ബംഗളൂരുവിനായി പന്തുതട്ടാൻ റായിദ് അലി
text_fieldsറായിദ് അലി
ദുബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരായ ബംഗളൂരു എഫ്.സിയിലേക്ക് സെലക്ഷൻ നേടി മലയാളി ബാലൻ. ഫുട്ബാളിന്റെ മണ്ണായ മലപ്പുറത്തുനിന്നെത്തിയ എരമംഗലം സ്വദേശി അൻവർ അലിയുടെയും ഡോ. തസ്നീമിന്റെയും മകൻ റായിദ് അലിയാണ് ബംഗളൂരു ടീമിന്റെ അക്കാദമിയിലേക്ക് സെലക്ഷൻ നേടിയത്.
100 ശതമാനം സ്കോളർഷിപ്പോടെ സെലക്ഷൻ നേടിയതിനാൽ ഇനിയുള്ള പഠനവും താമസവും ഭക്ഷണവും പരിശീലനവുമെല്ലാം സൗജന്യമായിരിക്കും.
ദുബൈ അറേബ്യൻ സ്ട്രൈക്കേഴ്സ് പരിശീലകൻ അരുൺ പ്രതാപിന്റെ ശിഷ്യനായ റായിദ് ജെംസ് ലെഗസി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. നാലു വർഷമായി അരുണിനൊപ്പം പരിശീലിക്കുന്ന റായിദ് യു.എ.ഇയിലെ വിവിധ ക്ലബുകൾക്കെതിരെ കളത്തിലിറങ്ങിയിട്ടുണ്ട്.
അറേബ്യൻ സ്ട്രൈക്കേഴ്സ് മാനേജ്മെന്റ് അയച്ചുകൊടുത്ത വിഡിയോയിൽ റായിദിന്റെ കളി കണ്ടശേഷമാണ് ബംഗളൂരു എഫ്.സി സെലക്ഷൻ ട്രയൽസിനായി വിളിച്ചത്. ബംഗളൂരുവിൽ നടന്ന 10 ദിവസത്തെ ട്രയൽസിനുശേഷം റായിദിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഇതുസംബന്ധിച്ച കരാർ കഴിഞ്ഞ ദിവസം ബംഗളൂരു എഫ്.സിയുടെ മാതൃസ്ഥാപനമായ ജിൻഡാലിൽനിന്ന് ലഭിച്ചു. അടുത്ത അക്കാദമിക വർഷം മുതൽ ക്ലബിന്റെ ഭാഗമായി പഠനവും പരിശീലനവും തുടങ്ങാനാണ് പദ്ധതി. ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലായിരിക്കും ഈ 11കാരന്റെ പരിശീലനം.
സെന്റർ ബാക്കും സൈഡ് വിങ്ങും നന്നായി കൈകാര്യം ചെയ്യുന്ന റായിദിന് പ്രിയം ഇടങ്കാലിനോടാണ്. മാതാപിതാക്കൾക്കും സഹോദരങ്ങളായ ആമിർ അലിക്കും യാറ ഫാത്തിമക്കുമൊപ്പം ദുബൈയിലാണ് താമസം. അറേബ്യൻ സ്ട്രൈക്കേഴ്സിൽനിന്ന് മുമ്പും രണ്ടു കുട്ടികൾ ബംഗളൂരു എഫ്.സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മലയാളികളായ അദ്വൈതും ജർമിയുമാണ് കഴിഞ്ഞ വർഷം ക്യാമ്പിൽ ഇടംപിടിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.