റോയൽ എൻഫീൽഡിന്റെ മനസ്സറിഞ്ഞ മെക്കാനിക്ക് ഇനിയില്ല
text_fieldsമഞ്ചേരി: നിരത്തുകളിലെ താരം റോയൽ എൻഫീൽഡിന്റെ മനസ്സറിഞ്ഞ മെക്കാനിക്ക് ഇനിയില്ല. തൃപ്പനച്ചി സ്വദേശിയും മഞ്ചേരി മേലാക്കത്തെ 60 വർഷത്തിലേറെ പഴക്കമുള്ള ബുള്ളറ്റ് ടൂവീലർ വർക്ക്ഷോപ്പ് ഉടമയുമായ കെ.വി. ഉമ്മർ (82) ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. അവശതകാരണം ആശുപത്രിയിൽ പോകാനിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലയിലെ ആദ്യ അംഗീകൃത റോയൽ എൻഫീൽഡ് മെക്കാനിക്കാണ് ഇദ്ദേഹം. ഉമ്മർ കാക്കയുടെ കൈ എത്താത്ത ബുള്ളറ്റ് അന്ന് നിരത്തുകളിൽ ഉണ്ടായിരുന്നില്ല. ഏത് മോഡൽ ബുള്ളറ്റിന്റെ തകരാറും നിശ്പ്രയാസം പരിഹരിച്ചിരുന്നു.
അന്നത്തെ കാലത്ത് വർക്ക് ഷോപ്പുകൾ കുറവായതിനാൽ ദൂരെനിന്ന് അടക്കം ആളുകൾ അദ്ദേഹത്തെ തേടിയെത്തി. ബുള്ളറ്റ് സവാരിയും അറ്റക്കുറ്റപ്പണിയും ഇദ്ദേഹത്തിന് ഹരമായിരുന്നു. വാഹനമോഡലും എൻജിനും പാർട്സുകളുടെ വിലയുമെല്ലാം മനഃപാഠമായിരുന്നു. നടൻ മമ്മൂട്ടിയുടെ ബൈക്കും ഉമ്മർ നന്നാക്കിയിരുന്നു. മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന കാലത്തായിരുന്നു അത്. ഏഴാം ക്ലാസ് പൂർത്തിയാക്കി ഉമ്മർ ബംഗളൂരുവിൽ നിന്നാണ് മെക്കാനിക്കിന്റെ ബാലപാഠങ്ങൾ പഠിച്ചത്.
പിന്നീട് മുംബൈയിലും പുണെയിലും കുറേക്കാലം ജോലി ചെയ്തു. 1963 ലാണ് മഞ്ചേരിയിൽ ആദ്യമായി വർക്ക് ഷോപ്പ് തുടങ്ങിയത്. അന്നത്തെ ജില്ല ആശുപത്രിക്ക് സമീപം ‘സുലൈഖ ഓട്ടോ ഗാരേജ്’ എന്ന പേരിലായിരുന്നു തുടക്കം. 1968ൽ ഡീസൽ എൻജിൻ ബുള്ളറ്റ് കാണാൻ നിരവധി പേർ മഞ്ചേരിയിലെത്തിയിരുന്നു. 60 മുതൽ 70 കിലോ മീറ്റർ ദൂരം ബുള്ളറ്റുകൾ ഓടിച്ച ദിവസങ്ങളുണ്ടായിരുന്നു. തൃപ്പനച്ചി അങ്ങാടിയിലൂടെ അദ്ദേഹത്തിന്റെ ബുള്ളറ്റ് സഞ്ചാരം നാട്ടുകാർക്കും കൗതുകമായിരുന്നു. പ്രായാധിക്യം കാരണം കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിൽ തന്നെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.