ചിങ്ങത്തിലൊരു ‘മിഥുനം’
text_fieldsമലയാളികളുടെ ഏത് ആഘോഷങ്ങളുടെ മുന്നിലും ഒരു മുഖമുണ്ടാകും, പൊട്ടിച്ചിരികളും തമാശകളുമായി മിഥുൻ രമേശ്. പ്രവാസം 20 വർഷം പിന്നിടുമ്പോൾ ലക്ഷ്മിയും മകൾ തൻവിയും ജീവിതത്തിന് മധുരം പകർന്ന് ഒപ്പമുണ്ട്. അതിജീവനത്തിന്റെ കരുത്തായി വീണ്ടുമൊരു ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ഈ കുടുംബം
സ്റ്റേജ് ഷോകളിലൂടെ വെള്ളിത്തിരയിൽ താരങ്ങളായി മാറിയ നിരവധി നടൻമാരുണ്ട് മലയാള സിനിമയിൽ. എന്നാൽ, സിനിമയിൽ തിളങ്ങി നിൽക്കെ സ്റ്റേജ് ഷോകളിലേക്ക് തിരികെ പോയി താരപദവിയിലെത്തിയ നടനാണ് മിഥുൻ രമേശ്. മലയാളികൾക്ക് ഒരു പക്ഷേ, മിഥുൻ എന്ന നടനേക്കാൾ സ്റ്റേജ് ഷോ അവതാരകനെയായിരിക്കും കൂടുതൽ സുപരിചിതം. രണ്ട് പതിറ്റാണ്ടുകാലമായി സ്റ്റേജ് ഷോകളിൽ നിറസാന്നിധ്യം. അതോടൊപ്പം ദുബൈയിലെ ഹിറ്റ് എഫ്.എം റേഡിയോയിലൂടെ യു.എ.ഇയിലെ മലയാളികൾക്കിടയിൽ സുപരിചിതമായ ശബ്ദം. അഭിനയമെന്ന അഭിനിവേശത്തിൽ നിന്ന് തികച്ചും അപരിചിതമായ എഫ്.എം റേഡിയോയിലേക്കും അവിടെ നിന്ന് താരപദവിയിലുള്ള സ്റ്റേജ് ഷോ അവതാരകനിലേക്കുമുള്ള മിഥുന്റെ യാത്രയിൽ അതിജീവനത്തിന്റെ ലവണരസം കൂടി ഉൾച്ചേർന്നിട്ടുണ്ട്.
ഗതിമാറ്റിയ ഫോൺകാൾ
18ാം വയസ്സിലാണ് മിഥുന് പിതാവിനെ നഷ്ടമാകുന്നത്. തിരുവനന്തപുരം ഐ.ജി ഓഫിസിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അച്ഛന്റെ വേർപാടിലൂടെ ലഭിച്ച ആശ്രിത നിയമനം വഴി അങ്ങനെ 21ാം വയസ്സിൽ മിഥുൻ സർക്കാർ ജോലിക്കാരനായി. അഭിനയമോഹങ്ങളുമായി നടക്കുന്ന കാലത്ത് ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു അച്ഛൻ ജോലി ചെയ്ത അതേ ഓഫിസിൽ മിഥുനും ജോലി ലഭിക്കുന്നത്. ആ സമയം ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ മനസ്സിൽ നിറയെ സിനിമാ മോഹങ്ങൾ കൊണ്ടുനടന്ന അയാൾക്ക് അധിക കാലം സർക്കാർ ഓഫിസിന്റെ ഫയലുകളിൽ ഒളിച്ചിരിക്കാനായില്ല. ജോലിയിൽ നിന്ന് വൈകാതെ ലീവെടുത്ത് സിനിമയും സീരിയലുമൊക്കെയായി ജീവിതത്തെ മിഥുൻ വഴിതിരിച്ചുവിട്ടിരുന്നു. ഒരിക്കൽ താരസംഘടനയായ ‘അമ്മ’യുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ ജീവിതത്തിൽ വഴിത്തിരിവായ ആ ഫോൺകാൾ ദുബൈയിൽ നിന്ന് എത്തി. ദുബൈ സർക്കാറിന്റെ പിന്തുണയിൽ ആരംഭിക്കുന്ന ഹിറ്റ് എഫ്.എം റേഡിയോയിലേക്ക് അവസരം വാഗ്ദാനം ചെയ്തുകൊണ്ട് അന്നത്തെ മേധാവി അജിത് മേനോന്റേതായിരുന്നു കാൾ. ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ലിറ്റിൽ ആർട്ടിസ്റ്റ് എന്ന കുട്ടികളുടെ ഒരു പ്രോഗ്രാം കണ്ട് നടി നൈല ഉഷയാണ് മിഥുന്റെ പേര് ഹിറ്റ് എഫ്.എമ്മിലേക്ക് നിർദേശിക്കുന്നത്. അന്ന് ദിലീപ് നായകനായ റൺവേ, വെട്ടം എന്നീ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. വൈകാതെ സ്റ്റാർ പദവിയിലേക്ക് ഉയരാൻ അവസരം ലഭിക്കുമെന്ന് സ്വപ്നം കണ്ടിരുന്ന അയാളെ സംബന്ധിച്ച് എഫ്.എം റേഡിയോയിലേക്കുള്ള ഓഫർ ഒരിക്കലും സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ, രണ്ട് സിനിമകളും ഹിറ്റായെങ്കിലും സ്വപ്നം കണ്ട പോലെ സിനിമയിൽ വലിയ അവസരങ്ങളൊന്നും പിന്നീട് മിഥുനെ തേടിയെത്തിയില്ല. ഇതിനിടെ കൊച്ചിയിൽ ഇന്റർവ്യൂവിന് ഹാജരാകാതെ മുങ്ങിനടന്ന മിഥുനെ തേടി ഹിറ്റ് എഫ്.എമ്മിൽ നിന്ന് വീട്ടിലേക്ക് കാൾ വന്നു. അതോടെ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ദുബൈയിലേക്ക് പറന്നു.
പ്രണയവും വിവാഹവും
ദുബൈയിൽ ജോലിക്കിടെയാണ് തൃശൂർ സ്വദേശിയായ ലക്ഷ്മി മേനോനെ പരിചയപ്പെടുന്നതും ജീവിതത്തിൽ നല്ല പാതിയായി ഒപ്പം കൂട്ടുന്നതും. ദുബൈയിൽ ബിരുദ പഠനം നടത്തുകയായിരുന്നു ലക്ഷ്മി. രണ്ട് കുടുംബങ്ങളും ഇരുവരുടെയും പ്രണയബന്ധം അറിഞ്ഞതോടെയാണ് വിവാഹം നേരത്തേ നടന്നതെന്നും അല്ലേൽ ആ പ്രണയ യാത്ര ഇനിയും ഒരുപാട് കാലം പോകുമായിരുന്നുവെന്നുമാണ് രണ്ടുപേരുടെയും അഭിപ്രായം.
പഠനകാലത്തുതന്നെ വ്ലോഗിങ്ങും മറ്റുമായി സമൂഹ മാധ്യമത്തിൽ സാന്നിധ്യമറിയിച്ചിരുന്നു ലക്ഷ്മി. എന്നാൽ, കോവിഡ് കാലത്ത് മാനസിക സമ്മർദത്തിന് അടിപ്പെട്ടതോടെ എല്ലാം കൈയിൽ നിന്ന് പോയി. അതിൽ നിന്ന് ജീവിതം തിരിച്ചുപിടിച്ച ശേഷമാണ് വീണ്ടും ടിക്ടോക്കിൽ ഒരു കൈ നോക്കുന്നത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ തുടങ്ങി. ഒരിക്കൽ മിഥുനെ കൂടി ഒപ്പം കൂട്ടിയതോടെ റീലുകൾ ഹിറ്റായി. ഇടക്ക് മകൾ തൻവിയും മുഖം കാണിക്കാൻ എത്താറുണ്ടെങ്കിലും അവളുടെ ‘ഡിമാൻഡ്’ അൽപം കൂടുതലാണെന്നാണ് ഇരുവരുടെയും അഭിപ്രായം. മലയാളികളുടെ ഏത് ആഘോഷത്തിന്റെയും അലയൊലികൾ പ്രവാസലോകത്തുമുണ്ടാവും. ഓരോ ആഘോഷവും, അതിജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് കരുത്തുപകരും. കാരണം പ്രവാസമെന്നത് ഓരോ മലയാളിയെയും സംബന്ധിച്ച് അതിജീവനത്തിലേക്കുള്ള പാതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.