മാലിന്യങ്ങൾ അലങ്കാര വസ്തുവാക്കാൻ പ്രേമരാജന്റെ പരിശീലനക്കളരി
text_fieldsനന്മണ്ട: ഉപയോഗം കഴിഞ്ഞാൽ നാം വെറുതെ ഉപേക്ഷിക്കാറുള്ള പ്ലാസ്റ്റിക് ഉൾപ്പെടെ അലങ്കാര വസ്തുക്കളായി പരിണമിക്കുകയാണ് പ്രേമരാജന്റെ പരിശീലനക്കളയിൽ. പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പുതിയ ചരിത്രംകൂടിയാണ് ഈ കലാകാരൻ വാർത്തെടുക്കുന്നത്. തന്റെ പ്രവൃത്തികളിലൂടെ മാലിന്യ നിർമാർജനത്തിന്റെ സന്ദേശവാഹകൻ കൂടിയാവുകയാണ് നന്മണ്ട പന്ത്രണ്ടിലെ പടിക്കലക്കണ്ടിയിൽ പ്രേമരാജൻ എന്ന കെ.പി. നെടിയനാട്.
നിലവിൽ നാഷനൽ സർവിസ് സ്കീമിന്റെ സഹവാസ ക്യാമ്പുകളുടെ തിരക്കിലാണദ്ദേഹം. വിവിധ സ്കൂളുകളുടെ ക്യാമ്പുകളിൽ പാഴ്വസ്തുക്കൾ കൊണ്ടുള്ള നിർമാണ പരിശീലന ക്ലാസുകൾ നടത്തിയിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്. കുട്ടികൾക്ക് ഇതിലൂടെ വരുമാനംകൂടി കണ്ടെത്താൻ കഴിയുമെന്ന് പ്രേമരാജൻ സാക്ഷ്യപ്പെടുത്തുന്നു.
പാഴ് വസ്തുക്കൾ വെറുതെ ലഭിക്കുമെന്നതിനാൽ അലങ്കാര വസ്തുവായി മാറാൻ ഉപയോഗിക്കുന്ന കളർ മാത്രമാണ് ചെലവ് വരുന്നത്. സ്കൂൾ വാർഷികാഘോഷ പരിപാടികൾ, കുടുംബശ്രീ, റസിഡൻസ് അസോസിയേഷൻ തുടങ്ങിയ വേദികളിലെല്ലാം പ്രേമരാജന്റെ പരിശീലന ക്ലാസുകൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്.
ഏഴുവർഷം മുമ്പുണ്ടായ അപകടത്തിന്റെ തീരാദുരിതത്തിനെ അതിജീവിച്ചുകൊണ്ടാണ് തന്റെ കർമപഥത്തിൽ പ്രേമരാജൻ ശ്രദ്ധേയനാകുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, തെർമോക്കോൾ, സീഡികൾ, മട്ടൽ, കവുങ്ങിൻ പാള തുടങ്ങിയ ഉപയോഗമില്ലെന്ന് കണ്ട് മാറ്റിവെക്കുന്നവയിൽനിന്നാണ് കൗതുകമുണർത്തുന്ന വസ്തുക്കൾ പിറവിയെടുക്കുന്നത്.
ഇതിന്റെ നിർമാണ പരിശീലനത്തിൽ ശാരീരിക ബുദ്ധിമുട്ടുകളെ ഈ കലാകാരൻ കാര്യമാക്കാറില്ല. ജീവിത പ്രതിസന്ധികൾക്ക് മുന്നിൽ തളരാതെ ജീവിതം മുന്നോട്ടുനയിക്കുന്ന പ്രേമരാജൻ എന്ന കലാകാരൻ നമുക്ക് മുന്നിൽ മാതൃക തീർക്കുകയാണ്. പ്രേമരാജന്റെ കലാപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭാര്യ ബിന്ദു, മക്കളായ നിധിൻ രാജ്, മിഥുൻ രാജ് എന്നിവർ ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.