷ.

ഇന്ദിര ഗാന്ധി മുതൽ കലാം വരെ

പ്രഗല്ഭരായ പല വ്യക്തികളുടെയും പേനകൾ ഈ പെൻ ഹോസ്പിറ്റലിൽനിന്ന് സുഖം പ്രാപിച്ചിട്ടുണ്ട്. എ.പി.ജെ. അബ്ദുൽ കലാമും ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും സാറാ ജോസഫും പുരുഷൻ കടലുണ്ടിയും വൈശാഖനും ശ്രീരാമനും ഷൊർണൂർ കാർത്തികേയനും സി.ടി. സുകുമാരനും അവരിൽ ചിലർ മാത്രം. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പേനകൾ നാസറിന്റെ പിതാവ് അബ്ദുള്ളയാണ് ശരിയാക്കിയത്.

കൊച്ചിയിലൊരു മരം നടാൻ പോയപ്പോഴാണ് കലാമിന്‍റെ പേന താഴെവീഴുന്നത്. ഫ്രാൻസിലെ പ്രസിഡന്‍റ് കൊടുത്തതാണ് ആ പേന. തൃശ്ശൂരിൽ പേന നന്നാക്കുന്ന ഇങ്ങനെയൊരു സ്ഥലമുണ്ടെന്ന് കേട്ടറിഞ്ഞാണ് കലാമിന്‍റെ പേന ഇവിടെയെത്തുന്നത്. നടൻ ശ്രീരാമന്റേത് ആറു ലക്ഷം രൂപയുടെ മൗണ്ട് ബ്ലാങ്ക് പേനയാണ്. അത് ഭാര്യയുടെ കൈയിൽനിന്ന് താഴെവീണു. ശ്രീരാമൻ അറിയാതെ ഭാര്യ നേരിട്ടു വന്നാണ് പേന ശരിയാക്കി എടുത്തത്.

മുൻ കലക്ടർ സി.ടി. സുകുമാരന്റെ പേനക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലം. ആ സമയത്ത് എന്തോ തിരക്കിൽ കരുണാകരന്റെ കൂടെ പോകുമ്പോൾ പെട്ടെന്നാണ് സുകുമാരന്റെ പേന നിലത്തുവീഴുന്നത്. എന്ത് ചെയ്തിട്ടും പിന്നെ അത് എഴുതുന്നില്ല. ഒരു ഫയൽപോലും നോക്കാൻ പറ്റുന്നില്ല. അങ്ങനെയാണ് പലരും പറഞ്ഞ് ഈ പെൻ ഹോസ്പിറ്റലിൽ എത്തുന്നത്.

‘അരലക്ഷം രൂപ വിലയുള്ള പേന ശ്രദ്ധിച്ച് ഉപയോഗിക്കണം’ ഞാൻ പറഞ്ഞു. കലക്ടർ ആണെന്നൊന്നും അന്ന് അറിയില്ലായിരുന്നു. ശരിയാക്കി കൊടുത്തപ്പോഴാണ് അദ്ദേഹം ഈ പേന വന്ന കഥ പറയുന്നത്. ചാവക്കാടുള്ള ഒരാൾ കൊടുത്തതാണ് ഈ പേന. അയാൾ നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. അന്ന് കലക്ടർ ഒപ്പിട്ടാലേ സിമന്റ് കിട്ടൂ. സുകുമാരൻ ഒപ്പിട്ടു കൊടുത്തതിന്റെ നന്ദിസൂചകമായി അയാൾ ആ പേന സുകുമാരന് കൊടുത്തു. കാലമത് ഈ പെൻ ഹോസ്പിറ്റലിലും എത്തിച്ചു.

