റുഫസ് ഡിസൂസയുടെ കായിക പരിശീലനത്തിന് അഞ്ചര പതിറ്റാണ്ടിന്റെ തിളക്കം
text_fieldsമട്ടാഞ്ചേരി: കൊച്ചിക്കാർ സ്നേഹാദരവോടെ ഫുട്ബാൾ അങ്കിൾ എന്ന് വിളിക്കുന്ന റൂഫസ് ഡിസൂസ കായിക പരിശീലനം തുടങ്ങിയിട്ട് 54 വർഷം കടക്കുകയാണ്. കുട്ടികളെ ഫുട്ബാൾ, ഹോക്കി മത്സരങ്ങൾക്ക് ഒരുക്കുന്ന റൂഫസ് തന്റെ പരിശീലന ദൗത്യം തുടങ്ങിയത് 1970 മേയ് 19ന്. അതിനു മുമ്പ് 20 വർഷത്തോളം ഫുട്ബാളിലും ഹോക്കിയിലും കളിക്കാരനെന്ന നിലയിൽ അംഗീകാരങ്ങൾ അനവധി നേടിയിരുന്നു അദ്ദേഹം. തിരുകൊച്ചിക്ക് വേണ്ടി കളി തുടങ്ങിയ റുഫസ് പിന്നീട് കേരളം, മദ്രാസ് സംസ്ഥാനങ്ങൾക്ക് വേണ്ടി ഹോക്കിയും ഫുട്ബാളും കളിച്ചു.
തുടർന്ന് മദാസ്, ബാംഗളൂരു, ഹൈദ്രാബാദ്, കേരളം, ശ്രീലങ്ക ഉൾപ്പെടുന്ന സതേൺ പെന്റാംഗുലർ ടീമിൽ കളിച്ച് വെന്നിക്കൊടി നാട്ടി. ഹോക്കിയിലും ഫുട്ബാളിലും ഗോളടി യന്ത്രമായിരുന്നു റൂഫസ്. അരനൂറ്റാണ്ടിനിടയിൽ റൂഫസ് പരിശീലിപ്പിച്ച കുട്ടികളിൽ നിരവധി പേർ ദേശീയ, അന്തർ ദേശീയ നിലവാരത്തിൽ എത്തിയിട്ടുണ്ട്. 2000 ലെ സിഡ്നി ഒളിമ്പിക്സിൽ കളിച്ച ഇന്ത്യൻ ഹോക്കി ടീമിലെ കളിക്കാരിൽ ഒരാളായ ദിനേശ് നായ്ക്ക് അദ്ദേഹത്തിന്റെ ശിഷ്യനാണ്. നവതിയോടടുക്കുമ്പോഴും ഒരു ദിവസം പോലും പരിശീലനം മുടക്കാതെ റുഫസ് കർമനിരതനാണ്.
54 കൊല്ലത്തിനിടക്ക് അപൂർവമായി മാത്രമേ അദ്ദേഹം പരേഡ് ഗ്രൗണ്ടിൽ വരാതിരുന്നിട്ടുള്ളൂ. സൂര്യോദയത്തിന് ഏറെ മുമ്പ് തന്നെ ഗ്രൗണ്ടിലെത്തും. തുടർന്ന് ശിഷ്യരുമെത്തും. കളിക്കളത്തിൽ കർക്കശകാരനായ റുഫസ് ദൈവം അനുവദിക്കുന്ന കാലത്തോളം താൻ കളിക്കളത്തിലുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.