പി.എം കോയ: വിടപറഞ്ഞത് തലമുറ നേതാക്കളുടെ സഹപ്രവർത്തകൻ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിന്‍റെ തലമുറനേതാക്കളുമായി സഹവർത്തിത്വമുണ്ടായിരുന്ന പൊതുപ്രവർത്തകനാണ് ഇന്ന് വിട പറഞ്ഞ പി.എം. കോയ. എം.എസ്.എഫിലൂടെ പൊതുപ്രവർത്തനം തുടങ്ങി തൊഴിലാളി യൂണിയൻ നേതാവെന്ന നിലയിൽ ദീർഘകാലം സജീവമായിരുന്ന അദ്ദേഹം സി.എച്ച് മുഹമ്മദ് കോയ, ഇ. അഹമ്മദ്, അവുക്കാദർകുട്ടിനഹ, യു.എ ബീരാൻ, സീതിഹാജി, പി.കെ.കെ ബാവ, നാലകത്ത് സൂപ്പി, കെ.പി.എ മജീദ് തുടങ്ങി വിവിധ തലമുറകളിലെ നേതാക്കളുമായി അടുപ്പമുള്ള നേതാവായിരുന്നു.
പി.വി മുഹമ്മദ് എം.എൽ.എയുടെ പി.എയായി പ്രവർത്തിച്ചു. ലീഗിൻ്റെ പാർലമെൻ്ററി പാർട്ടി ഓഫിസ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. മികച്ച സംഘാടകനും നിശ്ചയദാർഢ്യമുള്ള പൊതുപ്രവർത്തകനായിരുന്നു. പാവപ്പെട്ടവർക്ക് എന്നും ഉദാരമായി സഹായവും കൈത്താങ്ങുമായി പ്രവർത്തിച്ചു. 75ാം വയസിലും ജീവകാരൂണ്യ മേഖലയിൽ സജീവമായിരുന്നു.
ഓട്ടോമോബൈൽ എഞ്ചിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കി ആദ്യം ജല അതോറിറ്റിയിലും പിന്നീട് കെ.എസ്. ആർ.ടി.സിയിലും ദീർഘകാലം പ്രവർത്തിച്ചു. കെ.എസ്.ആർ.ടിസിയിൽ ലീഗ് തൊഴിലാളി സംഘടനയായ ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്. ടി.യു) സ്ഥാപക നേതാവായി. കേരളത്തിലങ്ങോളമിങ്ങോളം ട്രേഡ് യൂനിയൻ പ്രവർത്തനവുമായി നടന്നു. കൂടുതൽ കാലവും ചെലവഴിച്ചത് തിരുവനന്തപുരത്തായിരുന്നു.
സി.എച്ച് മുഹമ്മദ് കോയ അസംബ്ലി പാർട്ടി ലീഡറും യു.എ ബീരാൻ സെക്രട്ടറിയുമായപ്പോൾ ഓഫിസ് സെക്രട്ടറിയായി പി.എം കോയ പ്രവർത്തിച്ചു. പാർട്ടിയുടെ ഉയർന്ന പദവികളിലേക്ക് എത്താൻ അവസരങ്ങളേറെയുണ്ടായിരുന്നു. പ്രാദേശികതലത്തിലും രാഷ്ട്രീയ, സാമൂഹിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് കോളജിലെ വൈസ് പ്രിൻസിപ്പലായിരുന്ന ഡോ. സെയ്ത് സൽമ മൂന്ന് വർഷം മുമ്പാണ് മരിച്ചത്. അവരൂടെ മരണശേഷം ഡോക്ടർ സെയ്ത് സൽമ ഫൗണ്ടേഷൻ രൂപപത്കരിച്ച് ജീവകാരുണ്യ, വിദ്യാഭ്യാസ പ്രോൽസാഹന മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.
പി.എം കോയയുടെ വിയോഗ വാർത്തയറിഞ്ഞതോടെ നാനാതുറകളിലുള്ളവർ വെള്ളിമാട്കുന്ന പയ്യടിമേത്തലെ വസതിയിലേക്ക് ഒഴുകിയെത്തി. എം.കെ. രാഘവൻ എം.പി, എം.എൽഎ.മാരായ കെ.പി.എ മജീദ്, പി.ടി.എ റഹീം, മായിൻഹാജി, കെ.എം അഭിജിത്ത്, കോർപറേഷൻ കൗൺസിലർമാരായ കെ.സി ശോഭിത, കെ. മോയ്തീൻ കോയ, ടി.കെ. ചന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിലാണ് മയ്യിത്ത് നമസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.