തെരുവുനായ് കാലമല്ലേ, ദാ നായുള്ള സ്റ്റാമ്പ്...
text_fieldsഉദുമ: തെരുവുനായ് അല്ലേ ഇപ്പോ ട്രെൻഡ്.. എന്നാൽ, നായ്ക്കളുടെ ചിത്രമുള്ള സ്റ്റാമ്പ് കാണാം. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ ഇന്ത്യൻ തപാൽ വകുപ്പ് ഇറക്കിയ അഞ്ചു രൂപയുടെ ആ സ്റ്റാമ്പ് കണ്ടെടുത്തു.അത് വാട്സ് ആപ്പിൽ പ്രചരിച്ചപ്പോൾ നിലവിലെ നായ്ശല്യവും 2005ലെ രണ്ടു നായ്ക്കൾ ചേർന്നുള്ള ആ സ്റ്റാമ്പും ചേർത്തായി പിന്നെ കമന്റുകൾ.
15 വർഷത്തിലേറെ കാലം ദുബൈയിൽ ചെലവഴിച്ച് ഇപ്പോൾ നാട്ടിൽ കഴിയുന്ന പി.കെ. യൂസുഫ് ഹാജിയുടേതാണ് ഈ വിശേഷം. പ്രവാസജീവിതത്തെപ്പറ്റി ചോദിച്ചാൽ സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചാണ് ഇദ്ദേഹം വാചാലനാവുക.
സ്റ്റാമ്പ് ശേഖരണത്തിനുവേണ്ടി പ്രവാസജീവിതത്തിൽ നല്ലൊരു സമയം ദുബൈയിൽ കഴിച്ച ശേഷം വിലപിടിച്ച ബാഗിൽ ആ സ്റ്റാമ്പുകളെല്ലാം അടുക്കിവെച്ചിട്ടുണ്ട്. പാലക്കുന്ന് ടൗണിൽ ഫാൽക്കൻ ഫാബ്രിക്സ് കട നടത്തുകയാണ് ഇപ്പോൾ.
വിവിധ രാജ്യങ്ങളിലെ സംഭവങ്ങൾ, വിവിധ കാരണങ്ങളാൽ അറിയപ്പെടുന്ന ലോക നേതാക്കൾ, വ്യക്തികൾ, ലോക വിശേഷങ്ങൾ, കായിക മേളകൾ എല്ലാം ആ ആൽബത്തിൽ ഇടംപിടിച്ചിട്ടുണ്ട്. അപൂർവങ്ങളായ പക്ഷികളും മറ്റു ജീവികളും പുഷ്പങ്ങളും അതിൽ പെടും. 1862 ലെ അമേരിക്കൻ സിവിൽ വാറിന്റെ ഓർമക്കായി അന്ന് യു.എസ്. പുറത്തിറക്കിയതും ഉൾപ്പെടും.
എലിസബത്ത് രാജ്ഞിയുടെ പേരിൽ ഒരു പെന്നി മുതൽ മുകളിലോട്ടുള്ള സ്റ്റാമ്പുകളും ഫയലിലുണ്ട്. ദുബൈയിൽ റോളോ സ്‌ക്വയറിൽ ജെ ആൻഡ് പി എന്ന അന്താരാഷ്ട്ര കമ്പനിയിലായിരുന്നു യൂസുഫിന് ജോലി. ഇന്ത്യൻ തപാൽ വകുപ്പ് 1990ൽ തിരുവനന്തപുരത്ത് നടത്തിയ കേരള ഫിലാറ്റലിക്ക് എക്സിബിഷനിലേക്ക് അദ്ദേഹത്തിന് ക്ഷണം കിട്ടിയിരുന്നു. വിദേശ കറൻസി ശേഖരവും ഹാജിയുടെ ഹോബിയാണ്. പാലക്കുന്ന് കരിപ്പോടിയിൽ പി.കെ. ഹൗസിൽ ആണ് താമസം. ഭാര്യ ശാഫിയയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.