ഇത് കൊച്ചിയിലെ പുപ്പുലി; ടൈമർ പോളേട്ടൻ
text_fieldsമട്ടാഞ്ചേരി: വേദികളിൽ കുഞ്ഞൻ സംഗീത ഉപകരണവുമായി 77ാം വയസ്സിലും ചുറുചുറുക്കാർന്ന നിറസാന്നിധ്യമാണ് പി.ജെ. പോൾ. ഗായകർ ആലപിക്കുന്ന ഗാനങ്ങൾക്ക് അകമ്പടിയായി ചിലങ്ക, മണി തുടങ്ങിയ വിവിധ സ്വരങ്ങൾ ചാലിച്ച് പാട്ടിന് ചന്തം പകരുകയാണ് നാട്ടുകാരുടെ സ്വന്തം ടൈമർ പോളേട്ടൻ. മുൻ കാലത്ത് സിനിമഗാനങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഘടകമായിരുന്നു ടൈമിങ് എന്ന സംഗീത ഉപകരണത്തിൽനിന്ന് ഉയരുന്ന ധ്വനികൾ. പുതിയ കാലഘട്ടത്തിൽ അത്യാധുനിക സംഗീത ഉപകരണങ്ങൾ കടന്നു കൂടിയതോടെ ഇവക്ക് പ്രസക്തി ഇല്ലാതായി. എന്നിരുന്നാലും മിക്കവാറും സംഗീത വേദികളിൽ ഇത്തരം ഉപകരണങ്ങളുമായി പോളേട്ടന്റെ സാന്നിധ്യമുണ്ടാകും. പഴയ പാട്ടുകൾക്ക് മൊഞ്ചേകാൻ പോൾ വേദിയിൽ വേണം എന്നതു തന്നെ കാരണം. ഗമാസ്, ഗുഢാഫോൺ, ടേമേറിൻ, ജാൽറ തുടങ്ങിയ ടൈമിങ് ഉപകരണങ്ങളും തൂക്കി ഒരു സഞ്ചിയുമായി പോളേട്ടന്റെ സാന്നിധ്യം പ്രധാന ഗാനമേളകളിൽ കാണാം. ആറ് സിനിമകളിലെ പാട്ടുകൾക്ക് ടൈമർ ഉപകരണങ്ങളുടെ അകമ്പടി സംഗീതം നൽകിയിട്ടുള്ള പോളേട്ടൻ തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ പുതുക്കാട്ടുകര വീട്ടിൽ ജോസഫ് - ട്രീസ ദമ്പതികളുടെ മകനായി 1946 നവംബർ 30നാണ് ജനിച്ചത്.
സ്വയം വാങ്ങിയ തബലയിൽ തനിയെ കൊട്ടി പഠിച്ച താളവുമായാണ് ഗാനമേള വേദികളിൽ പോൾ എത്തിയത്. 17ാം വയസ്സിൽ തൃശൂർ ലൂർദ് പള്ളിയിലെ കൊയറിൽ തബല വാദകനായാണ് തുടക്കം.
പിന്നണി ഗായകൻ പി. ജയചന്ദ്രൻ സിനിമയിലെത്തും മുൻപ് നയിച്ച വോയിസ് ഓഫ് തൃശൂർ എന്ന ഗായക സംഘത്തിൽ ചേർന്നു. സംഗീതജ്ഞരായ ഔസേപ്പച്ചൻ, ജോൺസൺ എന്നിവർക്കൊപ്പം തബല വാദകനായി ട്രൂപ്പിലെ ഒരാളായി മാറി. എന്നാൽ, തബലയിൽ മറ്റ് പലരും ഉള്ളതിനാൽ അവസരങ്ങൾ കുറവായിരുന്നു. ഇതോടെയാണ് ടൈമിങ്ങുമായി സ്ഥിര സാന്നിധ്യമായി മാറിയത്. ഇതിനിടെ സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്യൂണായി ജോലി ലഭിച്ച് കൊച്ചിയിലെത്തി. ഇതോടെ കൂടുതൽ അവസരം ലഭിച്ചു. 15 വർഷം ഗാനഗന്ധർവൻ യേശുദാസിനൊപ്പം സംഗീത വേദികളിൽ കേരളം മുഴുക്കെ ചുറ്റി. ഇതിനിടെ എസ്. ജാനകി, പി. സുശീല, വാണി ജയറാം, എസ്.പി. ബാല സുബ്രഹ്മണ്യം, വിജയലക്ഷ്മി തുടങ്ങിയ ഗായകർക്കൊപ്പം സംഗീത വേദികളിൽ അവസരം കിട്ടി. സലാല, ദുബൈ, മസ്കത്ത് എന്നിവിടങ്ങളിൽ വിജയലക്ഷ്മിയോടൊപ്പം പരിപാടികൾ അവതരിപ്പിച്ചു. ഗായകൻ അഫ്സലിനൊപ്പവും ഗൾഫ് പരിപാടിക്ക് അവസരം കിട്ടി. ബാങ്കിൽനിന്ന് അസി. കാഷ്യറായി വിരമിച്ച പോളേട്ടൻ കൊച്ചിയുടെ സംഗീത പെരുമയുടെ ഒരു ഭാഗമാണ്. ജെസിയാണ് ഭാര്യ. മകൻ: ഡോളർ. മരുമകൾ: ലാക്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.