പ്രമോദ് തൊട്ടാൽ തെങ്ങിൻതടികൾ ശിൽപങ്ങളാകും
text_fieldsതൃശൂർ: സി.എം.എസ് സ്കൂൾമുറ്റത്തെ തെങ്ങിൽ തീർത്ത ശിൽപങ്ങളാൽ അലങ്കരിച്ചിരിക്കുകയാണ് ഒരു കലാകാരൻ.
മരപ്പണിക്കാരനായ മനക്കൊടി നടുവിൽപുരക്കൽ പ്രമോദ് കോവിഡ് സമയത്ത് തെങ്ങിൽ തീർത്ത 67 ശിൽപങ്ങളുടെ പ്രദർശനമായിരുന്നു കാഴ്ചക്കാരെ അതിശയിപ്പിച്ചത്. ഗാന്ധിജി മുതൽ സുരേഷ്ഗോപി വരെയുള്ളവരുടെ മുഖങ്ങളാണ് തെങ്ങിൻതടിയിൽ പ്രമോദ് തീർത്തത്.
അഴീക്കോടൻ രാഘവൻ, ടി.പി. ചന്ദ്രശേഖരൻ, ജയകൃഷ്ണൻ മാസ്റ്റർ, പി. ബാലചന്ദ്രൻ എം.എൽ.എ, ശ്രീബുദ്ധൻ, യേശുക്രിസ്തു, ഇ.എം.എസ്, ഇ.കെ. നായനാർ, എം.എ. യൂസുഫലി തുടങ്ങിയവരുടെ മുഖരൂപം വരെ തെങ്ങിൻതടിയിൽ രൂപംകൊണ്ടു.
ആഫ്രിക്കൻ ഒച്ചുകൾകൊണ്ട് ഗണപതി, പറക്കുന്ന പക്ഷി, തേൾ തുടങ്ങിയ അതിമനോഹര രൂപങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് സമയത്ത് പണി ഇല്ലാതിരുന്നപ്പോൾ രസത്തിനുവേണ്ടി വീട്ടിലിരിപ്പുണ്ടായിരുന്ന തെങ്ങിൻതടിയിൽ നിർമിച്ചുതുടങ്ങിയതാണ് രൂപങ്ങൾ.
കാലിയായ പൈപ്പിൽനിന്ന് മുട്ടുകുത്തിയിരുന്ന് വെള്ളത്തിന് യാചിക്കുന്ന ഒരാളുടെ രൂപം അതിമനോഹരമായി നിർമിച്ചിട്ടുണ്ട്. മരത്തിലെ കൂണുകൾകൊണ്ടും മറ്റൊരു അതിമനോഹര ശിൽപവുമുണ്ട്. ലളിതകല അക്കാദമിയിൽ കോവിഡിന്റെ തുടക്കസമയത്ത് 30 ശിൽപങ്ങൾവെച്ച് പ്രദർശനം നടത്തിയിരുന്നു 50കാരനായ പ്രമോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.