ജേക്കബ് കുര്യന്റെ ‘തീ വര’യിൽ വിരിയുന്നത് വിസ്മയചിത്രങ്ങൾ
text_fieldsതൃശൂർ: പൈറോഗ്രഫിയെന്നാല് തീകൊണ്ടുള്ള വരയാണ്. ജേക്കബ് കുര്യൻ തന്റെ മനസ്സിലും കാഴ്ചയിലും പതിയുന്ന ദൃശ്യങ്ങള്‍ മരത്തില്‍ കോറിയിടും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത തടി, യന്ത്രം ഉപയോഗിച്ച് കുമ്പിള് തടിയിൽ കരിച്ചെടുക്കൽ തുടങ്ങും. ഒടുവിൽ മരത്തിൽ വിസ്മയചിത്രം വിരിയും.
തൃശൂരിൽ നടക്കുന്ന ക്രാഫ്റ്റ് ബസാറിലെ ശ്രദ്ധയാകർഷിക്കുന്ന സ്റ്റാളാണ് പൈറോഗ്രഫി ആർട്ടിസ്റ്റായ ജേക്കബ് കുര്യന്റേത്. മെക്കാനിക്കൽ എൻജിനീയർ ബിരുദധാരിയായ കരുനാഗപ്പിള്ളി സ്വദേശി ജേക്കബ് കുര്യൻ ദക്ഷിണാഫ്രിക്കയിലെ ഹിറ്റാച്ചി കമ്പിനിയിലെ 75,000 രൂപ ശമ്പളം ഉപേക്ഷിച്ച് 2014-15 വർഷങ്ങളിലാണ് ഇഷ്ടമേഖലയിലെത്തിയത്.
ചെറുപ്പം തൊട്ടേ ശിൽപകലയോട് ഇഷ്ടമുണ്ടായിരുന്നു. ചെന്നൈ ശ്രീ ബാലാജി കോളജിൽന്ന് എൻജിനീയറിങ് ബിരുദമെടുത്തശേഷം സാംസങ്, ദേവു, ഹിറ്റാച്ചി കമ്പനികളിൽ ജോലി നോക്കി. ആഫ്രിക്കയില്‍ ഹിറ്റാച്ചി കമ്പനിയിൽ ജോലി ചെയ്യവെ എൻജിനീയറിങ് ഡ്രോയിങ്ങിൽ പരിശീലനത്തിന് വന്ന കോലോ ഫീലോ മൊസാദി എന്ന പെൺകുട്ടിയുടെ പിതാവാണ് പൈറോഗ്രഫി പഠിപ്പിച്ചത്.
2014 മുതൽ സ്വന്തമായി വരച്ച് തുടങ്ങി. ജോലിയുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയശേഷം 2017ലാണ് അംഗീകൃത കേന്ദ്ര വസ്ത്ര മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കരകൗശല വികസന കമീഷണറുടെ കാര്യാലയത്തിന് കീഴിലെ ഏക അംഗീകൃത പൈറോഗ്രഫി ആര്‍ട്ടിസ്റ്റായത്. കുമ്പിൾ തടിയിൽ വരച്ച തടിയിലെ ചെറുചിത്രങ്ങൾക്ക് 200 രൂപ മുതലാണ് വില. വ്യക്തികളുടെ ചിത്രങ്ങൾക്ക് 400 രൂപയാണ്.
പൈറോഗ്രഫി എന്നാൽ
തീകൊണ്ടുള്ള വരയാണ് പൈറോഗ്രഫി. മനസ്സിലും കാഴ്ചയിലും പതിയുന്ന ദൃശ്യങ്ങൾ മരത്തിൽ കോറിയിടും. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വുഡ് ബേണിങ് മെഷീൻ ഉപയോഗിച്ച് കുമ്പിൾ തടിയിലാണ് വരക്കുന്നത്. മെഷീനോട് ചേർന്ന് കൈയിൽ പിടിച്ചുവരക്കാവുന്ന തരത്തിൽ ഉപകരണമുണ്ടാകും. അഞ്ച് ലോഹസങ്കരം കൊണ്ടുണ്ടാക്കിയ അഗ്ര ഭാഗമാണിതിന്. മെഷീൻ പ്രവർത്തിക്കുമ്പോൾ ലോഹം ചൂടാവും. ഇതനുസരിച്ച് ചിത്രം മരത്തടിയിൽ കരിയിച്ചെടുക്കും. ശേഷം ചിത്രം വാട്ടർ പ്രൂഫ് ചെയ്യും. കരിയുണ്ടാവില്ലെന്നത് പ്രത്യേകതയാണ്. 35,000 മുതൽ ഒന്നര ലക്ഷം രൂപയിലേറെ വില വരും വരക്കാനുള്ള യന്ത്രത്തിന്. ലോഹ സങ്കര റീഫില്ലറിന് കിലോക്ക് 14,000 രൂപയോളം വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.