ഗിന്നസ് റെക്കോർഡുള്ള 50 വയസുകാരെൻറ കളിപ്പാട്ടശേഖരം; ശേഖരിക്കുന്നത് പ്രത്യേക തരം കളിപ്പാട്ടങ്ങൾ മാത്രം
text_fieldsഫിലിപ്പീൻകാരനായ പെർസിവൽ ലുഗ്വെക്ക് അഞ്ചാം വയസുമുതൽ വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ സന്ദർശിക്കുന്ന പ്രമുഖ ഫാസ്റ്റ്ഫുഡ് ചൈനുകളിൽ നിന്നും കളിപ്പാട്ടം ശേഖരിക്കലായിരുന്നു അത്. മക്ഡൊണാൾഡ്സ്, ബർഗർ കിങ്, ഫിലിപ്പീൻസിലെ പ്രമുഖ റെസ്റ്റോറൻറായ ജോളിബീ എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാനമായും കളിപ്പാട്ടങ്ങൾ സംഘടിപ്പിക്കുന്നത്. ഇപ്പോൾ 50 വയസായ ലുഗ്വെയുടെ കൈയ്യിൽ 20,000ത്തോളം അത്തരത്തിലുള്ള കളിപ്പാട്ടങ്ങളുണ്ട്. വീട്ടിലെ ഒരു റൂമിെൻറ സീലിങ് വരെ കുന്നുകൂടി കിടക്കുകയാണ് കളിപ്പാട്ടങ്ങൾ. 2014ൽ ശേഖരണം 10,000 തികഞ്ഞപ്പോൾ അദ്ദേഹത്തിന് ഗിന്നസ് ലോകറെക്കോർഡും ലഭിച്ചിരുന്നു.
'കളിപ്പാട്ടം ഒരു കഥാകാരനെപ്പോലെയാണ്' കളിപ്പാട്ടങ്ങൾക്ക് മുകളിലിരുന്ന് ലുഗ്വെ അഭിമാനത്തോടെ പറഞ്ഞുതുടങ്ങി. "ഉദാഹരണത്തിന്, എെൻറ കൈയ്യിലുള്ള ഒാരോ കളിപ്പാട്ടവും അത് എനിക്ക് എപ്പോഴാണോ ലഭിച്ചത് ആ പ്രത്യേക കാലഘട്ടത്തിെൻറ ഒരു കാഴ്ച അവ നൽകുന്നു. അവ എെൻറ കൈയ്യിൽ എത്തിയതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് മനസിലേക്ക് ഒാടിയെത്തുമെന്നും'അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതലേ, മറ്റുള്ള കുട്ടികളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം കളിപ്പാട്ടങ്ങൾ സൂക്ഷിച്ച്വെക്കാനും മനോഹരമായി പ്രദർശിപ്പിക്കാനും ലുഗ്വെ ശ്രദ്ധിച്ചിരുന്നു. പല കളിപ്പാട്ടങ്ങളും സ്വന്തമായി പണം കൊടുത്ത് വാങ്ങിയതാണെന്നും ചിലത് സുഹൃത്തുക്കളും കുടുംബക്കാരും സമ്മാനമായി നൽകിയതാണെന്നും അദ്ദേഹം പറഞ്ഞു. 1988ൽ മാതാവ് സമ്മാനമായി നൽകിയ ജോളിബീ ചൈനിെൻറ ചിഹ്നമായ 'ഹെറ്റി സ്പഘെറ്റി'പ്രതിമയാണ് ലുഗ്വെയുടെ ഏറ്റവും ഇഷ്ടപ്പെട്ടതും നിധി പോലെ സൂക്ഷിക്കുന്നതുമായ കളിപ്പാട്ടം.
തെൻറ ശേഖരം പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാനാണ് ലുഗ്വെ ഇപ്പോൾ ആഗ്രഹിക്കുന്നത്. "മറ്റുള്ളവർക്ക് അവരുടെ ബാല്യകാല ഓർമ്മകളിലേക്ക് തിരിച്ചുപോകാൻ അവസരം നൽകുന്നതിന്" ഒരു മ്യൂസിയം തുറക്കുക എന്നതാണ് തെൻറ ആഗ്രഹമെന്ന്' ലുഗ്വെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.