പ്രഫ. ഇബ്രാഹിം ഇബ്നുസൗദിന്റെ സ്വപ്നപദ്ധതിക്ക് സാക്ഷാത്കാരം
text_fieldsകൊല്ലം: അധ്യാപകനും പ്രശസ്ത ശാസ്ത്രജ്ഞനുമായിരുന്ന പ്രഫ. ഇബ്രാഹിം ഇബ്നുസൗദിന്റെ സ്വപ്നപദ്ധതി അദ്ദേഹത്തിന്റെ ശിഷ്യരുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്മയിൽ സാക്ഷാത്കരിക്കപ്പെടുന്നു. അധ്യാപക സ്മരണ നിലനിർത്തുന്ന സ്ഥാപനമായി പത്തനാപുരത്തെ ‘പ്രഫ. ഇബ്നുസൗദ് റൂറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൺസർവേഷൻ ഓഫ് സയൻസ്, ടെക്നോളജി ആൻഡ് ആർട്ട്’ (റിക്സ്റ്റ) മാറ്റുകയാണ് ലക്ഷ്യം.
ശാസ്ത്ര-സാങ്കേതിക-കലാരംഗങ്ങളിലെ അറിവുകൾ പകരുന്ന കേന്ദ്രം ശനിയാഴ്ച രണ്ടിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഇബ്നുസൗദിന്റെ കവിത സമാഹാരം മന്ത്രി ഡോ. ബിന്ദു പ്രകാശനം ചെയ്യുമെന്ന് സംഘാടകരെ പ്രതിനിധീകരിച്ച് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ്, അസി. പ്രഫസർമാരായ ഡോ.എച്ച്. സിമിമോൾ, ഡോ. തരുൺ എ. റൗഫ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇബ്നുസൗദിന്റെ മകനും ആർക്കിടെക്റ്റുമായ ഇബിൻ സത്യജിത്താണ് റിക്സ്റ്റയുടെ മേൽനോട്ടം വഹിക്കുക. എം.ജി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ് സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചിരുന്ന പ്രഫ. ഇബ്രാഹിം ഇബ്നുസൗദ് 2020ൽ ആണ് വിരമിച്ചത്.
കവി, എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ജി സർവകലാശാലയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങളിൽ നിരവധി പേറ്റന്റുകൾ ലഭിച്ചു. ശാസ്ത്രമേഖലയിൽ നിരവധി പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങി. ജേണൽ ഓഫ് ഓർഗാനിക് കെമിസ്ട്രി, ജേണൽ ഓഫ് ഫിസിക്കൽ കെമിസ്ട്രി, ജേണൽ ഓഫ് നാച്ചുറൽ പ്രോഡക്ട്സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ഗവേഷണ സംഘത്തിന് നിരവധി സംഭാവനകളുണ്ട്.
സർവിസിൽനിന്ന് വിരമിച്ചശേഷം പ്രാദേശികമായ ശാസ്ത്രകേന്ദ്രം നടത്താനായിരുന്നു തീരുമാനം. അതിനായി വിരമിക്കൽ ആനുകൂല്യങ്ങളും പൂർവികസ്വത്തുമടക്കം ചെലവിട്ടു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടെയായിരുന്നു വിയോഗം. കേരളത്തിലെ സ്ഥാപനങ്ങളുടെ ലഭ്യമായ ബൗദ്ധികശേഷി രസതന്ത്രവുമായി ബന്ധപ്പെടുത്തി സൂക്ഷ്മമായി പരിശോധിക്കുകയും പഠനപ്രക്രിയയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങളും പരിഹാരങ്ങളും നൽകുകയുമായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനം. ഇതിനുള്ള ശ്രമമാണ് ഇനി നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.