റസാക്കിന്റെ പരീക്ഷകൾ
text_fieldsഒരു ചെറിയ അസുഖമോ ജീവിതത്തിലെ തിരിച്ചടികളോ നേരിടേണ്ടിവരുമ്പോഴേക്ക് തളർന്നുപോകുന്ന, സമ്മർദം താങ്ങാനാവാതെ ജീവിതത്തിൽ തോറ്റുപോകുന്നവർക്കുള്ള ജീവിച്ചിരിക്കുന്ന പാഠപുസ്തകമാണ് ടി.എ. റസാക്ക്
‘‘ഈ ലോകത്ത് കോപ്പിയടി അനുവദിക്കപ്പെട്ട ഒരേയൊരു പരീക്ഷയേ ഉള്ളൂ. അതാണ് ജീവിതം. ജീവിതത്തിൽ കോപ്പിയടിച്ച് വിജയിക്കാൻ അവസരങ്ങൾ ധാരാളമുണ്ട്. ഓരോ ആളുടെയും ജീവിതത്തിലെ നല്ലകാര്യങ്ങൾ പകർത്താൻ എന്നും നമുക്കനുവാദമുണ്ട്. എന്നിട്ടും വിജയിക്കാതെ പോയാൽ എന്തുകൊണ്ട് ആ പരീക്ഷയിൽ പരാജയപ്പെട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരിക്കൽ നമ്മൾതന്നെ കരുതിവെക്കേണ്ടിവരും.’’ കോഴിക്കോട് ഫറോക്കിലെ വീട്ടിലിരുന്ന് ടി.എ. റസാക്ക് തന്റെ രണ്ടാമത്തെ ടെലിഫിലിം ‘പരീക്ഷ’യുടെ തിരക്കഥ ഇങ്ങനെ എഴുതി പൂർത്തിയാക്കുന്നു.
ഹൃദയംകൊണ്ടെഴുതിയ അതിജീവനം
ഇത് ടി.എ. റസാക്ക്. വയസ്സ് 77 കഴിഞ്ഞു. ആറ് ആൻജിയോ പ്ലാസ്റ്റിയും ഒരു ബൈപാസ് സർജറിയും ഇതിനകം പിന്നിട്ടു. 11 സ്റ്റെന്റും രണ്ട് ബലൂണും ഹൃദയമിടിപ്പിനൊപ്പം ചലിച്ചുകൊണ്ടേയിരിക്കുന്നു. ആത്മവിശ്വാസത്തിന് ജീവിതത്തിൽ എത്രത്തോളം സ്ഥാനമുണ്ടെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിക്കുകയാണ് ഇദ്ദേഹം. ഒരു ചെറിയ അസുഖമോ ജീവിതത്തിലെ തിരിച്ചടികളോ നേരിടേണ്ടിവരുമ്പോൾ തളർന്നുപോകുന്ന, സമ്മർദം താങ്ങാനാവാതെ ജീവിതത്തിൽ തോറ്റുപോകുന്നവർക്കുള്ള പാഠപുസ്തകമാണ് ടി.എ. റസാക്ക്. ഈയിടെ ഒരു കാർ ഇടിച്ചുതെറിപ്പിച്ച് ഗുരുതര പരിക്കേറ്റ് കിടക്കുമ്പോഴും ഇദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിൽ ഒരു കുറവുമില്ല. നിറഞ്ഞ പുഞ്ചിരിയോടെ, ആ ജീവിതം മറ്റുള്ളവർക്കു പകർത്താനുള്ള ഉത്തരമായി ഇവിടെ തുറന്നുവെക്കപ്പെട്ടിരിക്കുന്നു. നാട്ടുകാരുടെ സ്വന്തം ‘റസാക്ക് സാഹിബ്’ തന്റെ ജീവിതം പറയുന്നു...
