ചരിത്രത്തിന്റെ ചുരുക്കെഴുത്ത്
text_fields1953 ജനുവരി, ബ്രിട്ടീഷ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനുമായ ഫ്രെഡറിക് ജോസ് ഇന്ത്യയിലേക്കുള്ള ഒരു യാത്രക്കിടയില്‍ ന്യൂഡല്‍ഹിയിലുള്ള ‘ശങ്കേഴ്സ് വീക്കിലി’യുടെ ഓഫിസ് സന്ദര്‍ശിക്കുകയുണ്ടായി. ന്യൂസ് ‘ക്രോണിക്കിള്‍ ഗ്രൂപ്’ എന്ന പത്രസ്ഥാപനം ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘സ്റ്റാര്‍’ എന്ന സായാഹ്ന പത്രത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു ജോസ്. ഇന്ത്യന്‍ ജീവിതത്തെ സ്കെച്ചുചെയ്യുക എന്നതായിരുന്നു ജോസിന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം.
ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ കുലപതിയായി അറിയപ്പെടുന്ന ശങ്കറുമായി സംസാരിച്ച ശേഷം എഡിറ്റോറിയല്‍ ഓഫിസില്‍നിന്നും പുറത്തേക്കിറങ്ങവേ തൊട്ടടുത്ത മുറിയില്‍ ചെറുപ്പക്കാരായ നാല് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചുകൊണ്ടിരിക്കുന്നത് ജോസ് കണ്ടു. ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ഭാവി എന്തെന്നറിയാനുള്ള കൗതുകത്താല്‍ അദ്ദേഹം അവരുടെ അടുത്തേക്ക് ചെന്നു. പിൽക്കാലത്ത് പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളായി തീര്‍ന്ന കുട്ടി, സാമുവേല്‍, പ്രകാശ് എന്നിവര്‍ക്കൊപ്പം എബ്രഹാം എന്നുപേരുള്ള പൊക്കംകുറഞ്ഞു മെലിഞ്ഞ ഒരു യുവാവുമുണ്ടായിരുന്നു ആ കൂട്ടത്തിൽ. അവരുടെ രചനകള്‍ ജോസിന് ഇഷ്ടമായി. കൂട്ടത്തില്‍ ‘ശങ്കേഴ്സ് വീക്കിലി’യുടെ ഏറ്റവും പുതിയ ലക്കത്തിനുവേണ്ടി വരച്ച ചില കാര്ട്ടൂണുകള് നോക്കി “ഇവ ലണ്ടനില്‍ വിറ്റഴിയും” എന്ന് അദ്ദേഹം പറഞ്ഞു. എബ്രഹാമായിരുന്നു അവ വരച്ചിരുന്നത്.
ജേണലിസ്റ്റായി വിദേശത്ത് ജോലിചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ആ യുവാവ് അപ്പോള്‍ത്തന്നെ തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഉറപ്പിച്ചു. ലണ്ടനില്‍ തിരിച്ചെത്തിയ ജോസ്, എബ്രഹാമിനെ മറന്നില്ല. രണ്ടുവരിയില്‍ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു കത്തയച്ചു. “പ്രിയ എബ്രഹാം, താങ്കള്‍ എന്നാണ് വരുന്നത്?” തിരുവിതാംകൂര്‍ എന്ന അതിവിദൂരമായ നാട്ടുരാജ്യത്തില്നിന്ന് ഡല്‍ഹിയില്‍ എത്തപ്പെട്ട ‘ആറ്റുപ്പുറത്ത് മാത്യു എബ്രഹാം’ എന്ന എബ്രഹാം 1953 ജൂലൈ അവസാനം തന്റെ 32ാമത്തെ വയസ്സില്‍ ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി.
