ക്വിസ് മാസ്റ്റർ-മൃദുൽ
text_fieldsമൃദുൽ എം. മഹേഷ് എന്ന 22കാരന് ക്വിസ് ഒരു ഹരമാണ്. ചെറുപ്രായത്തിൽ തുടങ്ങിയതാണത്. സ്കൂളിലും കോളജിലുമൊക്കെ അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ മൃദുൽ ക്വിസ് ഹീറോ തന്നെയായിരുന്നു. ബുദ്ധിജീവികളുടെ കളിയാണത് എന്നുപറഞ്ഞ് ക്വിസിനോടു വിമുഖത കാണിക്കുന്ന ആളുകൾക്കുമുന്നിൽ അത് ബുദ്ധിജീവികളുടെ മാത്രം കളിയല്ലെന്നും അവിടെ ഒരു സർഗാത്മക ഇടംകൂടിയുണ്ടെന്നും മൃദുൽ പറയുന്നു. ഇന്റർനാഷനൽ ക്വിസ് ഏഷ്യൻ ചാപ്റ്റർ (ഐ.ക്യു.എ) കേരള സ്റ്റേറ്റ് കോഓഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശിയായ മൃദുൽ എം. മഹേഷ് നിരീക്ഷണം, ജിജ്ഞാസ, സർഗാത്മകത, ക്രിയാത്മകത, ലാറ്ററൽ തിങ്കിങ്, യുക്തി എന്നിവയുടെയെല്ലാം സംയോജനമാണ് ക്വിസ് എന്ന് പറഞ്ഞുവെക്കുന്നു.
തോൽവിയിൽനിന്ന് വിജയത്തിലേക്ക്
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി ജി.വി.എച്ച്. എസ്.എസിൽ പഠിക്കുമ്പോൾതന്നെ മൃദുലിന്റെ ഇഷ്ട ഇനമായിരുന്നു ക്വിസ് മത്സരങ്ങൾ. സ്കൂൾ, ഉപജില്ല തല മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും പലതവണ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ, നിശ്ചയദാർഢ്യവും കഠിനാധ്വാനവും പിന്നീടുള്ള മത്സരങ്ങളിൽ വെന്നിക്കൊടി പാറിക്കാൻ അവനെ സഹായിച്ചു. രണ്ടു തവണ സംസ്ഥാനതല വിജയിയായിട്ടുണ്ട് മൃദുൽ. കോളജ് തലത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്ത് പഞ്ചാബിൽ നടന്ന ഇൻറർ യൂനിവേഴ്സിറ്റി ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഫൈനലിസ്റ്റായി. പഠനകാലയളവിൽ മുന്നൂറോളം ക്വിസ് മത്സരങ്ങളിൽ വിജയിയായിട്ടുണ്ട്. പത്രങ്ങളിൽ നിന്നും പുസ്തകങ്ങളിൽനിന്നും വായിച്ചെടുക്കുന്ന അറിവുകളെ യുക്തിപൂർവം ക്രമപ്പെടുത്തി എഴുതിവെക്കുന്ന രീതിയിലുള്ള പഠനമാണ് വിജയതന്ത്രമെന്ന് മൃദുൽ പറയുന്നു.
ക്വിസ് മാസ്റ്ററിലേക്ക്
ആറാം ക്ലാസിൽ പഠിക്കുമ്പോൾ ലീഡറായ മൃദുൽ അധ്യാപകരില്ലാത്ത ഇടവേളകളിൽ ക്ലാസിലെ കൂട്ടുകാർക്കുവേണ്ടി ക്വിസ് നടത്തിയാണ് ആദ്യമായി ക്വിസ് മാസ്റ്ററായത്. പിന്നീട് കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ, സംഘടനകൾ എന്നിവക്കായി 200 ഓളം ക്വിസുകൾ മൃദുൽ നടത്തി. മൃദുൽ നടത്തിയ ക്വിസുകൾ കൂടുതലും ഇൻഫോടെയിൻമെന്റ് മേഖലയിലെ പരീക്ഷണങ്ങളായിരുന്നു. ലിൻജു സച്ചിയുമായി ചേർന്ന് കേരളത്തിലെ ആദ്യത്തെ മാരേജ് ക്വിസ്, ഇന്ത്യൻ െഡയറി അസോസിയേഷന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങൾക്കുള്ള ക്വിസ്, ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലായ റിവർബെറേറ്റിലെ സ്കൂൾ ക്വിസ്, സംസ്ഥാന തല ക്വിസ്, എയ്റോ സ്പേസ് സൊസൈറ്റിയുടെ സ്പേസ് ക്വിസ്, എ.കെ.എസ്.ടി.യു -ജനയുഗം സഹപാഠി സംസ്ഥാന തല മത്സരം, കൊറോണ സമയത്ത് നടത്തിയ 'ക്വിസ് ഇൻ ദ ടൈം ഓഫ് കൊറോണ' തുടങ്ങിയവ മൃദുൽ എന്ന ക്വിസ്റ്റ് മാസ്റ്ററുടെ കരിയറിലെ നാഴികക്കല്ലുകളിൽ ചിലത്. 'ചോദ്യമുണ്ടോ സഖാവേ ഉത്തരം എടുക്കാൻ' എന്ന പുസ്തകത്തിന്റെ ചീഫ് എഡിറ്റർ കൂടിയായിരുന്നു.
