ഓട്ടമാണ് നാസിമുദ്ദീന് ജീവിതം
text_fieldsഇരവിപുരം: ജീവിതഭാരം കുറക്കാൻ നാസിമുദ്ദീൻ ചുമലിലേറ്റുന്ന ഭാരം ടൺ കണക്കിലാണ്. അമ്പത്തിയഞ്ചാം വയസ്സിലും നിത്യതൊഴിലിനൊപ്പം ‘ഓടി നേടിയ’ മെഡലുകളുടെ കൂമ്പാരം ടണ്ണിനോടടുക്കുമ്പോൾ കായികമേഖലയിൽ തന്റേതായ കൈയൊപ്പ് ചാർത്തുകയാണ് കൊല്ലൂർവിള പള്ളിമുക്കിലെ ഈ ചുമട്ടുതൊഴിലാളി. തല ചായ്ക്കാൻ സ്വന്തമായി കൂര ഇല്ലെങ്കിലും ഓട്ടത്തിന്റെ കാര്യത്തിൽ നാസിമുദ്ദീൻ എപ്പോഴും മുന്നിലാണ്.
ചെറുപ്പത്തിേല ഓട്ടത്തിനോട് തോന്നിയ കമ്പമാണ് വാർധക്യത്തിലും നാസിമുദ്ദീന് ഊർജം. പള്ളിമുക്ക് ആസാദ് നഗർ പറട്ടയിൽ കിഴക്കതിൽ നാസിമുദ്ദീന് കുട്ടിക്കാലത്തുണ്ടായ അസുഖം മൂലം എൽ.പി തലത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ, ഓട്ടമത്സരങ്ങൾ ഹരമായി തുടർന്നു, ഇന്നും തുടരുന്നു.
ക്ലബ് തലം മുതൽ നാഷനൽ ഗെയിംസ് വരെ ഒട്ടനവധി മത്സരങ്ങളിലാണ് മെഡലുകൾ നേടിയത്. ഇരവിപുരം കാവൽപുര ഉദയതാര സാംസ്കാരിക സംഘടന സംഘടിപ്പിച്ച മാരത്തണിലെ രണ്ടാം സ്ഥാനത്തോടെയായിരുന്നു തുടക്കം. പിന്നീട് ക്ലബ് മാരത്തണുകളിൽ നിരവധി ഒന്നാം സ്ഥാനങ്ങൾ നേടി. കേരളോത്സവത്തിൽ സംസ്ഥാനതലം വരെ ഒന്നാമനായി. 2020ൽ ഹരിയാനയിലെ പഞ്ചഗുളയിൽ നടന്ന ഓൾ ഇന്ത്യ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ രണ്ട് സ്വർണം നേടി.
2022ൽ ദുബൈ ഇന്റർനാഷനൽ മാരത്തണിൽ സ്വർണം, ഹരിയാനയിലെ കുരുക്ഷേത്ര അത്റ്റിക്സ് മീറ്റിൽ സ്വർണവും വെള്ളിയും, ദേശിംഗനാട് ബാക്ക് വാട്ടർ മാരത്തൺ, ചങ്ങനാശ്ശേരി മാരത്തൺ, കുട്ടനാട് മാരത്തൺ എന്നിവയിൽ സമ്മാനം, കണ്ണൂരിൽ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ രണ്ട് സ്വർണവും ഒരു വെള്ളിയും പാലായിൽ നടന്ന കേരള മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ വെള്ളി, കേരള സ്റ്റേറ്റ് മൺസൂൺ മാരത്തൺ, കേരള എക്സൈസ് മാരത്തൺ, ആലപ്പുഴ മാരത്തൺ, അജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മാരത്തൺ (കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ), കാസർകോട് ജില്ല മാരത്തൺ, മുംബൈ മാരത്തണിൽ നാല് തവണ പത്തിനുള്ളിൽ സ്ഥാനം, അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് മീറ്റിൽ രണ്ട് സ്വർണവും രണ്ട് വെള്ളി എന്നിവ നേടി.
500ൽ പരം മാരത്തണുകളിൽ പങ്കെടുക്കുകയും മിക്കവയിലും ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.വാടകവീടുകളിൽ മാറി മാറി കഴിയുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ മെഡലുകളും ട്രോഫികളും ഉപഹാരങ്ങളും െവക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ 19 വർഷമായി ചുമട്ടുതൊഴിലാളിയായ നാസിമുദ്ദീൻ ജോലിയിൽനിന്നുള്ള വരുമാനം ഉപയോഗിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
ദുബൈ, യുെക്രയ്ൻ, ശ്രീലങ്ക, സിംഗപ്പൂർ എന്നിവിടങ്ങളിൽ മാരത്തണുകളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചെങ്കിലും സാമ്പത്തികം വിലങ്ങുതടിയായി.പ്രാദേശികമായി നിരവധി ബഹുമതികൾ ലഭിച്ചെങ്കിലും തുടർ ഓട്ടമത്സരങ്ങളിൽ പങ്കെടുക്കാനുള്ള സ്ഥിരമായ സാമ്പത്തിക സഹായം എങ്ങുനിന്നുമില്ല. സുഹൃത്തുക്കളും ബന്ധുക്കളും അഭ്യുദയകാംക്ഷികളും സഹായിക്കാറുണ്ട്.
ഭാര്യ ബിൻഷയും മക്കളായ നാഫിയയും മുഹമ്മദ് ഇർഫാനും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി ഓട്ടവും ചുമടെടുപ്പും തുടരുന്ന നാസിമുദ്ദീനെ കൊല്ലൂർവിള ഫ്രണ്ട്സ് വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ജന്മനാട് അനുമോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.