ബി പോസിറ്റിവ്
രോഗങ്ങൾ വരുമ്പോൾ സങ്കടപ്പെട്ട് ഇരുന്നിട്ടെന്താണ് കാര്യം! ഇത്രയും അസുഖം വന്നിട്ടും എനിക്ക് മനസ്സിന് അൽപംപോലും ദുഃഖമില്ല. വിഷമവുമില്ല. ബൈപാസ് സർജറിയടക്കമുള്ള ചികിത്സകൾ, ഇപ്പോൾ കാർ ഇടിച്ച് അപകടം, ഇതിനുമുമ്പ് ഗേറ്റ് വീണ് മറ്റൊരു അപകടം, ഹെർപ്പിസ് എന്ന രോഗം, ഇതൊക്കെ മാസങ്ങളോളം എന്നെ കിടത്തിയ അസുഖങ്ങളാണ്. എന്നാൽ മനസ്സിന് വിഷമമില്ല, ഞാൻ എപ്പോഴും സന്തോഷവാനാണ്. രോഗിയായി കിടന്നപ്പോഴെല്ലാം എന്നെ സന്ദർശിക്കാനെത്തിയവരുടെ എണ്ണംതന്നെയാണ് മനസ്സിനെ തണുപ്പിച്ച വലിയ കാര്യം. ഈ അപകടം സംഭവിച്ചപ്പോൾ മാത്രം രണ്ടായിരത്തോളം പേരാണ് കാണാൻ വന്നത്. ചിലർക്കൊക്കെ സന്ദർശകർ വരുന്നത് ദേഷ്യമാണ്, പക്ഷേ എനിക്ക് അതിലാണ് സന്തോഷം. മെറ്റാരു കാര്യം, ഏത് രോഗിയെയും ഞാൻ അങ്ങോട്ടുപോയി കാണും.
60 വർഷമായി ഇരുചക്ര വാഹനത്തിലാണ് യാത്ര. കുറേ ദൂരംപോകും. ഇങ്ങനെപോകുമ്പോൾ കുടുംബത്തിലെ അറിയുന്ന ആളുകളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെല്ലാം കയറും. ഒന്ന് സംസാരിച്ച് തിരിച്ചുപോരും. ഇതൊക്കെയാണ് എന്നെ സദാ സന്തോഷവാനാക്കി നിർത്തുന്നത്. ഒരാളുടെ രോഗമോ അപകടമോ ഒന്നും മരണത്തിന് കാരണമല്ല എന്നതാണ് എന്റെ വിശ്വാസം. ചിലപ്പോൾ അതുകൊണ്ടുമായേക്കാം, പക്ഷേ മരിക്കാൻ അതൊന്നും വേണ്ടല്ലോ. മറ്റൊന്ന് കുടുംബത്തിന്റെ സഹകരണം. എന്റേത് വലിയ കുടുംബമാണ്. ഞങ്ങൾ 12 മക്കളുണ്ട്. ഏഴ് ആണും അഞ്ച് പെണ്ണും. 11ാമനാണ് ഞാൻ. കുടുംബത്തിനൊപ്പമുള്ള സമയങ്ങളും എന്നെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. എനിക്ക് ആരോടും വിദ്വേഷമോ വെറുപ്പോ ഇല്ല. ആരെങ്കിലും എന്നോട് തെറ്റിയാൽ ഞാൻ അങ്ങോട്ടുപോയി പരിഹരിക്കും. മറ്റൊന്ന്, എന്റെ കുഴിമാടം ആറുവർഷം മുമ്പുതന്നെ ഞാൻ തയാറാക്കി വെച്ചിട്ടുണ്ട്. എന്റെ ഇണയുടെയും. വേഗം മരിച്ചുപോകാൻ വേണ്ടിയല്ല. നമ്മൾ എവിടെയാകുമെന്ന് നേരത്തേ അറിയാമല്ലോ...
ബൈപാസ് മുതൽ അപകടം വരെ
2008 മേയിലാണ് ആദ്യമായി ഹൃദയ പ്രശ്നമുണ്ടാകുന്നത്. അന്ന് 61 വയസ്സ്. അന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തു. 2009 ഫെബ്രുവരിയിൽ വീണ്ടും അറ്റാക്ക്. അന്ന് ബൈപാസ് ചെയ്യേണ്ടിവന്നു. 2010 ഡിസംബറിൽ വീണ്ടും ആൻജിയോപ്ലാസ്റ്റി. തുടർന്ന് 2013, 2016, 2019 ഏറ്റവുമവസാനം 2023ൽ. ആശിഷ് കുമാറാണ് എന്റെ ഡോക്ടർ. ഒറ്റക്കാണ് ഡോക്ടറെ കാണിക്കാൻ പോകാറ്. അതാണ് എന്റെ രീതി. യാത്ര സ്കൂട്ടറിൽതന്നെ. എനിക്കുണ്ടായ ഒന്നും രോഗമായി കാണുന്നില്ല. എനിക്കിനിയും അറ്റാക്ക് ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അതോർത്ത് ആശങ്കയുമില്ല.
