സന്തോഷത്തിന്റെ താക്കോൽ എവിടെ...?
text_fieldsസന്തോഷിക്കാൻ ഒരു നൂറു കാര്യങ്ങൾ ഉണ്ടെങ്കിലും എന്തുകൊണ്ടോ സങ്കടത്തോടാണ് നമുക്കൊരു ചായ്വ് കൂടുതൽ. നമ്മൾ ചെയ്ത ഒരു കാര്യത്തിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ കിട്ടിയാലും ആരെങ്കിലും ഒരു മോശം അഭിപ്രായം പറഞ്ഞാൽ എത്ര പെട്ടെന്നാണ് നമ്മളതിൽ കുരുങ്ങിപ്പോകുന്നത്. പക്ഷേ, നമ്മൾ മറന്നുപോകുന്ന ഒരു കാര്യം സങ്കടങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സന്തോഷത്തിന് വിലയുള്ളൂ എന്നതാണ്.
വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2020ലൂടെ കടന്നു പോയപ്പോൾ സന്തോഷത്തിന്റെ കാര്യത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഫിൻലൻഡ് എന്ന രാജ്യമാണ്. അവിടത്തെ ആളുകളുടെ സന്തോഷ രഹസ്യം 'ബാലൻസ് ഓഫ് ലൈഫ്' ആണ്, എല്ലാം ആവശ്യത്തിനു മാത്രം. ഒരു മാസം അഞ്ചക്ക ശമ്പളം ലഭിക്കുന്ന ജോലിയാണെങ്കിലും അത് ആവശ്യത്തിൽ കൂടുതൽ സ്ട്രെസ് നൽകുന്നതാണെങ്കിൽ, കുടുംബവുമായി ചെലവഴിക്കുന്ന സമയത്തെ വെട്ടിക്കുറക്കുന്നുണ്ടെങ്കിൽ അധികകാലം ആ ജോലിയിൽ അവർ തുടരില്ല. കുടുംബവും ജോലിയും പണവും സംതൃപ്തിയും ഒരുമിച്ചു ചേർന്നാണ് അവരുടെ സന്തോഷത്തെ നിശ്ചയിക്കുന്നത്.
ഈ റിപ്പോർട്ടിന്റെ എഡിറ്റർ ജെഫ്രി സാഷ്സ് പറയുന്നത്, ''ഫിൻലൻഡിൽ ഒരാൾക്ക് ആവശ്യത്തിൽ കൂടുതൽ പണമുണ്ടെങ്കിൽ മറ്റുള്ളവർ ചിന്തിക്കുന്നത് 'ഇയാൾക്കെന്തോ പ്രശ്നമുണ്ട്' എന്നാണ്.'' അവരുടെ സന്തോഷത്തിന് മറ്റൊരു കാരണമായി പറയുന്നത് ഗവൺമെൻറും പൗരന്മാരും തമ്മിെല ബന്ധമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ടാക്സ് കൊടുക്കുന്ന ആളുകൾ ഇവിടെയാണ്. വരുമാനത്തിന്റെ ഏകദേശം 60 ശതമാനം. ടാക്സ് നൽകുന്നതിൽ ജനങ്ങൾക്ക് സന്തോഷം മാത്രമേയുള്ളൂ. കാരണം, തങ്ങളുടെ ആരോഗ്യവും കുട്ടികളുടെ വിദ്യാഭ്യാസവുംകുടുംബങ്ങളുടെ സാമൂഹിക സുരക്ഷയും സർക്കാർ നോക്കിക്കൊള്ളും എന്ന കാര്യത്തിൽ അവർക്ക് അത്രമേൽ ഉറപ്പുണ്ട്.