‘ജല്‍ ജവഹര്‍’ എന്ന ആ കപ്പല്‍ അറബിക്കടല്‍ കടന്ന്, ചെങ്കടല്‍ താണ്ടി, സൂയസ് കനാല്‍ വഴി ആഗസ്റ്റ് 18ന് ഇംഗ്ലണ്ടില്‍ എത്തിച്ചേര്‍ന്നു. വിദ്യാസമ്പന്നനും എന്നാല്‍ ദരിദ്രഫ്യൂഡല് പശ്ചാത്തലങ്ങളില്‍ ജനിച്ചുവളര്ന്നവനുമായ എബ്രഹാം എന്ന ആ നാട്ടിന്പുറത്തുകാരന് ‘അബു’ എന്ന തൂലികനാമത്തില്‍ വിശ്വവിഖ്യാതനായ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായി പരിണമിക്കുന്നതിനായി നിയോഗിക്കപ്പെട്ട യാത്രയായിരുന്നു അത്. പിന്നീട് 40 വര്‍ഷത്തോളം നീണ്ടുനിന്ന ഒരു സർഗജീവിതത്തിന്റെ തുടക്കം.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ ഒരു കാർട്ടൂണിസ്റ്റാകുക എന്നതായിരുന്നില്ല എബ്രഹാമിന്റെ ജീവിതലക്ഷ്യം. അദ്ദേഹത്തെ ആകർഷിച്ചിരുന്നത് പത്രപ്രവർത്തനമാണ്. ജേണലിസത്തിലൂടെ ലോകത്തെ മാറ്റിമറിക്കാം എന്ന ആഗ്രഹമായിരുന്നില്ല ആ അഭിനിവേശത്തിന് കാരണം. മറിച്ച് പ്രിന്റ് മീഡിയത്തോടുള്ള താൽപര്യമായിരുന്നു. ഒരഭിമുഖത്തിൽ, പത്രങ്ങളും മാസികകളും വായിക്കുന്നത് ചെറുപ്പകാലം മുതൽ ഒരു ലഹരിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്.
1946ല്‍ ‘ദി ബോംബെ സെന്റിനൽ’ എന്ന പത്രത്തിൽ തന്റെ ആദ്യ ന്യൂസ് റിപ്പോർട്ട് പ്രിന്റ് ചെയ്തു വന്ന ദിവസം തോന്നിയ അതേ ‘ത്രിൽ’ പിൽക്കാലത്ത് തന്റെ ലേഖനങ്ങൾ പത്രങ്ങളിലും മാസികകളിലും പ്രസിദ്ധീകരിച്ചു കാണുമ്പോഴും തോന്നിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഫ്രഞ്ച്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 1945ല്‍ ബിരുദ പഠനം പൂർത്തിയാക്കി പത്രപ്രവര്‍ത്തകന്റെ ജോലി തേടി അദ്ദേഹം ബോംബെയിലേക്ക് പോയി. എഴുത്തിലും പത്രപ്രവര്‍ത്തനത്തിലും താൽപര്യമുള്ളപ്പോള് തന്നെ വരക്കാനുള്ള നൈസർഗികമായ കഴിവ് അദ്ദേഹം ഒരിക്കലും ഉപേക്ഷിച്ചില്ല. മാത്രമല്ല, നിരന്തര സാധനയിലൂടെ അതിനെ കൂടുതല്‍ മികവുള്ളതാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു.
