അര നൂറ്റാണ്ടിന്റെ പ്രവാസനിറവിൽ പൊന്നാനിയുടെ സാലിഹ്ക്ക
text_fieldsമസ്കത്ത്: പൊന്നാനിയിലെ പുതുവീട് തറവാട്ടിലെ അസീസ് അബ്ദുൽ സാലിഹിന്റെ മസ്കത്തിലെ പ്രവാസജീവിതത്തിന് കഴിഞ്ഞദിവസം അരനൂറ്റാണ്ട് പൂർത്തിയായി. 1973 മാർച്ച് മൂന്നിന് മത്രയിൽ കപ്പലിറങ്ങിയ ഇദ്ദേഹം ബേക്കറി ജീവനക്കാരനായാണ് പ്രവാസജീവിതം ആരംഭിക്കുന്നത്. കഠിനമായ യത്നത്തിലൂടെ പടവുകൾ കയറി ഉയരങ്ങളിലെത്തിയ സാലിഹ് ഒമാനിലെ പ്രമുഖ മസാലപ്പൊടി സ്ഥാപനമായ അസീൽ സ്പൈസസിന്റെ മാനേജിങ് ഡയറക്ടറാണ് നിലവിൽ. 2014ൽ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഇപ്പോഴും ഒമാനിൽതന്നെയാണ് കഴിയുന്നത്.
ചികിത്സ ആവശ്യാർഥം ഇടക്കിടെ നാട്ടിൽപോവേണ്ടി വരാറുണ്ടെങ്കിലും ജീവിതത്തിന്റെ മുക്കാൽ ഭാഗവും സുൽത്താനേറ്റിൽ ജീവിച്ച അദ്ദേഹത്തിന് ഒമാൻ തന്നെയാണ് ഏറെ ഇഷ്ടം. 1974 അവസാനത്തേടെയാണ് മത്രയിൽ ഒമാനിയുടെ വ്യാപാര സ്ഥാപനത്തിൽ പെട്ടിയും പുതപ്പുമൊക്കെ വിൽക്കുന്ന ചെറിയ കടയിലേക്ക് ജോലിമാറുന്നത്. അന്ന് മത്ര സൂഖൊന്നും ഉണ്ടായിരുന്നില്ല. ഉള്ള കടകളിൽ ബഹുഭൂരിപക്ഷവും ഒമാനികൾ തന്നെയാണ് നടത്തിയിരുന്നത്. മലയാളികളുടേതായി ഒരു ഹോട്ടൽ മാത്രമാണുണ്ടായിരുന്നത്. ഇന്നത്തെ പോലെ മലയാളി സാന്നിധ്യമൊന്നും മത്രയിൽ ഉണ്ടായിരുന്നില്ല. 25ഓളം മലയാളികൾ മാത്രമാണ് അന്നുണ്ടായിരുന്നത്.
1975 ലാണ് മത്രയിലെ ജിബ്രുവിൽ ആദ്യത്തെ വ്യാപാര സ്ഥാപനം ആരംഭിക്കുന്നത്. അതേവർഷംതന്നെ റൂവി അൽ നാസർ സിനിമക്ക് സമീപം ഹോട്ടലും ആരംഭിച്ചു. 1977ലാണ് വ്യാപാര മേഖല ഹദറയിലേക്ക് മാറ്റിയത്. ഇവിടെ ജബൽ അൽ ഹൂർ എന്നപേരിൽ ഗ്രോസറി കടയും ഹോട്ടലും തുടങ്ങി. ഈ ഗ്രോസറിയാണ് പെങ്ങളുടെ മകൻ അബ്ദുൽ റഹീമിന്റെ ഉടമസ്ഥതയിലുള്ള താജ് ഹൈപ്പർമാർക്കറ്റായി മാറിയത്. അക്കാലത്ത് ഹദറയിൽ റോഡ്, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്നില്ല. ജനറേറ്ററാണ് വെളിച്ചത്തിനും മറ്റും ഉപയോഗിച്ചിരുന്നത്.
1990ലാണ് അസീൽ സ്പൈസസ് ആരംഭിച്ചത്. സ്രാവിന്റെ വാലും ചിറകുകളും വിദേശത്തേക്ക് കയറ്റിയയക്കുന്നതും മറ്റു നിരവധി ബിസിനസുകളും നടത്തിയിരുന്നു. ഒമാനിലേക്ക് ദുബൈയിൽനിന്ന് ഉൽപന്നങ്ങൾ എത്തിച്ച് വിൽപന നടത്തുന്നതടക്കം നിരവധി സംരംഭങ്ങൾക്ക് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. കേരളത്തിൽനിന്ന് 500ഓളം ആളുകളെ വിവിധ സമയങ്ങളിലായി ഇദ്ദേഹം ഒമാനിൽ ജോലിക്കെത്തിച്ചിട്ടുണ്ട്.
എം.എ. അസീസിന്റെയും മറിയം ബീയുടെയും മൂന്നു ഭാര്യമാരിലെ 31 മക്കളിൽ ഒരാളാണ് സാലിഹ്. മറിയംബീക്ക് 15 മക്കളാണുണ്ടായിരുന്നത്. സക്കീന, സൗദ എന്നിവരാണ് സാലിഹിന്റെ ഭാര്യമാർ. ലുബ്ന, നസീബ്, റജുല, സാദിഖ്, ഷഹ്ല, സഫ്വാന എന്നിവർ മക്കളാണ്. മകൻ നസീബ് അൽ അസീൽ സ്പൈസസിന്റെ മാനേജറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.