ചിത്രരചനയിലും കരകൗശലത്തിലും വിസ്മയം രചിച്ച് രാജീവ്
text_fieldsഅടിമാലി: ചിത്രരചനയിലും കരകൗശല നിർമാണത്തിലും വിസ്മയം സൃഷ്ടിക്കുകയാണ് രാജീവ് ചെല്ലാനം. തന്റെ ഭാവനയിൽ വിരിയുന്നത് കാഴ്ചക്കാരിൽ അത്ഭുതം ജനിപ്പിക്കുന്നതിനൊപ്പം അറിവും സാമൂഹികാവബോധവും വളർത്താനും ഉപയോഗിക്കുന്നു. അടിമാലി കരിങ്കുളം മാളിയേക്കൽ രാജീവ് ചെല്ലാനമാണ് കലയിലൂടെ വേറിട്ട സന്ദേശം ജനത്തിന് നൽകുന്നത്.
മൂന്നാർ മേഖലയിലെ ടൂറിസം സാധ്യത മനസ്സിലാക്കി അവിടെയുള്ള വൃത്തിഹീനമായിരുന്ന മതിലുകളിൽ ചിത്രങ്ങൾ വരച്ചും ഉപയോഗശൂന്യമായി പോകുന്ന വസ്തുക്കളെ പുനരുപയോഗിച്ചും ഇദ്ദേഹം മാതൃക സൃഷ്ടിക്കുകയാണ്. മൂന്നാറിൽ പ്ലാസ്റ്റിക് മാലിന്യം കൊണ്ടുള്ള പാർക്കിൽ കുപ്പികൾകൊണ്ട് നിർമിച്ച 16 അടി വലുപ്പമുള്ള ആന, അപ്ഹോൾസ്റ്ററി വേസ്റ്റുകൊണ്ട് നിർമിച്ച കാട്ടുപോത്ത്, മാൻ, വരയാട്, സൈക്കിൾ ടയറിൽ തീർത്ത വെള്ളച്ചാട്ടം തുടങ്ങി പാഴ്വസ്തുക്കളിൽ തീർത്തവയെല്ലാം കൗതുകമാണ്. മൂന്നാർ ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് നിർമിച്ച ഗുഹയും വെള്ളച്ചാട്ടവും മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിലെ 22 അടി വലുപ്പമുള്ള ഡിനോസറും സിമന്റിൽ തീർത്ത ആനയും കഥകളി ചിത്രങ്ങൾ തുടങ്ങിയവയും ചില ഉദാഹരണങ്ങൾ മാത്രം.
ചിത്തിരപുരം ആശുപത്രിയിലെ മതിലുകൾ വർണാഭമാക്കിയതും പള്ളിവാസൽ പഞ്ചായത്തിലെ ശിശുസൗഹൃദ അംഗൻവാടികളിലെ ചിത്രങ്ങളും രാജീവിന്റെ സൃഷ്ടികളാണ്. പ്രകൃതി സൗഹൃദ ചിത്രങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ചണച്ചാക്കുകളാണ് കാൻവാസ്.
അമ്പഴച്ചാൽ എസ്.എൻ പബ്ലിക് സ്കൂളിലും അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലും ആർട്ട് ആൻഡ് ക്രാഫ്റ്റ് അധ്യാപകനാണ്. 20 വർഷമായി ഇടുക്കിയിൽ എത്തിയിട്ട്. ജനശിക്ഷൺ സൻസ്ഥാൻ റിസോഴ്സ്പേഴ്സനായി ജില്ലയിലെ എല്ലാ മേഖലകളിലും വിവിധങ്ങളായ തൊഴിൽ പരിശീലനങ്ങൾ നൽകിവരുന്നു. ഏറെക്കാലം അടിമാലിയിൽ വിദ്യ സ്കൂൾ ഓഫ് ആട്സ് എന്ന ചിത്രശിൽപകല തൊഴിൽ പരിശീലന കേന്ദ്രം നടത്തി. മൂന്നാർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ അധ്യാപിക ബിന്ദുവാണ് ഭാര്യ. ദേവദത്തൻ, ദേവനന്ദ എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.