വാഗ്ദാനങ്ങൾ നൽകിയവർ ഓർക്കുക; ഡോ. ജ്യോതിഷ് ഇപ്പോഴും മീൻ പിടിക്കുകയാണ്
text_fieldsഅരൂർ: കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറേറ്റ് നേടിയിട്ടും ജ്യോതിഷിന് മീൻപിടിത്തം തന്നെ ആശ്രയം. വലിയ മോഹങ്ങളോടെയാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ജ്യോതിഷ് ഒരു വർഷം മുമ്പ് മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയത്.
'ആലപ്പുഴ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം' വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ഉൾനാടൻ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളുടെ ജീവിതാവസ്ഥ പഠിക്കാൻ ഒമ്പതു വർഷത്തെ അലച്ചിലും യാത്രകളും വേണ്ടിവന്നെന്ന് ജ്യോതിഷ് പറയുന്നു.
ഡോക്ടറേറ്റ് കിട്ടിയ വിവരമറിഞ്ഞ് അന്നത്തെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖരും അനുമോദിക്കാൻ വീട്ടിലെത്തി. വീടിെൻറ ദരിദ്രമായ ചുറ്റുപാടുകളും പ്രായമായ മാതാപിതാക്കളെയും കണ്ട അധികാരികൾ ജോലിയും ഉറപ്പുനൽകി. മത്സ്യഫെഡ് അധികൃതരും കമ്മിറ്റി ചേർന്ന് ഉടൻ കാര്യം പരിഗണിക്കാമെന്ന് ഉറപ്പുപറഞ്ഞിരുന്നു.
അവിവാഹിതനായ ജ്യോതിഷിന് ഇപ്പോൾ വയസ്സ് 38. പി.എസ്.സി ജോലിക്ക് അപേക്ഷിക്കാനുള്ള സമയവും തീരുകയാണ്. സാമ്പത്തിക ശാസ്ത്രത്തിലെ ഡോക്ടറേറ്റിന് ജോലി സാധ്യതയില്ലെന്നാണ് പല സ്ഥാപനങ്ങളും പറയുന്നതത്രേ.
ഫിഷറീസിൽ ഡോക്ടറേറ്റ് എടുത്തിരുന്നെങ്കിൽ ജോലി തരപ്പെടുത്താമായിരുന്നെന്ന് ജ്യോതിഷ് സമീപിച്ച അധികാരകേന്ദ്രങ്ങൾ പറയുന്നു. സമുദ്രത്തിലെ മീൻപിടിത്തവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമാണ് ഫിഷറീസ് വകുപ്പിെൻറ ഇഷ്ടഗവേഷണ വിഷയം.
ഉൾനാടൻ മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളുടെ ജീവിതദുരിതങ്ങളും ഫിഷറീസ് വകുപ്പിനുപോലും ഗവേഷണ വിഷയമല്ല എന്നതായിരിക്കുന്നു അവസ്ഥ.അരൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ കാവലുങ്കൽ തങ്കപ്പെൻറയും വിലാസിനിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.