നൊസ്റ്റാൾജിക് ഹീറോ പെൻ

1931ൽ ചൈനയിലെ ഷാങ്ഹായിലാണ് ‘വൂൾഫ് പെൻ കമ്പനി’ (Wolff Pen Company) എന്ന ഹീറോ പെൻ കമ്പനി സ്ഥാപിതമാകുന്നത്. പാർക്കർ-45 എന്ന അമേരിക്കൻ പേനയുടെ അതേ ഗുണമേന്മ. അതേ ആകൃതി. പക്ഷേ വില കുറവ്. അതായിരുന്നു ഹീറോ പേനകളുടെ പ്രധാന ആകർഷണ ഘടകം. 1980കളിൽ കേരളത്തിലടക്കം ഇന്ത്യയിലെ പലയിടങ്ങളിലും ഹീറോപെൻ തരംഗമാവുമ്പോൾ, ഷാങ്ഹായിയിൽ ഹീറോ തകരുകയായിരുന്നു. ‘ഹീറോ 1997’ ഉപയോഗിച്ചാണ് ഹോങ്കോങ് കരാർ ചൈനീസ് പ്രതിനിധി ഒപ്പുവെച്ചത​േത്ര. 2001ൽ, ചൈന ലോകവ്യാപാര ഉടമ്പടി (WTO) ഒപ്പുവെച്ചപ്പോഴും അതിനായി ഹീറോക്കമ്പനി ഒരു മോഡൽ പുറത്തിറക്കിയിരുന്നു, ‘ഹീറോ 1111’.

ആദ്യകാലങ്ങളിൽ ഗൾഫിൽനിന്നും വരുന്നവർ കൊണ്ടുവന്നിരുന്ന ഹീറോ പേനകൾ പിന്നീട് നമ്മുടെ നാട്ടിലെ കടകളിലും വ്യാപകമായി മാറി. പഴയതിന് മൂല്യമേറുന്ന പുതിയ കാലത്ത് ഫൗണ്ടന്‍ പേനകളെന്ന ഹീറോ പേനകളുടെ സ്ഥാനം വളരെ വലുതാണ്. ഇപ്പോഴും ഫൗണ്ടന്‍ പേനകള്‍ക്ക് ആവശ്യക്കാരുണ്ട്. കാലങ്ങളായി ഫൗണ്ടന്‍ പേനകള്‍ മാത്രം ഉപയോഗിക്കുന്നവരും കൂട്ടത്തിലുണ്ട്. പാർക്കർ പേനകളെക്കാൾ ഹീറോ പെന്നിന് എപ്പോഴും ഫാൻസ് കൂടുതലാണ്.

ഹീറോ പേനകളുടെ നൊസ്റ്റാൾജ്യ

‘വിലയിലുള്ള വ്യത്യാസത്തെക്കാളുപരി ഹീറോ പേനകൾ എന്നുമൊരു നൊസ്റ്റാൾജ്യയാണ്. എഴുപതുകളിലും എൺപതുകളിലും പോക്കറ്റിൽ ഹീറോ പേനകൾ കൊണ്ടു നടക്കുന്നവർക്ക് അത് ആഡംബരത്തിന്‍റെ പ്രതീകംകൂടിയായിരുന്നു. ഒരു ട്രെന്‍റ് സെറ്റർ തന്നെയായിരുന്നു ആ കാലത്ത് ഹീറോ പേനകൾ. ഇപ്പോഴും സ്ഥിരമായി ഹീറോ പേനകൾ ഉപയോഗിക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ മഷിപ്പേനകളുടെ ശേഖരമുള്ളവരും നിരവധിയാണ്. പണ്ടത്തെ കാലത്ത് പേന കമ്പനികൾ കുറവായിരുന്നു. മൂന്നോ നാലോ പേന കമ്പനികൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്.

എന്നാൽ, ഇന്ന് ആയിരത്തിലധികം കമ്പനികളുണ്ട്. എഴുത്തിനപ്പുറം ഈ മഷിപ്പേനകള്‍ സമ്മാനങ്ങള്‍ക്കായി, ഓര്‍മകളുടെ സൂക്ഷിപ്പുകള്‍ക്കായി വാങ്ങുന്നവരുമുണ്ട്. ബോൾ പോയന്റ് പേനകളെക്കാൾ അടുപ്പമുണ്ട് ആളുകൾക്ക് ഹീറോ പേനയോട്. അവരുടെ ഹീറോ പേനകൾക്ക് കാതങ്ങൾ സഞ്ചരിച്ച അനുഭവങ്ങളുടെ കഥ പറയാനുണ്ടാവും. ആരെങ്കിലും പറഞ്ഞ് അറിഞ്ഞാണ് ഈ പെൻ ഹോസ്പിറ്റലിൽ ആളുകൾ കൂടുതലെത്തുന്നത്. അത്രയേറെ പ്രിയപ്പെട്ട പേന കേടായതിന്‍റെ വിഷമത്തിലായിരിക്കും ആളുകൾ എത്തുക’. അത് നന്നാക്കാൻ കിട്ടുന്ന അവസരം ഒരുഭാഗ്യംതന്നെയാണെന്ന് നാസറിന്റെ പക്ഷം.