പക്ഷേ, വന്നാൽ അതിന് ചികിത്സയെടുക്കുക അത്രമാത്രം. ഇതൊന്നും ഒരു രോഗമല്ല എന്ന തോന്നലാണ് ആദ്യം ഉണ്ടാകേണ്ടത്. എപ്പോഴും പ്രതീക്ഷയുള്ള മനസ്സുമായി ജീവിക്കണം. ഇത്തവണ അപകടത്തെ തുടർന്ന് നാലര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വേണ്ടിവന്നു. അനസ്തേഷ്യ നൽകാതെയാണ് ഇത് ചെയ്തത്. ബൈപാസും ആറ് ആൻജിയോപ്ലാസ്റ്റിയും കഴിയുകയും പോരാത്തതിന് ആക്സിഡന്റിൽ തലയോട്ടിയിലുണ്ടായ പൊട്ടലും കാരണം അനസ്തേഷ്യ നൽകിയാൽ റിക്കവറി വല്ലാതെ പ്രയാസപ്പെടും എന്നതുകൊണ്ടാണ് അത് നൽകാതിരുന്നത്. എന്റെ ഇണയുടെ സഹകരണമാണ് ആരോഗ്യത്തോടെ നിലനിൽക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകം. 49 വർഷംമുമ്പ് എന്റെ കൂടെ കൂടിയതാണ് അവൾ. നഫീസ എന്നാണ് പേര്. നാലുമക്കളും 11 പേരക്കുട്ടികളുമുണ്ട് ഞങ്ങൾക്ക്.
ടെലിഫിലിം, നീന്തൽ, യാത്ര...
ഹോബികൾ ഒരുപാടുണ്ട്. ടെലിഫിലിം നിർമിക്കുക എന്നതാണ് ഒന്ന്. എന്റെ ആദ്യ ടെലിഫിലിം ‘പച്ചപ്പ്’ നേരത്തേ പുറത്തിറങ്ങിയിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് 45 മിനിറ്റുള്ള സിനിമയാണത്. നാട്ടിൽതന്നെയായിരുന്നു ഷൂട്ടിങ്. കാശുണ്ടാക്കാനൊന്നും വേണ്ടിയല്ല. അതെന്റെയൊരു സ്വപ്നമാണ്. എന്റെ രണ്ടാമത്തെ ടെലിഫിലിം ‘പരീക്ഷ’ ഷൂട്ടിങ് ആരംഭിക്കാൻപോവുകയാണ്. ഞാൻതന്നെയാണ് കഥയും തിരക്കഥയും സംവിധാനവും. അപകടം കാരണമാണ് ഷൂട്ടിങ് വൈകുന്നത്. ചിത്രം വരക്കുന്നതാണ് മറ്റൊരു ഹോബി. നീന്തലും ഫിഷിങ്ങുമെല്ലാം ഇഷ്ടമാണ്. എത്ര സമയംവേണമെങ്കിലും വെള്ളത്തിനുമുകളിൽ പൊങ്ങിക്കിടക്കാൻ എനിക്ക് കഴിയും. ഇവിടെയൊരു കുളമുണ്ട്. ഒരുദിവസം രാവിലെ, കുളത്തിനുമുകളിൽ അനങ്ങാതെ മലർന്ന് കിടക്കുന്ന സമയത്ത് ഒരു കുട്ടി അവിടേക്ക് വന്നു. ഏതോ മൃതശരീരം കിടക്കുകയാണെന്നുകരുതി ആ കുട്ടി ആർത്തുവിളിച്ച് ഓടി, ആളുകൂടി. പിന്നീടാണ് അവർക്ക് കാര്യം പിടികിട്ടിയത്. യാത്രകളിഷ്ടമാണ്. ഇന്ത്യയാകെ സഞ്ചരിച്ചിട്ടുണ്ട്. ജമ്മു-കശ്മീർ വരെ 84 ദിവസത്തെ യാത്ര. രണ്ടായിരത്തിലായിരുന്നു അത്. കൊൽക്കത്തയോട് വല്ലാത്ത ഇഷ്ടമാണ്. ഒരുപാട് റിക്കാർഡുകളുടെ കലക്ഷനൊക്കെയുണ്ട്. തലത് മഹ്മൂദാണ് ഇഷ്ടഗായകൻ.
