പ്രവാസി ഓണാഘോഷങ്ങളിൽ സ്ഥിരം മാവേലിയായി ജിൻഷാദ്
text_fieldsജിൻഷാദ് മാവേലി വേഷത്തിൽ
ദമ്മാം: പ്രവാസികളുടെ ഓണാഘോഷങ്ങളിൽ സ്ഥിരം മാവേലിയായി ജിൻഷാദ്. സൗദി കിഴക്കൻ പ്രവിശ്യയിലെ ഓണാഘോഷ വേദികളിൽ സ്ഥിരം മാവേലിയായ കൊല്ലം, കരുനാഗപ്പള്ളി തഴവ സ്വദേശി ചോദ്യോത്ത് വീട്ടിൽ ജിൻഷാദിന് ഇനി തിരക്കിന്റെ നാളുകളാണ്. പ്രവാസിലോകത്ത് ഓണാഘോഷം തീരാത്തതിനാൽ മാവേലിവേഷം ആഴ്ചകളോളം കെട്ടേണ്ടി വരും.
ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിൽ സൗദി മെറ്റൽ കോട്ടിങ് കമ്പനിയിൽ ഡ്രൈവറായ ജിൻഷാദ് ഏഴുവർഷം മുമ്പാണ് ആദ്യമായി മാവേലി വേഷം കെട്ടിയത്. ദമ്മാം ദല്ലയിലെ ക്യാമ്പിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ സുഹൃത്തുമൊത്ത് പോയതായിരുന്നു ജിൻഷാദ്. അന്നവിടെ എത്താമെന്നേറ്റിരുന്ന മാവേലി സമയമേറെക്കഴിഞ്ഞിട്ടും എത്താതിരുന്നപ്പോൾ സംഘാടകർ ജിൻഷാദിനെ മാവേലിയാക്കുകയായിരുന്നു.
പിന്നീട് മറ്റു പരിപാടികളിലേക്കും ക്ഷണം കിട്ടി. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കോവിഡ് കാലത്ത് പരിപാടികളിൽ കുറവ് വന്നതൊഴിച്ചാൽ ഓണക്കാലത്ത് ജിൻഷാദിന് തിരക്കോടു തിരക്ക് തന്നെ. ഇത്തവണയും ഇതിനകം രണ്ടു മൂന്ന് വേദികളിൽ മാവേലിവേഷം കെട്ടിക്കഴിഞ്ഞു. ഗൾഫിലെ കുട്ടികൾക്കാണ് മാവേലിയെക്കാണുമ്പോൾ ഏറ്റവും കൗതുകമെന്ന് ജിഷാദ് പറഞ്ഞു. മാവേലിയായി വേഷം കെട്ടുമ്പോൾ കുട്ടികൾക്കായി ചോക്ലറ്റുകൾ കൈയിൽ കരുതാറുണ്ടെന്നും ജിൻഷാദ് പറഞ്ഞു.
സുഹൃത്തുക്കളുടെ സഹായത്തോടെ പട്ടുവസ്ത്രങ്ങളും ആടയാഭരണങ്ങളും ഓലക്കുടയുമൊക്കെ സംഘടിപ്പിച്ച് ആഢ്യത്വം ഒട്ടും കുറയാതെ തന്നെയാണ് മാവേലിയുടെ വരവ്. സോഷ്യൽ മീഡിയകളിലെ സംവാദങ്ങളിലും ചർച്ചകളിലും ടിക്ടോക്കിലുമെല്ലാം സജീവമാണ് ജിൻഷാദ്.
കോവിഡ് കാലത്ത് ഐസൊലേഷൻ വാർഡുകളിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് ആശ്വാസവുമായി ജീവകാരുണ്യപ്രവർത്തനരംഗത്തും ജിൻഷാദ് ഉണ്ടായിരുന്നു. നാട്ടിൽ ലാബ് ടെക്നീഷ്യനായ ഭാര്യ അനീഷയും മക്കളായ ഷിബയും അൽഅമീനുമെല്ലാം പാട്ടും നൃത്തവും അഭിനയവും ഒപ്പം കൊണ്ടുനടക്കുന്നവരാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.