ക്വിസ് ട്രെയിനിങ്
കേരളത്തിലെ ആദ്യത്തെ ക്വിസ് സൊസൈറ്റിയായ ക്വിസ് കേരളയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് കണ്ണൂർ കലക്ടറുടെ നേതൃത്വത്തിൽ ആറളം ഫാം,പട്ടുവം ട്രൈബൽ ഹോം, ജുവനൈൽ ഹോം എന്നിവയിലെ കുട്ടികൾക്ക് 'പഠനം ക്വിസ് ഉപയോഗിച്ച്' എന്ന പരിപാടിയുടെ ട്രെയിനറായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ഉൾപ്പെടെ അമ്പതോളം ക്വിസ് ട്രെയിനിങ്ങുകളും നടത്തി. ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസാണ് ഗുരു. 25 ലക്ഷം സമ്മാനത്തുകയുള്ള ഫിറ്റ് ഇന്ത്യാ മത്സരത്തിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്ന ശ്രീനന്ദ്, കെ.സി.എ ഗ്രാൻഡ് മാസ്റ്റർ ക്വിസ് ഒമാൻ വിജയി പവിത്ര നായർ എന്നിവർ മൃദുലിൻെറ ശിഷ്യരാണ്. കേരളത്തിലെ പ്രശസ്ത ക്വിസ് മാസ്റ്ററും ട്രെയിനറുമായ കെ.പി. സുനിലും മൃദുലും ഒരുമിച്ച് നയിച്ച 'ക്വിസ് പ്രോ' വർക് ഷോപ്പിൽ പങ്കെടുത്ത മൂന്നുകുട്ടികൾക്ക് തേസ്പൂർ ക്വിസ് അസോസിയേഷൻ നടത്തിയ നാഷനൽ ലെവൽ മൈൻഡ് സ്കേപ്പ് ക്വിസിൽ ആദ്യ മൂന്ന് സ്ഥാനം ലഭിച്ചിരുന്നു. ഒരു പരിശീലകനെ സംബന്ധിച്ച് അത് വലിയ വിജയമായിരുന്നെന്ന് മൃദുൽ പറയുന്നു. മലപ്പുറത്തിൻെറ ആദ്യ ഇൻേഫാർമൽ ക്വിസ് സൊസൈറ്റിയായിരുന്ന 'ഐ ക്വിസ്' മലപ്പുറത്തിൻെറ അമരക്കാരനും മൃദുലാണ്.
ഐ.ക്യു.എ ഏഷ്യ
രാജ്യാന്തര മത്സരങ്ങളുടെ നിയന്ത്രണത്തിനും സംഘാടനത്തിനുമുള്ള അതോറിറ്റിയാണ് ഇൻറർനാഷനൽ ക്വിസ് അസോസിയേഷൻ. ഡോ. അനുരക്ഷത് ഗുപ്ത മേധാവിയായിരിക്കുന്ന ഏഷ്യൻ ചാപ്റ്റർ ഈ വർഷം വിപുലമായ പ്രവർത്തനങ്ങളാ ണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. മികച്ച ക്വിസറെ തെരഞ്ഞെടുക്കാനുള്ള ജില്ല ചാമ്പ്യൻഷിപ്, സംസ്ഥാന ചാമ്പ്യൻഷിപ്, നാഷനൽ ചാമ്പ്യൻഷിപ്പ് എന്നിവക്ക് തുടക്കം കുറിക്കുകയാണ് ആദ്യപടി. വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയോടെ കോളജുകൾ- സ്കൂളുകൾ എന്നിവയിൽ 'ക്യു-പോസിറ്റിവ്' ക്വിസ് ക്ലബ് തുടങ്ങാനും പദ്ധതിയുണ്ട്. പഠനത്തിൽ ക്വിസിന്റെ സാധ്യത എജുക്കേഷനലിസ്റ്റുകൾക്കും സ്കിൽ വർധിപ്പിക്കാനുള്ള സാധ്യത പ്രഫഷനലുകൾക്കും പരിചയപ്പെടുത്തുന്ന വർക്ഷോപ്പുകളുമുണ്ടാവും.
''ക്വിസിനെ കുട്ടിക്കളിയായി കാണുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, അതിന്റെ സാധ്യതകൾ ഉപയോഗിക്കാനും ഈ മത്സരയുഗത്തിനാവശ്യമായ സ്കില്ലുകൾ അതിലൂടെ വളർത്തിയെടുക്കാനും നമുക്ക് കഴിയും. കൂടുതൽ പേരെ ക്വിസിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഐ.ക്യു.എ ഏഷ്യ നടത്തുന്നത്' എന്ന് സ്റ്റേറ്റ് കോഓഡിനേറ്ററായ മൃദുൽ പറയുന്നു.
എസ്.എസ്.കെ മലപ്പുറം ജില്ല പ്രോഗ്രാം ഓഫിസറായ എം.ഡി. മഹേഷ്, കോട്ടക്കൽ ജി. ആർ. എച്ച്. എസ്.എസിലെ അധ്യാപിക യു.പി. മായയുടെയും മൂത്തമകൻ ആണ് മൃദുൽ. അനിയൻ മിഥുൻ എം. മഹേഷ് കമ്പ്യൂട്ടർ സയൻസിൽ ബിരുദ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.