ആയിരങ്ങൾക്കു നടുവിൽ, അഭിമാനത്തോടെ...
text_fieldsഖത്തറിലെ ലോകകപ്പിന് ഏകദേശം ആറ് മാസങ്ങൾക്കു മുമ്പായിരുന്നു വളന്റിയർ ഇന്റർവ്യൂ. നാലു ലക്ഷത്തോളം അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അരലക്ഷത്തിലധികം പേർക്കാണ് അഭിമുഖത്തിന് അവസരം എന്നറിഞ്ഞപ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു.
പിന്നീടുള്ള സാഹചര്യങ്ങളെല്ലാം പലരീതിയിൽ മാറിമറിഞ്ഞപ്പോഴും അതിലൊരാളാവാൻ കഴിഞ്ഞത് ഭാഗ്യമായി. സ്പെഷൽ ഇവന്റ് എന്ന പതാകയും ബാനറും പിടിക്കുക എന്ന ഓഫർ വന്നപ്പോൾ ആവേശഭരിതനായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ, ജോലിയെ ബാധിക്കാതെ എങ്ങനെ ഈ സാഹചര്യം മുന്നോട്ടു കൊണ്ടുപോകാനാവും എന്നതായിരുന്നു വലിയ വെല്ലുവിളി. പുതിയ കമ്പനിയിലേക്കു ജോലി മാറിയതു കൊണ്ടുതന്നെ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. പൂർണ പിന്തുണയോടെ പ്രശാന്തേട്ടൻ കൂടെ നിന്നപ്പോൾ ഒരു ഷിഫ്റ്റ് പോലും നഷ്ടപ്പെടുത്താതെ എല്ലാത്തിനും പങ്കെടുക്കാനായി.
നാലുദിവസത്തെ എട്ടു മണിക്കൂർ നീണ്ട പരിശീലനത്തിനൊടുവിലാണ് ആദ്യമായി മൈതാനത്തേക്ക് ഓരോരുത്തരെയും സജ്ജമാക്കിയത്. വിവിധ ദേശക്കാരും ഭാഷക്കാരും അടക്കം നൂറിലധികം പേരടങ്ങുന്നൊരു സംഘമായിരുന്നു അത്. മലയാളിയുടെ വലിയ പ്രാതിനിധ്യം അതിലുണ്ടായിരുന്നു. കളിക്കുന്ന രാജ്യത്തിന്റെ പതാക, മൈതാനത്തെ മറ്റു ക്രമീകരണങ്ങൾ എന്നിവക്കു മാത്രമായി ഇത്രയും പേരെ സജ്ജമാക്കി. മാപ്പിളപ്പാട്ടും നാടൻ പാട്ടുകളുമായി പരിശീലന ഇടവേളകളെ ധന്യമാക്കുമ്പോൾ എല്ലാവരും ആഘോഷത്തിമിർപ്പിലായിരുന്നു.
ലോകകപ്പ് കഴിഞ്ഞാൽ പൊളിച്ചു മാറ്റും എന്നു പറഞ്ഞിരുന്ന സ്റ്റേഡിയം 974 ന്റെ മൈതാനമധ്യത്തിൽ ഏകദേശം അരലക്ഷത്തോളം കാണികൾക്കു മുന്നിൽ നിൽക്കുക എന്നതു സ്വപ്നതുല്യമായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിലുള്ള കളിയിൽ പ്രധാന ടീമുകളായ അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർചുഗൽ തുടങ്ങിയ മത്സരങ്ങൾക്കെല്ലാം മുന്നോടിയായി മൈതാനത്തിറങ്ങാനും ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയ പ്രിയപ്പെട്ട താരങ്ങളെ ഏറെ അടുത്തു നിന്നു കാണാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.
കിക്കോഫിനു വിസിൽ മുഴങ്ങിയാൽ ഞങ്ങളുടെ ഈ സേവനം തീരുന്നതിനാൽ, കളി ഏറെ ആസ്വാദ്യകരമായി തന്നെ സ്റ്റേഡിയത്തിന്റെ ഓളത്തിനൊത്തു കാണാനും സാധിച്ചു. ലോകചരിത്രത്തിലെ ഏറ്റവും നല്ല ടൂർണമെന്റിന്റെ ഭാഗമാവാൻ കഴിഞ്ഞതിനൊപ്പം, ഒരു ഫുട്ബാൾ പ്രേമിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ലൊരവസരവും കൂടിയായിരുന്നു. ജീവിതത്തിലൊരിക്കൽ പോലും ഒരു ലോകകപ്പ് മത്സരമെങ്കിലും കാണാനാവും എന്നു പ്രതീക്ഷയില്ലാത്തിടത്തുനിന്നും 12ലധികം കളികൾ കാണാനും അതിന്റെയൊക്കെ ഭാഗമാവാനും കഴിഞ്ഞു.
ഫിഫയുടേയും സുപ്രീം കമ്മിറ്റിയുടെയും ഔദ്യോഗിക ക്ഷണപ്രകാരം ഈ മാമാങ്കത്തിന്റെ ഭാഗമായ ഖത്തർ മഞ്ഞപ്പടയുടെ ബാൻഡ് ടീമിലൊരാളായതും മറ്റൊരു സന്തോഷം. വളന്റിയർ സേവനത്തിനുപുറമെ, ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ആയ ഖത്തർ മഞ്ഞപ്പടയുടെ വേദികളിലും പങ്കെടുക്കാനായി.
കുഞ്ഞുന്നാളിലേ മനസ്സിൽ കൊണ്ടുനടക്കുന്ന ഇഷ്ടടീമായ അർജന്റീനയുടെ വിജയാഘോഷ പരേഡും ഖത്തർ നാഷനൽ ഡേ പരേഡും ഒരുമിച്ചു ലുസൈൽ ബൊളിവാർഡിൽ നടന്നപ്പോൾ ഖത്തർ മഞ്ഞപ്പടക്കൊപ്പം ആ പരേഡിന്റെ ഭാഗമാവാനും കഴിഞ്ഞു. ഇത്രയും വലിയൊരു മഹാമേളയുടെ ഭാഗമാവാൻ അവസരം തന്ന ഖത്തറിനും ഫിഫക്കും നന്ദി. ഖത്തർ അമീർ ശൈഖ് തമീമിന്റെ ഒപ്പോടു കൂടിയ സർട്ടിഫിക്കറ്റ് ജീവിതത്തിലെ വലിയ അഭിമാന മുദ്രയായി ഇനിയുള്ള കാലം കൂടെ കൊണ്ടുനടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.