റെനീഷിന് 'ഭാരമല്ല' സംഗീതം
text_fieldsമട്ടാഞ്ചേരി: ഭാരം ചുമക്കാൻ മാത്രമല്ല മനസ്സുകളിലെ ഭാരത്തെ സംഗീതത്തിലൂടെ ഇറക്കിവിടാനുമറിയാം റെനീഷിന്. പകൽ വെലിങ്ടൺ ഐലൻഡിലെ ഗോഡൗണുകളിൽ തലച്ചുമടായി ഭാരം ചുമുക്കുന്നവരിലൊരാൾ, സയാഹ്നമായാൽ കൊച്ചിയുടെ സന്ധ്യകൾക്ക് ശ്രുതിമധുരം പകരുന്ന സംഗീജ്ഞൻ. ചുമട്ടുജോലിയും ഗിത്താറിൽ നാദവിസ്മയവും തീർത്ത് മുന്നേറുകയാണ് മട്ടാഞ്ചേരിക്കാരനായ ഈരവേലി സ്വദേശി റെനീഷ് റിജു.
പാശ്ചാത്യ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഗിത്താറിൽ തീർക്കുന്ന ഈ യുവാവിന്‍റെ മിടുക്ക് പ്രമുഖരായ സംഗീതജ്ഞർ വരെ വാഴ്ത്തിയിട്ടുണ്ട്. ശ്രീ ഗുജറാത്തി സ്കൂളിൽ നടന്ന ഗുജറാത്തി സമൂഹത്തിന്‍റെ ഗണേശോത്സവത്തിൽ ഗിത്താറിൽ റെനീഷ് ഭജൻ വായിച്ചപ്പോൾ പ്രമുഖ കർണാട്ടിക് സംഗീതവിദ്വാൻ അന്തരിച്ച എൻ.പി. രാമസ്വാമി റെനീഷിനെ വാരിപ്പുണർന്നിരുന്നു.
ഹരിവരാസനം, ഗായത്രി മന്ത്രം എന്നിവ വരെ ഗിത്താറിൽ ഉയർത്തിയാണ് റെനീഷ് സ്റ്റേജ് വിട്ടത്. ഹിമാചൽ പ്രദേശിൽ നടന്ന ലോക യോഗദിനാചരണ ചടങ്ങിൽ റെനീഷ് ഗിത്താറിൽ പൂർണമന്ത്രം വായിച്ചു. എല്ലാ വസ്തുക്കളിലും സംഗീതം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് റെനീഷിന്‍റെ വാദം.
കൊച്ചി മുസ്രിസ് ബിനാലെ നടന്നപ്പോൾ ടാനിയ കാന്താനി എന്ന വിദേശ സുഹൃത്തിന്‍റെ സഹായത്താൽ കൈത്തറി യന്ത്രം വാദ്യോപകരണമാക്കി സംഗീതം മീട്ടിയിട്ടുണ്ട് റെനീഷ്. ചുമടെടുക്കുമ്പോഴും അതിലൊരു സംഗീതത്തിന്‍റെ ലാഞ്ഛന അനുഭവപ്പെടുന്നതായി റെനീഷ് പറയുന്നു.
ഇരുപതാമത്തെ വയസ്സിലാണ് കൊച്ചിൻ ഷരീഫെന്ന ഗുരുനാഥന്‍റെ കീഴിൽ ഗിത്താർ പഠിക്കാൻ ചേർന്നത്. ആ സമയത്ത് കൊച്ചി തുറമുഖത്ത് വളം (യൂറിയ) കയറ്റിറക്ക് വിഭാഗത്തിലായിരുന്നു റെനീഷിന് ജോലി. ജോലിക്കിടയിൽ യൂറിയ കുത്തിക്കയറി കൈകളും വിരലുകളും മുറിയുന്നത് പതിവാണ്. മുറിവുള്ള വിരലുകൾ കൊണ്ടാണ് ഗിത്താർ വായിച്ചുപഠിച്ചത്.
ഇന്ന് ആ വേദന ഒരു അനുഭൂതിയായി തോന്നുന്നതായി റെനീഷ് പറഞ്ഞു. മട്ടാഞ്ചേരി ഈരവേലിയിൽ മദർ തെരേസ മഠത്തിനുസമീപം കടവിൽ വീട്ടിൽ കെ.എം. റഷീദ്-സുഹ്റ ദമ്പതികളുടെ മകനായ റെനീഷിന്‍റെ സംഗീത യാത്രയിൽ കുടുംബത്തിന്‍റെ പിന്തുണയുമുണ്ട്. നിഷയാണ് ഭാര്യ. റംസിയ, റൈസ എന്നിവർ മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.