എബ്രഹാമിന്റെ ആദ്യ തട്ടകമായിരുന്ന ‘ദി ബോംബെ സെന്റിനൽ’ അക്കാലത്തെ പ്രമുഖ ദേശീയപത്രമായിരുന്ന ‘ബോംബെ ക്രോണിക്കി’ളിന്റെ കീഴിലുള്ള ടാബ്ലോയ്ഡ് രൂപത്തിലുള്ള സായാഹ്ന പത്രമായിരുന്നു. ക്രോണിക്കിളിന് വേണ്ടി നീണ്ട അഞ്ചു വര്‍ഷം ബോംബെ നഗരത്തില്‍ റിപ്പോര്‍ട്ടറായി അദ്ദേഹം പണിയെടുത്തു. രാവിലെ സായാഹ്ന എഡിഷനുവേണ്ടിയും ഉച്ചക്കുശേഷം മുഖ്യപത്രത്തിന്റെ പ്രഭാത എഡിഷനുവേണ്ടിയും. ഇതോടൊപ്പം ‘ബ്ലിറ്റ്സ്’, ‘ഭാരത്’ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി ഫ്രീലാന്‍സായി ജോലിചെയ്യുകയും ഒഴിവ് സമയങ്ങളില്‍ കാര്‍ട്ടൂണ്‍ വരക്കുകയും ചെയ്തു.
ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് അക്കാലത്ത് എബ്രഹാമിന്റെ ജോലിയുടെ ഭാഗമായിരുന്നു. ഈ നേതാക്കളുടെ വീക്ഷണങ്ങൾ ജീവിതകാലം മുഴുവൻ തനിക്ക് പ്രചോദനമായിരുന്നു എന്ന് അബു പിൽക്കാലത്ത് പറയുകയുണ്ടായി. 1951 മുതലാണ് അബു എബ്രഹാം കാര്‍ട്ടൂണ്‍ രചനയിലേക്ക് കൂടുതല്‍ ശ്രദ്ധനൽകി തുടങ്ങുന്നത്. അതിനു കാരണമായത് ശങ്കറാണ്. എബ്രഹാമിന്റെയുള്ളിലെ കാര്‍ട്ടൂണിസ്റ്റിന്റെ ശക്തി തിരിച്ചറിഞ്ഞ ശങ്കര്‍ അദ്ദേഹത്തെ ‘ശങ്കേഴ്സ് വീക്കിലി’യിലേക്ക് ക്ഷണിച്ചു.
എബ്രഹാമിന്റെ സമകാലികരായിരുന്ന ആര്.കെ. ലക്ഷ്മണും ഒ.വി. വിജയനും ബാല്‍ താക്കറേയും ബീരേശ്വറുമൊക്കെ അക്കാലത്ത് ‘ശങ്കേഴ്സ് വീക്കിലി’യിൽ ജോലിചെയ്തിരുന്നു. ഇംഗ്ലണ്ടിലേക്ക് പോകും മുമ്പ് രണ്ടു വർഷം അബു എബ്രഹാം ‘ശങ്കേഴ്സി’ല്‍ ഉണ്ടായിരുന്നു. പിന്നീടുള്ള ഇംഗ്ലണ്ടിലെ 15 വർഷമാണ് എബ്രഹാമിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാലഘട്ടം.
ഇംഗ്ലണ്ടിലെത്തിയ എബ്രഹാമിനെ ഫ്രെഡറിക് ജോസ് ‘പഞ്ച്’ മാസികയുടെ എഡിറ്ററായിരുന്ന മാൽക്കം മഗര്റിഡ്ജിന് പരിചയപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ എബ്രഹാമിന്റെ ഒരു കാർട്ടൂൺ ‘പഞ്ചി’ൽ പ്രസിദ്ധീകരിച്ചു. ഈ ആത്മവിശ്വാസത്തിൽ എബ്രഹാം ധാരാളം വരക്കുകയും അവ നിരവധി പത്രങ്ങൾക്കും മാസികകൾക്കും അയച്ചുകൊടുക്കുകയും ചെയ്തു. പലതും തിരസ്കരിക്കപ്പെട്ടു. ചിലതൊക്കെ വെളിച്ചം കണ്ടു. ലണ്ടനിലെ ജീവിതം ദുഷ്കരമായിരുന്നു. എങ്കിലും വരച്ചുകിട്ടുന്ന തുകയിൽനിന്ന് മിച്ചംപിടിച്ച് അദ്ദേഹം പാരിസും റോമും സന്ദർശിച്ചു. ഒരു ഫ്രീലാന്‍സറായി ലണ്ടനിൽ രണ്ടു വർഷം കടന്നുപോയി. ഒടുവിൽ ഇന്ത്യയിലേക്ക് മടങ്ങിപ്പോയാലോ എന്ന് ആലോചിച്ചു തുടങ്ങി.
