കടലോളമാണ് അസീസിന് കാരുണ്യം
text_fieldsതൃത്താല: യൗവനത്തിൽത്തന്നെ ജീവിതം ചക്രക്കസേരയിൽ തളക്കപ്പെട്ടെങ്കിലും അസീസ് ഹാപ്പിയാണ്. ജീവിതം നിവർന്നുനിൽക്കേണ്ട എന്നുപറയുമ്പോൾ ഇരുന്ന് തോൽപ്പിക്കും എന്ന് കട്ടക്ക് നിൽക്കുന്നവന്റെ ആത്മവിശ്വാസം കാണുന്നവർക്കും ഊർജമാണ്.
പരുതൂർ പഞ്ചായത്തിലെ പുളിക്കപ്പറമ്പ് അബ്ദുൽ അസീസ് (58) മൂന്ന് പെൺമക്കളുടെ പിതാവാണ്. 30 വര്‍ഷം മുമ്പ് ടെലിഫോൺ ബൂത്ത് നടത്തി ജീവിക്കുന്നതിനിടയിൽ ഒരു വീഴ്ചയോടെയാണ് പൂർണമായും വീൽചെയറിലായത്. ഈ കസേരയിലിരുന്ന് അസീസ് നൂറുകണക്കിനാളുകൾക്കാണ് താങ്ങായത്. പരസഹായം തന്നെ ദുഃഖം മറക്കാനുള്ള മരുന്നെന്ന് പറയുമ്പോൾ അസീസിന്റെ കണ്ണുകളിൽ തിളക്കം. രോഗാവസ്ഥയിലാണെങ്കിലും അന്വേഷിച്ചെത്തുന്ന ആരെയും മടക്കാറില്ല.
പഞ്ചായത്ത്, വില്ലേജ് ഓഫിസ് മുതലങ്ങോട്ടുള്ള വിവിധ അപേക്ഷകൾ തയാറാക്കി കൊടുക്കുന്നുണ്ട്. പാരിതോഷികം നീട്ടിയാൽ അസീസിന് മറുപടിയുണ്ട് -‘ഇതിലും വലുത് ദൈവത്തിൽനിന്ന് വരും, പ്രാർഥന മതി’. റമദാന് ദാനധർമാദികളുടെ തിരക്കേറിയ കാലം കൂടിയാണ് അസീസിന്. വിവിധ സംഘടനകളുമായി ചേർന്ന് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ജീവകാരുണ്യപ്രവർത്തനം ഏകോപിപ്പിക്കുന്നതിലും മുൻപന്തിയിലുണ്ട്. സഹജീവികൾക്ക് ആശ്വാസമാകാനാകുന്നതിൽ കൃതാർത്ഥനാണെന്ന് അസീസ് പറയുന്നു.
എല്ലാ വർഷവും അസീസ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കും. ഇതിനായി ‘പഠിതാക്കൾക്കൊരു പഠനക്കൂട്ട്’ എന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസിയുടെ സഹായത്തോടെ അടുത്തിടെ ഒരു കുടുംബത്തിന് വീട് വെച്ച് നൽകാനായതും ആത്മസംതൃപ്തിയുടെ അനുഭവമാണ്. പ്രദേശത്തെ പെരുന്നാളിനുമുണ്ട് അസീസ് ടച്ച്. പെരുന്നാളിനോടനുബന്ധിച്ച് കിറ്റുമായി അസീസ് ജാതിമതഭേദമന്യേ ആളുകളിലെത്തും. പഠിക്കാൻ മിടുക്കരായ സാമ്പത്തികമായ പ്രതിസന്ധിയുള്ള വിദ്യാർഥികൾക്ക് പ്രവാസികളുമായി ചേർന്ന് പ്രതിമാസം 1000രൂപ നൽകുന്ന സ്കോളർഷിപ് പദ്ധതിയും അസീസിന്റേതായുണ്ട്. നിർധന കുടുബങ്ങൾക്ക് നാല് വർഷം മാസം തോറും ഭക്ഷണ കിറ്റുകൾ നൽകിയിരുന്നു.
കൊച്ചൗസേപ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ആസാദ് മൂപ്പൻ ഫൗണ്ടേഷൻ തുടങ്ങി പല സന്നദ്ധ സംഘടനകളെയും കാരുണ്യ പ്രവർത്തകരെയും വ്യക്തികളെയും ബന്ധപ്പെട്ടാണ് അസീസ് പ്രവർത്തനവഴിയിൽ തട്ടിവീഴാതെ മുന്നേറുന്നത്. ആള് കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന് പട്ടാമ്പി താലൂക്ക് പ്രസിഡന്റുമായിരുന്നു അസീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.