യൂനിയൻ ജാക്ക് പതാക ഇറക്കി ത്രിവർണ പതാക ഉയർത്തിയതിന്‍റെ ഓർമയിൽ റൂഫസ് ഡിസൂസ
text_fieldsഫോർട്ട്കൊച്ചി: പരേഡ് മൈതാനിയിൽ ബ്രിട്ടീഷുകാർ യൂനിയൻ ജാക്ക് പതാക ഇറക്കി പകരം സ്വാതന്ത്ര്യ സമര സേനാനി കെ.ജെ. ബേർളി ദേശീയപതാക ഉയർത്തിയത് നേരിൽക്കണ്ട ആവേശം 89ാം വയസ്സിലും റൂഫസ് ഡിസൂസയിൽ കെട്ടടങ്ങിയിട്ടില്ല. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യം സ്വതന്ത്രമായ ദിവസം യൂനിയൻ ജാക്ക് പതാക ഇറക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് എത്തിയത്.
മൈതാനത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള കൊച്ചിൻ ക്ലബിലായിരുന്നു അന്ന് ബ്രിട്ടീഷ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ വിനോദത്തിനായി എത്തിയിരുന്നത്. ആ ദിവസം ബ്രിട്ടീഷ് സേനയിലെ പതിനഞ്ചോളം വരുന്ന അംഗങ്ങൾ മൈതാനിയിലെത്തി. പിറകെ അന്നത്തെ ഫോർട്ട്കൊച്ചി മുനിസിപ്പൽ ചെയർമാൻ കെ.ജെ. ബെർളി, കെ.ജെ. ഹർഷൽ, ഡബ്ല്യു.എച്ച്. ഡിക്രൂസ്, ജോയി സി. ജാക്സൺ എന്നിവരടങ്ങളുന്ന പതിനഞ്ചോളം ഇന്ത്യൻ പ്രതിനിധികളും മൈതാനത്തെ കൊടിമരത്തിന് സമീപമെത്തി. രണ്ടു വിഭാഗവും രണ്ടുവരികളായി നിന്നു. ക്ലബിലെ ജീവനക്കാരനായ വിംഗ്ലർ പിറകെ താലവുമായി ഗ്രൗണ്ടിലെത്തി. താലത്തിൽ നാലായി മടക്കിയ ദേശീയ പതാകയാണ് ഉണ്ടായിരുന്നത്.
ബ്രിട്ടീഷുകാരനായ ആർ.ജെ. വൈറ്റ് കൊടിമരത്തിൽനിന്ന് ബ്രിട്ടീഷ് പതാക താഴെയിറക്കി. പിറകെ കെ.ജെ. ബേർളി ത്രിവർണ പതാക കയറ്റി. ഈ സമയം നാട്ടുകാർ ആർത്തുവിളിച്ചു. ആ ശബ്ദത്തിന്‍റെ അലയടി ഇന്നും ചെവിയിൽ മുഴുകുകയാണെന്ന് രാജ്യത്തെ മുതിർന്ന ഫുട്ബാൾ പരിശീലകൻ കൂടിയായ റൂഫസ് പറഞ്ഞു. ആ സുന്ദര മുഹൂർത്തം കാണാനെത്തിയവരിൽ വീട്ടമ്മമാരും ഉണ്ടായിരുന്നു. പലരുടെയും കണ്ണുകളിൽനിന്ന് ആനന്ദാശ്രുക്കൾ പൊഴിഞ്ഞതും മറക്കാനാവില്ലെന്ന് ഡിസൂസ കൂട്ടിച്ചേർത്തു.
നാല് രാജ്യങ്ങളുടെ സൈനിക പരേഡിന് വേദിയായ ഏക മൈതാനമെന്ന പ്രത്യേക ഈ ഗ്രൗണ്ടിനുണ്ട്. 1503 മുതൽ പോർചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നി വിദേശസേനകൾ ഈ മൈതാനത്ത് പരേഡുകൾ നടത്തിയിട്ടുണ്ട്. ദ്രോണാചാര്യ നാവിക പരിശീലന കേന്ദ്രം കമീഷൻ ചെയ്യുന്നതുവരെ ഇന്ത്യൻ നാവിക സേനയും പരേഡിനായി ഈ മൈതാനം ഉപയോഗിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.