മടക്കയാത്രക്കുള്ള പണം കൈയിലില്ല എന്നത് മാത്രമായിരുന്നു തടസ്സം. പൊടുന്നനെ വലിയൊരു വഴിത്തിരിവ് എബ്രഹാമിന്റെ ജീവിതത്തില്‍ സംഭവിച്ചു. ‘ട്രൈബ്യൂൺ’ വാരികയുടെ എഡിറ്ററായ മൈക്കൽ ഫുട് എബ്രഹാമിന്റെ രണ്ട് പൊളിറ്റിക്കൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ രണ്ടാമത്തെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന്റെ രണ്ടാംദിവസം ‘ദി ഒബ്സർവർ’ പത്രത്തിന്റെ എഡിറ്ററായ ഡേവിഡ് ആസ്റ്ററിന്റെ ഒരു കത്ത് എബ്രഹാമിന് ലഭിച്ചു. ‘താങ്കളുടെ കാർട്ടൂണുകളിൽ ഞങ്ങള്‍ക്ക് താൽപര്യമുണ്ട്.
‘ഒബ്സർവറി’ന് വേണ്ടി ചില രചനകൾ താങ്കൾ നല്‍കാമോ?’ രണ്ടുദിവസം കഴിഞ്ഞ്, കത്തില്‍ പറഞ്ഞപ്രകാരം എബ്രഹാം പത്രത്തിന്റെ ഓഫിസിൽ നേരിട്ട് ചെല്ലുമ്പോൾ ‘ഒബ്സർവറി’ലെ സ്റ്റാഫ് കാർട്ടൂണിസ്റ്റിന്റെ ജോലി ആസ്റ്റർ വാഗ്ദാനം നൽകുകയാണ് ചെയ്തത്. പത്രത്തിന്റെ 100 വര്‍ഷത്തെ ചരിത്രത്തില്‍ അവര്‍ക്ക് ഒരിക്കലും ഒരു സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ഉണ്ടായിരുന്നില്ല. എബ്രഹാം ശരിക്കും അത്ഭുതപ്പെട്ടു. അതിസങ്കീർണമായ ലോകരാഷ്ട്രീയത്തെ വിശകലനം ചെയ്യാനും സത്യത്തെ തുറന്നുകാണിക്കാനും കഴിയുന്ന പ്രതിഭാശാലിയായ യുവാവാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് ആസ്റ്റർ തിരിച്ചറിഞ്ഞിരിക്കണം. ‘‘മറ്റു കാർട്ടൂണിസ്റ്റുകളെ പോലെ താങ്കൾ ഒരു ക്രൂരനല്ല. നിങ്ങളെപ്പോലെ ഒരാളെയാണ് ഞാൻ കാത്തിരുന്നത്’’, ആസ്റ്റർ പറഞ്ഞു.
1956 ഏപ്രിൽ മുതലാണ് എബ്രഹാമിന്റെ കാർട്ടൂൺ ‘ഒബ്സർവറി’ൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. പ്രസിദ്ധീകരണത്തിനായി കാർട്ടൂൺ നൽകുമ്പോൾ പതിവുപോലെ ചിത്രത്തിനു താഴെ കാർട്ടൂണിസ്റ്റിന്റെ പേര് ‘എബ്രഹാം’ എന്നാണ് എഴുതിയിരുന്നത്. എബ്രഹാം എന്നതിനു പകരം ഒരു തൂലിക നാമം ഉപയോഗിച്ചാൽ നന്നായിരിക്കുമെന്ന് ആസ്റ്റർ അഭിപ്രായപ്പെട്ടു. മധ്യപൂർവേഷ്യയിൽ ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം ചൂടുപിടിച്ചു തുടങ്ങിയിരുന്ന സമയമായിരുന്നു അത്. ‘‘യൂറോപ്പിൽ എബ്രഹാം എന്ന പേര് ഒരു ജൂതമത വിശ്വാസിയെ സൂചിപ്പിക്കുന്നു. പക്ഷേ താങ്കൾ അങ്ങനെയല്ല താനും. എബ്രഹാം എന്ന പേര് താങ്കളുടെ കാർട്ടൂണുകളിലെ നിഷ്പക്ഷതയെ പ്രതികൂലമായി ബാധിച്ചെന്ന് വരും’’ -ആസ്റ്റർ പറഞ്ഞു.
