റിഫാനും ജംഷീറും രാജ്യം ചുറ്റാനൊരുങ്ങുകയാണ്; കാൽനടയായി
text_fieldsപന്തീരാങ്കാവ്: സ്വാതന്ത്ര്യത്തിന് ഏഴരപ്പതിറ്റാണ്ട് പിന്നിടുന്ന രാജ്യത്തിന്റെ കാഴ്ചകളിലൂടെ ഒന്ന് കറങ്ങാനൊരുങ്ങുകയാണ് കോഴിക്കോട്ടുകാരായ രണ്ട് യുവാക്കൾ. പെരുമണ്ണ സ്വദേശി ഏറാംകുളങ്ങര ഫൈസലിന്റെ മകൻ മുഹമ്മദ് റിഫാൻ (19), കൂരാച്ചുണ്ട് കുറിയേടത്ത് ബഷീറിന്റെ മകൻ ടി.ബി. ജംഷീർ (24) എന്നിവരാണ് കാൽനടയായി ഇന്ത്യ ചുറ്റിക്കറങ്ങാനൊരുങ്ങുന്നത്. ഏറക്കാലമായി ഇരുവരും മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നമാണ് സെപ്റ്റംബർ ഒന്നിന് രാവിലെ ഒമ്പതിന് പെരുമണ്ണയിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
പ്ലസ് ടു പഠനം കഴിഞ്ഞ് ഒരു യൂട്യൂബ് ചാനലിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും ഇന്ത്യ മുഴുവൻ ചുറ്റിസഞ്ചരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഒന്നര മാസം മുമ്പാണ് യാത്രയെക്കുറിച്ച് ഗൗരവമായി ആലോചിച്ച് തീരുമാനമെടുത്തത്. തുടർന്ന് കിട്ടാവുന്നിടങ്ങളിൽ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചു, വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് യാത്രക്ക് തീരുമാനമെടുത്തത്.
കേരളം, മംഗളൂരു, ഗോവ വഴി മറ്റ് സംസ്ഥാനങ്ങൾ താണ്ടുകയാണ് ഉദ്ദേശിക്കുന്നത്. ദിവസവും 25 കിലോമീറ്ററെങ്കിലും സഞ്ചരിക്കാനാവുമെന്നാണ് കണക്ക്കൂട്ടൽ. ഒരോ സംസ്ഥാനത്തേയും വിത്യസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങിയവ ബന്ധപ്പെടുത്തിയാണ് യാത്ര. മുൻ ധാരണയിൽ തീരുമാനിച്ചല്ല യാത്രയുടെ റൂട്ട്.
ഓരോ സ്ഥലത്തുമെത്തുമ്പോൾ അവിടെ നിന്നാവും അടുത്ത സ്ഥലം തീരുമാനിക്കുക. അത് കൊണ്ട് എത്ര മാസമെടുത്താവും യാത്ര അവസാനിപ്പിക്കുകയെന്ന ധാരണയില്ല. ബാഗ്, താൽക്കാലിക ടെന്റ് തുടങ്ങിയവക്കുള്ള തുക സുഹൃത്തുക്കൾ സ്പോൺസർ ചെയ്തതാണ്. ഭക്ഷണത്തിനായി കൈയിൽ ചെറിയ തുക മാത്രമാണ് കരുതിയിട്ടുള്ളതെന്ന് റിഫാനും ജംഷീറും പറയുന്നു.വഴിയിൽ ചെറിയ ജോലികൾ ചെയ്ത് മുന്നോട്ടുള്ള യാത്രയുടെ ഭക്ഷണ ചെലവിനുള്ള തുക കണ്ടെത്താനാവുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.