ജനപ്രതിനിധിയെന്നാൽ...പഠിച്ചും പഠിപ്പിച്ചും കെ. ഷിബു രാജൻ
text_fieldsചെങ്ങന്നൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പഠിപ്പിച്ചും പഠിച്ച് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചുമാണ് കെ. ഷിബുരാജൻ ചെങ്ങന്നൂർ നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷനും മുൻ ചെയർമാനും ഇപ്പോൾ വൈസ് ചെയർമാനുമായത്. കൗൺസിലർമാർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കോഴ്സിൽ ഓഫിസ് നിർവഹണം, പദ്ധതി നടത്തിപ്പ്, മുനിസിപ്പൽ ആക്ട്, കുടുംബശ്രീ തുടങ്ങി സമസ്ത മേഖലകളെയും പ്രതിപാദിക്കുന്ന ക്ലാസുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
സംസ്ഥാനത്തിനകത്തും പുറത്തും നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾ കാണാനും പഠിക്കാനും ഇതോടൊപ്പം അവസരംകിട്ടി. അപേക്ഷ സ്വീകരിച്ച് കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുത്ത 54 പേരിൽ 22 പേർ മാത്രമാണ് കോഴ്സ് പൂർത്തിയാക്കിയത്.
ഒരു പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുകയും എട്ട് പരീക്ഷകൾ എഴുതി വിജയിക്കുകയും ആറു പ്രബന്ധാവതരണങ്ങൾ നടത്തുകയും ചെയ്ത 22 പേരിൽ ഒരാളായിരുന്നു ഷിബുരാജൻ. ഇതേത്തുടർന്ന് വിവിധ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ രണ്ടായിരത്തോളം ജനപ്രതിനിധികൾക്കും ആയിരത്തോളം ഉദ്യോഗസ്ഥർക്കും അയ്യായിരത്തോളം കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകാൻ കില ഗസ്റ്റ് ഫാക്കൽറ്റിയംഗമെന്ന നിലയിൽ കഴിഞ്ഞു.
രാജ്യത്തെ നഗരസഭ, കോർപറേഷൻ കൗൺസിലർമാർക്ക് ഏറ്റവും ലഘുവായ കൈപുസ്തകം തയ്യാറാക്കുന്നതിന് ശ്രീപെരുമ്പത്തൂരിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ത്രിദിന ശിൽപശാലയിൽ കേരളത്തെ പ്രതിനിധീകരിച്ച നഗരസഭ കൗൺസിലറായി.
ജില്ലയിലെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പദ്ധതികൾ പരിശോധിക്കുന്ന സാങ്കേതിക ഉപദേശസമിതിയംഗവുമായിരുന്നു. ജനപ്രതിനിധിയായിരിക്കെ തന്നെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിശീലകൻ കൂടിയാകാനുള്ള അവസരം ലഭിച്ചുവെന്ന പ്രത്യേകതയുമുണ്ട്.
ചെങ്ങന്നൂർ നഗരസഭയിൽ വ്യത്യസ്ത വാർഡുകളിൽ നിന്ന് നാലുതവണ കൗൺസിലറായ കെ. ഷിബുരാജൻ മുൻചെയർമാനും മുൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനുമാണ്. ചെയർമാനായിരിക്കെ നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധി രൂപവത്കരിച്ച് നിരവധി പേർക്ക് ധനസഹായമുൾപ്പെടെ ഒട്ടനവധിയായ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.