‘‘അബു എന്നായാലോ?’’
‘‘എബ്രഹാം ചോദിച്ചു.’’
‘‘പെർഫക്ട്. ആ പേരിനൊരു നിഗൂഢതയുമുണ്ട്.’’
അങ്ങനെ 1956 ഏപ്രിൽ 6 വെള്ളിയാഴ്ച, ആറ്റുപുറത്ത് മാത്യു എബ്രഹാം, അബുവായി പരിണമിച്ചു. തന്റെ രണ്ടാം മാമോദീസ എന്നാണ് അബു എബ്രഹാം തന്റെ ഓർമക്കുറിപ്പുകളില് ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്.
അത്യന്തം ഉജ്ജ്വലമായ ലോകസാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. മതവും രാഷ്ട്രീയവും ഹിംസയും സമാധാനവും ജനാധിപത്യവും കമ്യൂണിസവും ലോക വിപണിയുമൊക്കെ കൂടിക്കുഴഞ്ഞ ഒരന്തരീക്ഷം. ഈ സന്ദിഗ്ധതകളിൽ, സ്വതന്ത്രചിന്തയും യുക്തിബോധവും കൈമുതലായുള്ള ഒരു മനുഷ്യൻ നടത്തിയ പൊളിറ്റിക്കൽ കമന്ററിയാണ് അബുവിന്റെ അക്കാലത്തെ കാർട്ടൂണുകൾ. അത് എല്ലാത്തരം സർവാധിപത്യങ്ങൾക്കെതിരെയും മൗലികവാദങ്ങള്ക്കെതിരെയും രാഷ്ട്രീയ നാട്യങ്ങള്ക്കെതിരെയും വംശീയവെറിക്കെതിരെയും നിർഭയമായി നിലകൊണ്ടു. സൗമ്യവും എന്നാൽ, മൂർച്ചയേറിയതും സൂക്ഷ്മവുമായ ഭാഷയിൽ സംസാരിച്ചു.
പത്ത് വര്‍ഷം ‘ഒബ്സര്‍വറി’ലും മൂന്ന് വര്‍ഷം ‘ഗാര്‍ഡിയനി’ലും ജോലിചെയ്ത ശേഷം 1969ല്‍ അബു എബ്രഹാം ഇന്ത്യയിലേക്ക് തിരിച്ചുവന്നു. ന്യൂഡല്‍ഹിയില്‍, ‘ഇന്ത്യൻ എക്സ്പ്രസി’ലെ പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പെട്ടെന്നുള്ള മരണശേഷം ഇന്ദിര ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായിത്തീര്‍ന്ന സമയമായിരുന്നു അത്. ഇന്ദിര ഗാന്ധി അബുവിന്റെ കാര്‍ട്ടൂണുകളിലെ കേന്ദ്രകഥാപാത്രമായി മാറി. അവരുടെ ഏറ്റവും വലിയ വിമര്‍ശകനായിത്തീര്‍ന്നു അബു. യഥാർഥത്തില്‍, ഇന്ദിരയെ മുന്നില്‍നിറുത്തി അബു എബ്രഹാം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കഥ പറയുകയായിരുന്നു. കേന്ദ്ര ഭരണത്തിലും, കോൺഗ്രസിനുള്ളിലും