ഹുസൈനും റംലത്തിനും ആഗ്രഹ സാഫല്യം; പട്ടയം വീട്ടിൽ എത്തിച്ച് കൊച്ചി താലൂക്ക് ജീവനക്കാർ
text_fieldsമട്ടാഞ്ചേരി: പട്ടയം വീട്ടുപടിക്കലെത്തിച്ച് നൽകി കൊച്ചി താലൂക്ക് ജീവനക്കാർ. കിടപ്പുരോഗിയായ പുതുവൈപ്പ് ബെൽബോ ജങ്ഷനിലെ 22 കോളനിയിലെ കണിയാംതുരുത്ത് വീട്ടിൽ ഹുസൈൻ (60), ഭാര്യ റംല (55) എന്നിവർക്കാണ് കിടപ്പാടത്തിന്റെ പട്ടയം വീട്ടിലെത്തിച്ചത്.
20 വർഷത്തോളമായി ദമ്പതികൾ പട്ടയത്തിന് അപേക്ഷ നൽകാൻ തുടങ്ങിയിട്ട്. ചെറുകാരണങ്ങൾ ചൂണ്ടി അപേക്ഷ തിരസ്കരിക്കാറാണ് പതിവ്. 1.900 സെന്റ് ഭുമിയുടെ അവകാശം തങ്ങളുടെ കണ്ണടയും മുമ്പ് പതിച്ച് കിട്ടണമെന്ന ആഗ്രഹത്തോടെ ഇവർ കഴിഞ്ഞ വർഷം കൊച്ചി തഹസിൽദാർ സുനിത ജേക്കബിന് അപേക്ഷ നൽകി. അപേക്ഷ തഹസിൽദാർ ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസിന് കൈമാറി.
തുടർന്ന്, അതിവേഗത്തിലായിരുന്നു പട്ടയ നടപടികൾ. കഴിഞ്ഞയാഴ്ച കളമശ്ശേരിയിൽ നടന്ന പട്ടയമേളയിൽ ഇവർക്ക് നൽകേണ്ടതായിരുന്നു. എന്നാൽ, ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വീട്ടിൽ കഴിയുന്ന ഹുസൈന് പോയി വാങ്ങാൻ കഴിഞ്ഞില്ല. ഇതേതുടർന്നാണ് തഹസിൽദാർ സുനിത ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് എന്നിവരുടെ നേതൃത്വത്തിൽ പട്ടയം വീട്ടിൽ എത്തിച്ചു നൽകാൻ തീരുമാനിച്ചത്. ദമ്പതികളുടെ ഏക മകൾ 15ാം വയസ്സിൽ മരണപ്പെട്ടിരുന്നു.
വീട്ടിൽതന്നെ ഓക്സിജൻ സിലിണ്ടർ സംവിധാനം ഘടിപ്പിച്ചാണ് ഹുസൈൻ കഴിയുന്നത്. അതുകൊണ്ടതന്നെ ഭാര്യ റംലക്ക് ജോലിക്കോ മറ്റോ പുറത്തുപോകാനാവാത്ത സാഹചര്യമാണ്. ഓക്സിജൻ സംവിധാനത്തിന് തന്നെ മാസം ആറായിരം രൂപ വൈദ്യുതി ബില്ല് വരും. അയൽവാസികളുടെയും മറ്റും സഹായത്തോടെയാണ് പലപ്പോഴും വൈദ്യുതി ബില്ല് അടക്കുന്നത്.
പുതുവൈപ്പ് വില്ലേജ് ഓഫിസർ കെ.വി. ബാബു, സ്പെഷൽ വില്ലേജ് ഓഫിസർ സി.ജെ. മെർവിൻ, ജി. സ്മിത, പ്രീതി സുകുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.