ഈർക്കില്‍ കൊണ്ട് അത്ഭുത കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് രാജേഷ്
text_fieldsഈര്‍ക്കില്‍ കൊണ്ട് അത്ഭുത കരകൗശല വസ്തുക്കള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് കൊന്നത്തടി സ്വദേശി രാജേഷ്. കപ്പല്‍ മുതല്‍ ജിറാഫ് വരെയുളള കരകൗശല വസ്തുക്കളാണ് ഈര്‍ക്കില്‍ കൊണ്ട് രാജേഷ് നിര്‍മ്മിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി ശ്രദ്ധേയനായ കൊന്നത്തടി കരിമല പാറയ്ക്കല്‍ രാജേഷാണ് തെങ്ങിന്‍റെ ഈര്‍ക്കിലി കൊണ്ട് മനോഹര വസ്തുക്കള്‍ നിര്‍മ്മിക്കുന്നത്.
ഈര്‍ക്കിലി കൊണ്ട് മുറ്റം തൂത്ത് വൃത്തിയാക്കിയപ്പോള്‍ ഇതെങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ചിന്തയില്‍ നിന്നാണ് പുതിയ പരീഷണത്തിലേക്ക് രാജേഷ് തിരിഞ്ഞത്. ഈര്‍ക്കില്‍ ഉപയോഗിച്ച് ദിനോസറും കപ്പലും ക്ഷേത്രരൂപങ്ങളും ഒക്കെ നിര്‍മ്മിച്ച് അത്ഭുതമായി മാറിയിരിക്കുകയാണ് ഈ യുവാവ്. ഒരു തരത്തിലുമുളള പരിശീലനവും ഇല്ലാതെയാണ് കരകൗശല മേഖലയില്‍ വ്യത്യസ്തമായ വസ്തുക്കള്‍ രാജേഷ് നിര്‍മിക്കുന്നത്.
കര്‍ഷകനായ രാജേഷ് ഒഴിവ് സമയങ്ങളിലാണ് കരകൗശല വസ്തുക്കളുടെ നിര്‍മാണം നടത്തുന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാജേഷിന് ഇത്തരത്തില്‍ കമ്പം തോന്നിയത്. മുളയും മരങ്ങളുടെ വേരുകളും ഉപയോഗിച്ചാണ് ആദ്യമൊക്കെ നിര്‍മാണം നടത്തിയിരുന്നത്. പിന്നീട് അത് ഈര്‍ക്കിലിയിലേക്കു തിരിഞ്ഞു.
രാജേഷ് ഈര്‍ക്കിലിയില്‍ നിര്‍മിച്ച ഏറുമാടവും വീടും ഗരുഡനും കപ്പലും ദിനോസറും ഒക്കെ ഏറെ ശ്രദ്ധേയമാണ്. പത്തടി നീളവും അഞ്ചടി പൊക്കവുമുള്ള ദിനോസര്‍ നിര്‍മിക്കുവാന്‍ രാജേഷിനു ഒരു വര്‍ഷത്തോളം സമയമെടുക്കേണ്ടിവന്നു. തന്‍റെ കലാപ്രവര്‍ത്തങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് രാജേഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.