പുറത്തും, പ്രാദേശികതലത്തിലും അധികാരത്തിനുവേണ്ടി നടന്ന കടുത്ത മത്സരത്തിന്റെ പരിണതഫലം എന്ന വിധം 1975 ജൂൺ 26ന് ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യൻ പ്രസിഡന്റായിരുന്ന ഫക്രുദീൻ അഹമ്മദ് അടിയന്തരാവസ്ഥ നടപ്പാക്കാനുള്ള ഓർഡിനൻസിൽ ഒപ്പിടുന്ന രംഗത്തെ ചിത്രീകരിക്കുന്ന അബുവിന്റെ കാർട്ടൂൺ ആ കാലഘട്ടത്തിന്റെ എക്കാലത്തെയും വലിയ ഐക്കണായി ഇന്നും കരുതപ്പെടുന്നു. അടിയന്തരാവസ്ഥയുടെ ഭാഗമായി പത്രസ്വാതന്ത്ര്യവും പൗരന്മാരുടെ സ്വതന്ത്രമായ ആവിഷ്കാര അവകാശവും നിരോധിക്കപ്പെട്ടു. കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും മേൽ സെൻസർഷിപ് നിലവിൽ വന്നു. അബുവിന്റെ ഈ കാലഘട്ടങ്ങളിലെ കാർട്ടൂണുകൾ ഈ പരിവർത്തനത്തിന്റെ അന്തർനാടകങ്ങളെ വെളിപ്പെടുത്തുന്നവയാണ്. ഒരു രാഷ്ട്രത്തിന്റെ, ചിരിയിലും വിഷാദത്തിലും എഴുതിയ ജീവചരിത്രം കൂടിയാണത്.
സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിൽ ഒരു പത്രപ്രവർത്തകനും കാര്‍ട്ടൂണിസ്റ്റും എങ്ങനെയാണ് തന്റെ ദൗത്യം നിറവേറ്റേണ്ടത് എന്നതിന്റെ ഏറ്റവും മികച്ച മാതൃകയാണ് അടിയന്തരാവസ്ഥക്കാലത്തെ അബു എബ്രഹാമിന്റെ കാർട്ടൂണുകൾ. അടിയന്തരാവസ്ഥയുടെ നാളുകളിൽ അദ്ദേഹം രാജ്യസഭാഗംകൂടിയായിരുന്നു. 1972ലാണ് അദ്ദേഹം ആ സ്ഥാനത്ത് എത്തിയത്. ’78 വരെ രാജ്യസഭയിൽ തുടർന്നു. പക്ഷേ, ഇത് അടിയന്തരാവസ്ഥയെ വിമർശിക്കുന്നതിൽനിന്നും ഒരിക്കലും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. നിർഭയനായി എഴുത്തിലൂടെയും വരയിലൂടെയും അദ്ദേഹം തന്റെ അഭിപ്രായങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. ഇത് ഇന്ദിര ഗാന്ധിയുമായി ഇടയുന്നതിനും അദ്ദേഹത്തിന്റെ കാർട്ടൂൺ സെൻസർമാർ ഇടപെട്ട് നിരോധിക്കുന്നതിനും ഇടയാക്കി.