ഒരു നാടിന്റെ സൂക്ഷിപ്പുകാരൻ
ജീവിക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവെക്കാറുണ്ട്. ഈ പ്രദേശത്തെയും ആളുകളെയും കുറിച്ചുള്ള എല്ലാ ഡേറ്റയും കൈയിലുണ്ട്. മൂന്നരവർഷം വീടുകൾ കയറിയാണ് അത് ശേഖരിച്ചത്. അതുപോലെ ഒരു സ്വപ്നമായിരുന്നു നാട്ടിലെ മാപ്പ് തയാറാക്കി അതിൽ ഇടവഴികളടക്കം രേഖപ്പെടുത്തുക എന്നത്. ഞാൻതന്നെ കോയമ്പത്തൂരിൽനിന്ന് ഒരു അളവ് യന്ത്രം വാങ്ങി. ഓരോ ഇടവഴികളും കൃത്യമായി മാപ്പിൽ രേഖപ്പെടുത്തുകയും ചെയ്തു. 17 വയസ്സുമുതൽ പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. കച്ചവടമാണ് എന്റെ തൊഴിൽ. പ്രധാനമായും തോൽക്കച്ചവടം. മാംസക്കച്ചവടവുമുണ്ട്. എല്ലാ വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് കച്ചവടം. മുമ്പ് എല്ലാദിവസവുമുണ്ടായിരുന്നു.
കൃത്യമായ ജീവിതചര്യ സൂക്ഷിക്കുന്ന ആളാണ് ഞാൻ. പുലർച്ചെ നാലരക്ക് എഴുന്നേൽക്കും. നമസ്കാരം കഴിഞ്ഞ് ചായയും ബിസ്കറ്റും. ഏഴരക്ക് പ്രഭാതഭക്ഷണം കഴിക്കും. നേന്ത്രപ്പഴവും മധുരക്കിഴങ്ങും മുട്ടയുമാണ് ഇപ്പോൾ കഴിക്കാറ്. അതിനുശേഷം പത്തരമണിയാകുമ്പോൾ ഒരു ചായയും മുട്ടയും. കൃത്യം ഒരുമണിക്ക് ഉച്ചഭക്ഷണം കഴിക്കും. ചോറും പയറുമൊക്കെയാണ് പ്രധാനം. നാലുമണിക്ക് ചായയും മറ്റെന്തെങ്കിലും. ഏഴുമണി ഏഴര ആകുമ്പോഴേക്ക് രാത്രിഭക്ഷണം കഴിക്കും. ഒമ്പതരക്ക് ഉറങ്ങാൻ കിടക്കും. രാവിലെ നടത്തവുമുണ്ട്.
തെളിമലയാളമാണ് ടി.എ. റസാക്കിന്റെ ശൈലി. മലയാളവാക്കുകൾ ഏറെയുള്ളപ്പോൾ എന്തിന് മറ്റ് ഭാഷകളെ ആശ്രയിക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു. സംസാരിക്കുന്ന എല്ലാ വാക്കുകളും മലയാളം മാത്രം. ഈ ഭാഷ കാരണം ലോക്കപ്പിലും കയറേണ്ടി വന്നിട്ടുണ്ട്. മലയാളം പറഞ്ഞപ്പോൾ അത് തന്നെ കളിയാക്കിയതാണെന്നു കരുതിയായിരുന്നു അത്. ഇത് അദ്ദേഹത്തിന്റെ ശൈലിയാണെന്ന് ബോധ്യപ്പെട്ടപ്പോൾ പറഞ്ഞുവിടുകയും ചെയ്തു. ആ പൊലീസ് ഉദ്യോഗസ്ഥനുമായി പിന്നീട് റസാക്ക് നല്ല സൗഹൃദത്തിലുമായി.
സംസാരം നിർത്താനൊരുങ്ങുമ്പോൾ അദ്ദേഹം ചോദിച്ചു ‘താങ്കളുടെ ആമാശയത്തിന്റെ താപനില ശമിപ്പിക്കാൻ അൽപ്പം ശീതള പാനീയമെടുക്കട്ടെ?’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.