നമ്മിൽ കൗതുകം ജനിപ്പിക്കുന്ന മറ്റൊരു സംഗതി ഫിൻലൻഡ് തന്നെയാണ് ആത്മഹത്യ നിരക്കിലും ഒന്നാം സ്ഥാനത്തുള്ളത്. അതൊരു വിരോധാഭാസമായി തോന്നുന്നില്ലേ? വർഷം മുഴുവനും അതിശൈത്യത്തിലൂടെയും കനത്ത മഴയിലൂടെയും കടന്നുപോകുന്ന രാജ്യമാണിത്. മാനസികാരോഗ്യവും ശരീരചലനവുമായി ബന്ധമുണ്ട് എന്നാണ് പറയപ്പെടുന്നത്, 'The more you move the more you live and ultimate lack of movement is death'. കാലാവസ്ഥ അവരുടെ സ്വതന്ത്രമായ സഞ്ചാരത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ട്.
പിന്നീട് പറയുന്ന കാര്യമാണ് ഞാൻ ഈ കുറിപ്പിലൂടെ നിങ്ങളോട് പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് 'happiness can be boring'. സന്തോഷത്തിന് വിലയുണ്ടാകുന്നത് അത് വല്ലപ്പോഴും കടന്നുവരുന്നതുകൊണ്ടാണ്, നമ്മുടെ ജീവിതം ഒരു പ്രശ്നങ്ങളുമില്ലാതെ ഒരുപാട് കാലം മുന്നോട്ടുപോയാൽ അത് 'മടുപ്പ്' എന്നൊരു വികാരത്തിൽ നമ്മെ കൊണ്ടെത്തിക്കുന്നു. നമ്മുടെ ജീവിതത്തിന് 'ജീവൻ' -life നൽകുന്നത് ശരിക്കും സങ്കടങ്ങളാണ്, ആ സങ്കടങ്ങളിൽ നമ്മൾ മുങ്ങിപ്പോകാതിരിക്കാൻ മാത്രം ഇടക്കു വരേണ്ടതാണ് സന്തോഷം.
ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം സ്വന്തമാക്കുന്നതുവരെ നമ്മൾ യഥാർഥത്തിൽ അനുഭവിക്കുന്നത് അതിലേക്കുള്ള യാത്രയുടെ സന്തോഷമാണ്! സ്വന്തമായി കഴിയുമ്പോൾ പതിയെ അത് നമുക്ക് ആദ്യത്തേതുപോലെ അത്ര പ്രിയപ്പെട്ടതായി മാറുന്നില്ല. സന്തോഷം എന്നത് നമ്മൾ എത്തിച്ചേരേണ്ട ഒരിടമില്ല! മറിച്ച്, എത്തിച്ചേരേണ്ട ഇടങ്ങളിലേക്കുള്ള യാത്രയിൽ നമ്മൾ അനുഭവിക്കുന്ന ആനന്ദമാണ്. എല്ലാം നമ്മൾ ആഗ്രഹിക്കുന്നപോലെത്തന്നെ നടന്നാൽ അത് വൈകാതെ നമ്മെ മടുപ്പിക്കും.
ലോകപ്രശസ്ത ഹാസ്യനടൻ ജിം കാരി പറഞ്ഞിട്ടുള്ള വാചകം ഈ ചിന്തയോട് ചേർത്ത് വായിക്കാവുന്നതാണ്:
''I think everybody should get rich and famous and do
everything they ever dreamed of so they can see that
it's not the answer.''
ആഗ്രഹിച്ചതെല്ലാം നേടിയിട്ടും ഡിപ്രെഷൻ എന്ന മാനസികാവസ്ഥയിലേക്ക് കൂപ്പുകുത്തിയ ഒരാളുടെ വാക്കുകളാണിത്.
