സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഖമീസ് മുശൈത്തിൽ മാരത്തൺ ഓട്ടം നടത്തി റസാഖ് കിണാശ്ശേരി
text_fieldsഅസീർ: ഇന്ത്യയുടെ 77ാ മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'Say No To Drugs' എന്ന സന്ദേശമുയർത്തിപ്പിടിച്ച് ഖമീസ് മുശൈത്തിൽ റസാഖ് കിണാശ്ശേരി മാരത്തൺ ഓട്ടം നടത്തി. മയക്കുമരുന്ന് ഉപയോഗവും അതിന്റെ വാഹകരും വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനെതിരെ ബോധവത്കരണം നടത്തുക എന്നത് പൊതുവായ ബാധ്യതയാണ്.
ഒരു ഇന്ത്യക്കാരൻ എന്ന പൗരബോധത്തോടെ സ്വാതന്ത്ര്യദിനത്തിൽ സൗദിയിൽ നടക്കുന്ന മയക്കുമരുന്നിനെതിരെയുള്ള ജാഗ്രതയിലും വിഷൻ 2030 പദ്ധതിക്കും പിന്തുണ എന്ന നിലക്കാണ് താൻ ഹാഫ് മാരത്തൺ ഓടിയതെന്ന് റസാഖ് കിണാശ്ശേരി പറഞ്ഞു.
ഖമീസ് മുശൈത്ത് ടൗണിൽ നിന്നും മിലിട്ടറി സിറ്റി വരെയും അവിടെ നിന്ന് തിരിച്ചും ഓടി ഖമീസ് സിറ്റി കഫേയിൽ ഓട്ടം അവസാനിച്ചപ്പോൾ 21.28 കിലോമീറ്റർ പൂർത്തിയാക്കി. കഴിഞ്ഞ വർഷം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ അബഹ മുതൽ ഖമീസ് മുശൈത്ത് വരേയും, സൗദി ദേശീയ ദിനത്തിൽ ഖമീസ് ഗവർണറേറ്റ് മുതൽ അബഹ ഗവർണറേറ്റ് വരെയും 30 കിലോമീറ്റർ വീതം ഇദ്ദേഹം ഓടിയിരുന്നു.
സൗദി ദേശീയദിനത്തിൽ ദക്ഷിണ മേഖല ഒ.ഐ.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ അസീർ ഗവർണർ തുർക്കി ബിൻ തലാലിന്റെ പ്രത്യേക അനുമതിയോടെയും സുരക്ഷ ക്രമീകരണങ്ങളോടും കൂടിയാണ് മാരത്തൺ ഓടിയത്. 2022 ൽ റിയാദിൽ നടന്ന ആദ്യ ഇന്റർനാഷനൽ മാരത്തൺ മുതൽ ജിദ്ദയിലും സൗദിയുടെ വിവിധ ഭാഗങ്ങളിലുമായി നടന്ന നിരവധി മാരത്തണുകളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
കോഴിക്കോട് റോയൽ റണ്ണേഴ്സിന്റെ കീഴിൽ നാട്ടിലും നിരവധി മരത്തോണുകളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയിതിട്ടുണ്ട്. റോയൽ റണ്ണേഴ്സിന്റെ പരിശീലകൻ രാഗേഷ് ആശാനാണ് പരിശീലനം നൽകുന്നത്. 22 വർഷമായി ഖമീസ് മുശൈത്തിൽ ജോലിചെയ്യുന്ന റസാഖ് കിണാശ്ശേരി മറ്റു വിവിധ മേഖലകളിലും സജീവമാണ്. സപ്പോർട്ട് റണ്ണറായി ഒപ്പം ശരീഫ് കോട്ടക്കലും ഹൈട്രേഷൻ സപ്പോർട്ടുമായി ഹബീബ് കൊണ്ടോട്ടിയും ഇദ്ദേഹത്തിന്റെ കൂടെ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.