‘രാജ്യസുരക്ഷക്കുവേണ്ടിയാണ് അടിയന്തരാവസ്ഥ എന്ന് നിങ്ങൾ പറയുന്നു, പക്ഷേ അതിനായി ഹാസ്യത്തെ നിങ്ങൾ എന്തിന് നിരോധിക്കണം?’ രാജ്യസഭയിൽ അദ്ദേഹം ഭരണകൂടത്തോട് ചോദിച്ചു. ഈ നിരോധനങ്ങളെയെല്ലാം മറികടക്കുന്ന ഹാസ്യാത്മകവും സൂക്ഷ്മവുമായ ഒരു രചനാശൈലി അദ്ദേഹം കണ്ടെത്തുകയും തനിക്ക് പറയാനുള്ളത് ജനങ്ങളിൽ എത്തിക്കുകയും ചെയ്തു. ഈ കാലത്തെ കാര്ട്ടൂണുകള് ‘ഗെയിംസ് ഓഫ് എമർജൻസി’ എന്ന പേരിൽ 1977ല്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥക്കാലത്തെ അബുവിന്റെ പ്രസിദ്ധീകരിക്കാത്ത എഴുത്തുകളും വരകളുമാണ് അതിന്റെ ഉള്ളടക്കം. ആവിഷ്കാര സ്വാതന്ത്ര്യത്തോടും സത്യത്തോടുമുള്ള അബു എബ്രഹാമിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ആ പുസ്തകം.
അബു എബ്രഹാം ഒരു കാർട്ടൂണിസ്റ്റ് മാത്രമായിരുന്നില്ല വലിയൊരു എഴുത്തുകാരനും റിപ്പോർട്ടറും പത്രാധിപരും കൂടിയായിരുന്നു. വിയറ്റ്നാമിലേക്കും ബംഗ്ലാദേശിലേക്കും യുദ്ധകാലഘട്ടത്തിൽ അദ്ദേഹം റിപ്പോർട്ടറായി യാത്രചെയ്തു. നിരവധി പുസ്തകങ്ങൾ രചിച്ചു. ‘അബു ഓൺ ബംഗ്ലാദേശ്’ (1972) ‘പ്രൈവറ്റ് വ്യൂ’ (1974) ‘അറൈവൽ ആൻഡ് ഡിപാര്‍ച്ചേഴ്സ്’ (1983) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. 1988ല്‍ ‘ദ പെൻഗ്വിന് ബുക്സ് ഓഫ് ഇന്ത്യൻ കാർട്ടൂൺസ്’ എന്ന ഗ്രന്ഥം എഡിറ്റ് ചെയ്തു.
‘നോ ആർക്ക്സ്’ എന്ന അബു എബ്രഹാമിന്റെ ഷോര്‍ട്ട് ഫിലിമിന് 1970ൽ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡും ലഭിക്കുകയുണ്ടായി. 1981 വരെ അദ്ദേഹം ‘ഇന്ത്യൻ എക്സ്പ്രസി’ല്‍ ജോലിചെയ്തു. അതിനുശേഷം സ്വതന്ത്രമായ രചനകളിലേക്ക് തിരിഞ്ഞു. ‘സാൾട്ട് ആൻഡ് പെപ്പർ’ എന്ന സ്ട്രിപ് കാർട്ടൂൺ പരമ്പര തന്റെ താത്ത്വികമായ വീക്ഷണങ്ങൾ അവതരിപ്പിക്കാനായി അദ്ദേഹം തുടങ്ങിയതാണ്. 1988ല്‍ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിവന്നു. 2002 വരെ എഴുത്തിലും വരയിലും മുഴുകി.
1924 ജൂണ്‍ 11ന് പഴയ തിരുവിതാംകൂറിലെ മാവേലിക്കരയില്‍ എ.എം. മാത്യുവിന്റെയും കാന്തമ്മയുടെയും ഏക മകനായാണ് അബു എബ്രഹാം ജനിച്ചത്. അദ്ദേഹം രണ്ടുതവണ വിവാഹിതനായി. ആദ്യഭാര്യ സരോജിനി. അവര്‍ വേര്‍പിരിഞ്ഞു. അവരില്‍ രണ്ട് പെണ്മക്കള്. ആയിഷയും ജാനകിയും. പിന്നീട് ബ്രിട്ടീഷുകാരിയായ സൈക്കിയെ അദ്ദേഹം വിവാഹം ചെയ്തു. 2002 ഡിസംബർ 1ന് അബു എബ്രഹാം അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.