കുട്ടേട്ടന് സപ്തതി ആശംസകൾ!
text_fieldsവരുന്ന ശനിയാഴ്ച എഴുപതിലെത്തുന്ന പെരുവനം കുട്ടൻ മാരാരുമായി ഈ ലേഖകനു കുറെ കാലത്തെ അടുപ്പമുണ്ട്. നേരിൽ കണ്ടു സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പെ തൃശ്ശൂർ പൂരത്തിന്‍റെയന്നു ഇലഞ്ഞിച്ചുവട്ടിൽ പോയി കുട്ടേട്ടന്‍റെയും കൂട്ടരുടെയും കൊട്ടു കേൾക്കാറുണ്ടായിരുന്നു. എനിക്ക് ചെണ്ടകൊട്ടാൻ അറിയില്ലെങ്കിലും അതിന്‍റെ വിന്യാസവും വിധാനവും തുളളിതുളളിയായി ഇറ്റിച്ചു തന്നതു കുട്ടേട്ടനാണ്.
പൂരങ്ങളുടെ പൂരത്തിന്‍റെ താളവിസ്മയമായ ഇലഞ്ഞിത്തറമേളം പഞ്ചാരിയല്ല, പാണ്ടിയാണ് എന്നിത്യാദിയായ ഏറ്റവും അടിസ്ഥാനപരമായ കൊട്ടു വിവരങ്ങൾ മുതൽ, ക്ഷേത്ര മതിൽകെട്ടിനകത്ത് അസുരവാദ്യം അരങ്ങേറുന്നതിന്‍റെ അനൗചിത്യം വരെ ഞങ്ങളുടെ വിഷയങ്ങളായിരുന്നു.
നാദസ്വരവും പഞ്ചവാദ്യവും അത്ര ശാസ്ത്രീയതയില്ലാത്ത ശിങ്കാരി ഉൾപ്പെടെയുള്ള സകല സമൂഹമേളങ്ങളും ഞങ്ങളുടെ ചർച്ചകളിൽ ഇടം തേടി. പാണ്ടിയും, പഞ്ചാരിയും, പഞ്ചവാദ്യവും, തായമ്പകയും മത്സരിച്ച് അരങ്ങേറുന്ന പൂരവേദിയാണല്ലൊ തൃശ്ശൂർ. ശക്തൻ തമ്പുരാന്‍റെ രാജവീഥികളിൽ മെല്ലെ വീശുന്ന കാറ്റിന് പോലും ചെണ്ടവാദനത്തിന്‍റെ രാഗഘടന അറിയാം!
പൂരമടുക്കുമ്പോൾ കൊല്ലം തോറും ഞങ്ങളുടെ മേളചർച്ചകൾ കൊട്ടിക്കയറി. ചെണ്ട പച്ച മലയാളിയാണെന്നും ഇത്രയും ദൂരെ കേൾക്കുന്ന മറ്റൊരു സംഗീത ഉപകരണം ലോകത്തൊരിടത്തും ഇല്ലെന്നും മറ്റുമുള്ള ചെണ്ട വിശേഷങ്ങൾ ഇടക്കിടെ പറയുന്ന കൊട്ടിന്‍റെ കുലപതിയിൽ നിന്നു അറിയാൻ ഓരോ തവണയും എന്തെങ്കിലുമുണ്ടായിരുന്നു. ആദരണീയമായ മേളപ്രമാണി സ്ഥാനം ഇരുപത്തിനാല് വർഷം തുടർച്ചയായി അലങ്കരിച്ചതിനു ശേഷം, ഇക്കഴിഞ്ഞ പൂരത്തിൽ നിന്നു കുട്ടേട്ടനു മാറിനിൽക്കേണ്ടി വന്നപ്പോൾ, ഉണ്ടായിരുന്നു ഉള്ളിലൊരു നൊമ്പരം.
കുട്ടേട്ടന്‍റെ കൊട്ടിൽ ആസക്തരാകാത്തവരായി ആരെങ്കിലുമുണ്ടാകുമോ! അദ്ദേഹത്തിന്‍റെ ഇലഞ്ഞിച്ചുവട്ടിലെ പ്രകടനം, കേൾക്കാൻ മാത്രമല്ല കാണാനും കൂടി ഉള്ളതായിരുന്നില്ലേ! പെരുവനത്തെ കൊട്ടുകലാകാരന് ഉള്ളുകൊണ്ടു നേരുന്നു പിറന്നാൾ ആശംസകൾ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.