മഷിപ്പേനകൊണ്ട് എഴുതിയാൽ കൈയക്ഷരം നന്നാവുമോ?

ആധാരം എഴുതുന്നവർ, കലക്ടർ, വക്കീൽ, ജസ്റ്റിസ് തുടങ്ങിയവരാണ് കൂടുതലും മഷിപ്പേനകൾ ഉപയോഗിക്കുന്നതും അത് നന്നാക്കാനായി എത്തുന്നതും. അല്ലാത്തവർ അധികവും ബോൾ പോയന്റ് പേനകൾ ഉപയോഗിക്കുന്നവരാണ്. മഷികളും പലതരമുണ്ട്. അധ്യാപകർ സാധാരണയായി ചുവന്ന മഷിപ്പേനകൾ ഉപയോഗിക്കുമ്പോൾ വിദ്യാർഥികളും മറ്റ് സാധാരണക്കാരും നീലയും കറുപ്പും ഉപയോഗിക്കുന്നു. എന്നാൽ, ​െഗസറ്റഡ് ഓഫിസർക്ക് പച്ചമഷിയാണ്. ഓരോ ആവശ്യങ്ങളുമായി അവർ ഇവിടെയെത്തുമ്പോൾ അവർ പറയാതെതന്നെ അവരുടെ പ്രഫഷൻ മനസ്സിലാക്കാൻ സാധിക്കും, വെറും മഷിയുടെ തിരഞ്ഞെടുപ്പിലൂടെമാത്രം.

നിബുകൾക്കും വ്യത്യാസമുണ്ട്. വീതിയിൽ എഴുതാൻ പറ്റുന്നവ, നേർത്ത്, കട്ടിയിൽ എഴുതാൻ പറ്റുന്നവ അങ്ങനെ പലതുമുണ്ട്. പേനയുടെ അലൈൻമെന്‍റ് മാറുമ്പോഴാണ് എഴുതാൻ പ്രയാസം അനുഭവപ്പെടുന്നത്. മഷിപ്പേനകൾ പിടിച്ചെഴുന്നതിന്‍റെ സ്റ്റൈൽ നിബിൽ വരും. അതാണ് കൈയക്ഷരം നന്നാക്കുന്നത്. ബോൾ പോയന്‍റാവുമ്പോൾ പല വീതിയിലാണ് എഴുതുക. കൂടുതൽ എഴുതുന്നവർക്കും കാലിഗ്രഫി ചെയ്യുന്നവർക്കും മഷിപ്പേനയാണ് നാസർ റഫർ ചെയ്യുന്നത്.

കമ്പ്യൂട്ടറിലും മൊബൈലിലും ടൈപ് ചെയ്ത് ശീലിച്ചതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ, എഴുത്ത് തലച്ചോറിന്‍റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നതെന്ന് നാസർ പറയുന്നു. പേന ഉപയോഗിച്ച് എഴുതുമ്പോൾ കൈ ചലനങ്ങൾ വിദ്യാർഥികളുടെ ഓർമശക്തി വർധിപ്പിക്കും. കൂടുതൽ പഠിക്കാനും സാധിക്കും. അതുതന്നെയാണ് ഈ പെൻ ഹോസ്പിറ്റലിൽ എന്നും തിരക്ക്.

