ഓർമകൾക്ക് സാക്ഷിയായി രഞ്ജിത്തിന്റെ ചിത്രങ്ങൾ
text_fieldsമനാമ: വെളിച്ചത്തിന്റെയും നിഴലിന്റെയും ഒളിച്ചുകളികളെ ഒരുനിമിഷത്തേക്ക് നിശ്ചലമാക്കുന്ന ഫോട്ടോഗ്രഫിയിൽ കഴിവുതെളിയിച്ച് മുന്നേറുകയാണ് സി.പി. രഞ്ജിത്ത്. ഓർമകളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതകഥകൾ മെനയുന്നതെങ്കിൽ, അവക്ക് സാക്ഷിയാവുക എന്ന ധർമമാണ് ഫോട്ടോഗ്രാഫറുകൾക്കുള്ളത്. ഈ കർത്തവ്യം ഏറ്റവും സുന്ദരമായി നിറവേറ്റുകയാണ് കൂത്തുപറമ്പ് സ്വദേശിയായ ഫോട്ടോഗ്രാഫർ.
വന്യജീവി വിഭാഗത്തിൽ വരുന്ന ചിത്രങ്ങളോടാണ് ഇദ്ദേഹത്തിന് കൂടുതൽ ഇഷ്ടം. ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിൽനിന്ന് പകർത്തിയ ഫോട്ടോകളിൽ ചിലതിന് വിവിധ മത്സരങ്ങളിൽ സമ്മാനങ്ങളും ലഭിച്ചു. ഫാൽക്കൻ ഇരയെ പിടിച്ച് ഭക്ഷിക്കുന്ന ഫോട്ടോക്ക് ഓൾ കേരള ഫോട്ടോഗ്രഫി അസോസിയേഷൻ നടത്തിയ ഓൺലൈൻ മത്സരത്തിൽ സമ്മാനം ലഭിച്ചു.
ബഹ്റൈനിലെ വിവിധ സംഘടനകളും അസോസിയേഷനുകളും നടത്തിയ ഫോട്ടോ മത്സരങ്ങളിലും എക്സിബിഷനുകളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കേരളത്തിലെ ഫോട്ടോമ്യൂസ് നടത്തിയ മത്സരത്തിൽ 20,000ൽപരം ഫോട്ടോകളിൽനിന്ന് ഇദ്ദേഹത്തിന്റെ ചിത്രവും തിരഞ്ഞെടുത്തിരുന്നു.
പ്രവാസിയായാൽ ജോലിയിൽ മാത്രം മുഴുകി മറ്റ് സർഗാത്മക കഴിവുകൾ അവഗണിക്കുന്നവർക്കിടയിൽ വ്യത്യസ്തനാണ് സി.പി. രഞ്ജിത്ത്. ഫോട്ടോഗ്രഫിയിലുള്ള തന്റെ കഴിവുകൾ കൂടുതൽ പരിപോഷിപ്പിക്കാൻ കഴിഞ്ഞത് പ്രവാസിയായതിനു ശേഷമാണെന്ന് അദ്ദേഹം പറയുന്നു. ഒഴിവുസമയങ്ങളിൽ കാമറയും എടുത്ത് നല്ല ഫ്രെയിം തേടി പോകുന്നതാണ് ഇദ്ദേഹത്തിന്റെ വിനോദം.
ബഹ്റൈനിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒപ്പിയെടുത്ത ഫോട്ടോകൾ രഞ്ജിത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. അവധിക്ക് നാട്ടിൽ പോകുമ്പോഴും മികച്ച ഫോട്ടോകൾക്കുവേണ്ടി അലയാനാണ് ഇദ്ദേഹത്തിനിഷ്ടം. ഭാര്യയും ഒരു മകളുമായി ബഹ്റൈനിൽ താമസിക്കുന്ന രഞ്ജിത്തിന് കുടുംബത്തിന്റെ പൂർണ പിന്തുണയുമുണ്ട്.
ഓൾ കേരള ഫോട്ടോഗ്രഫി അസോസിയേഷൻ നടത്തിയ ഓൺലൈൻ മത്സരത്തിൽ സമ്മാനം ലഭിച്ച ഫോട്ടോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.