സപ്ലി കിട്ടിയ മൂന്നു പേപ്പറുകൾ രണ്ടാമത്തെ ശ്രമത്തിൽ വിജയംകണ്ട ആ രാത്രിയിൽ നേരെ പോയത് ഗുരുതുല്യനായ സുഹൃത്തിെൻറ അടുത്തേക്കായിരുന്നു. ''ഇനിയങ്ങോട്ട് മനസ്സമാധാനമായി ഉറങ്ങാം, എല്ലാ ടെൻഷനും കഴിഞ്ഞു'' എന്നു പറഞ്ഞപ്പോൾ ഇന്ത്യൻ ഫിലോസഫിയിൽ ഡോക്ടറേറ്റുള്ള അദ്ദേഹം പറഞ്ഞത് ''ഇനിയാണ് നീ സൂക്ഷിക്കേണ്ടത്, ഇത്രകാലം നിന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നേടിയെടുക്കാനുള്ള ഈ പേപ്പറുകളായിരുന്നു. ഇപ്പോൾ നിന്റെ ജീവിതത്തിൽ പറയത്തക്ക സങ്കടങ്ങൾ ഒന്നുംതന്നെയില്ല, ഒരു മടുപ്പു നിന്നെ മൂടാൻ സാധ്യതയുണ്ട്'' എന്നാണ്. അത് വളരെ സത്യമായ കാര്യമായിരുന്നു, പുതിയൊരു സങ്കടം എന്നെ തേടിവരുന്നതുവരെ 'ആ അങ്ങനെയൊക്കെ പോകുന്നു' എന്ന ഏറ്റവും വിരസമായ മറുപടിയായിരുന്നു എല്ലാവരുടെയും സുഖാന്വേഷണങ്ങൾക്ക് ഞാൻ കൊടുത്തുകൊണ്ടിരുന്നത്.
വായിച്ചു തീർക്കാനുള്ള പുസ്തകങ്ങൾ ടേബിളിൽ ഇരിക്കുന്നിടത്തോളം കാലം, ഇനിയും സ്വന്തമാക്കാൻ സാധിക്കാത്ത ആ സ്പോർട്സ് കാർ ഷോറൂമിൽ ഇരിക്കുന്നിടത്തോളം കാലം, ഇതുവരെയും വിവാഹത്തിലെത്തിച്ചേരാത്ത പ്രണയം എനിക്ക് ചുറ്റും ഇങ്ങനെ വട്ടംവെക്കുന്നിടത്തോളം കാലം, എന്നെങ്കിലും ബിഗ് സ്ക്രീനിൽ ജീവൻവെച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന തിരക്കഥ എഴുതി പൂർത്തിയാകാത്തിടത്തോളം കാലം ഞാൻ സന്തോഷവാനായിരിക്കും. ഒരിക്കൽ ഇതെല്ലാം ഞാൻ നേടുമായിരിക്കും, അന്ന് പുതിയ ചില സ്വപ്നങ്ങൾ കൂടെ ഉണ്ടാകണമേ എന്ന പ്രാർഥന മാത്രമാണ് ഇപ്പോഴുള്ളത്.
ചുരുക്കിപ്പറഞ്ഞാൽ, ഇനിയും ബാക്കിയായിട്ടുള്ള സ്വപ്നങ്ങളാണ് ജീവിതം എന്ന വണ്ടി ഓടിക്കാനുള്ള ഇന്ധനം. പ്രാർഥനകളൊക്കെ ചെറുതായിട്ട് തിരുത്തി എഴുതിത്തുടങ്ങാം എന്നു തോന്നുന്നു! ദൈവമേ, അത്ര വലുതല്ലാത്ത സങ്കടങ്ങൾ നൽകി നീ എന്നെ അനുഗ്രഹിക്കേണമേ! എന്തെന്നാൽ, സങ്കടങ്ങൾ മാത്രമാണ് സന്തോഷത്തിലേക്കുള്ള താക്കോൽ.
'മാധ്യമം' കുടുംബം മാസികയുടെ 2021 ജനുവരിയിലെ ഹാപ്പിനസ് എഡിഷൻ ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം. മാസികയുടെ ഇ-പതിപ്പ് വായിക്കാൻ:
https://www.magzter.com/IN/Madhyamam/Kudumbam/Home/
https://subscribe.madhyamam.com/#
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.