കൈവണ്ണമുള്ളവർക്ക് ക്രിസ്റ്റൽ പേനകൾ

സുപ്രീംകോടതി-ഹൈകോടതി ജഡ്ജിമാരൊക്കെ ഉപയോഗിക്കുന്ന പേനകളാണ് ക്രിസ്റ്റൽ പേനകൾ. മഷി തീരുമ്പോൾ എളുപ്പം കാണാൻ സാധിക്കുന്നതും താഴെ വീണാൽ പൊട്ടാത്തതുംതന്നെയാണ് ക്രിസ്റ്റൽ പേനകളെ മറ്റ് മഷിപ്പേനകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. സ്വർണം, ഇറിഡിയം, പ്ലാറ്റിനം അങ്ങനെ പലതിലും പേനകൾ ഇറങ്ങുന്നുണ്ട്. പ്ലാറ്റിനം നിബ് ആണെങ്കിൽ തേയ്മാനം സംഭവിക്കില്ല. കൈവണ്ണമുള്ളവർക്ക് വണ്ണമുള്ള പേനയാണ് നല്ലത്.

പേന നന്നാക്കി കൊടുക്കൽ മാത്രമല്ല ആവശ്യക്കാർക്ക് ഇവിടന്ന് പേന നിർമിച്ചു കൊടുക്കുകയും ചെയ്യും. കാൻസർ രോഗികൾക്ക് കീമോ കൊടുത്ത് കഴിഞ്ഞാൽ എഴുതാൻ പറ്റില്ല. ഓഫിസറൊക്കെ ആണെങ്കിൽ അവർക്ക് ഫയലൊക്കെ ഒപ്പിടേണ്ടതായി വരും. അങ്ങനെയുള്ളവർക്കു പറ്റിയ പേനകളും ഇവിടന്ന് നിർമിച്ചു കൊടുക്കുന്നുണ്ട്. കൈകൊണ്ട് മുറിച്ചെടുക്കുന്നതിനാൽതന്നെ ഒരു മാസമാണ് ഇവയുടെ നിർമാണ കാലാവധി. എന്നിരുന്നാലും ക്രിസ്റ്റൽ പേനകൾക്ക് ആവശ്യക്കാരേറെയാണ്.

ചരിത്രത്തിൽ മഷി നിറച്ച കഥകൾ

‘ഇപ്പോൾ പലതരത്തിലുള്ള പല കമ്പനിയുടെ പേനകൾ വിപണിയിൽ ലഭ്യമാണ്. പേപ്പർ പേനകൾക്കും ആവശ്യക്കാരുണ്ട്. തീർന്നാൽ കളയുന്ന പേനകൾ ആയതിനാൽ തന്നെ അതിലൊന്നും ഒരു സെന്റിമെന്റൽ അറ്റാച്ച്മെന്റ് ഉണ്ടാവണമെന്നില്ല. അപ്പോഴത്തെ ഉപയോഗം മാത്രമേ ഉള്ളൂ. അതിനോട് ഒരു സ്നേഹം ഉണ്ടാവില്ല’ –നാസർ പറയുന്നു.

നമ്മൾ നിത്യജീവിതത്തിൽ ഒരു പേന സ്ഥിരമായി കൊണ്ടുനടക്കുന്നുണ്ടെങ്കിൽ അതുമായിട്ട് നമുക്കൊരു അടുപ്പം വരും. നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയായി മാറും ആ പേനകളും. സ്ഥിരം ഉപയോഗിക്കുന്നവർക്ക് അവരുടെ സ്ഥിരം പേനകൾ എക്കാലവും ഉപയോഗിക്കാനാവും ഇഷ്ടം. എത്രകാലം കഴിഞ്ഞാലും അത് അവരിൽ സുരക്ഷിതമായിരിക്കും. മഷിപ്പേനകളും ബോൾ പോയന്റ് പേനകളും ശേഖരിക്കുന്നവരും ചുരുക്കമല്ല. റീഫിൽ ചെയ്യാതെ അങ്ങനെതന്നെ ബോൾ പോയന്റ് പേനകൾ സൂക്ഷിക്കുന്നവരുണ്ട്. എന്തായാലും ഏത് പേനകളുടെ എന്ത് അസുഖത്തിനും ഈ പെൻ ഹോസ്പിറ്റലിൽ ചികിത്സയുണ്ട്.

(ചിത്രങ്ങൾ: സജിത് നമ്പിടി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newspen hospitalpen doctor
News Summary - pen doctor
Next Story