എസ്. രാജീവും ഷിജി രാജീവും പ്രവാസത്തിന് വിട നൽകി മടങ്ങുന്നു
text_fieldsജിദ്ദ: മൂന്ന് പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ച് എസ്. രാജീവും പത്നി ഷിജി രാജീവും സ്വദേശത്തേക്ക് മടങ്ങുന്നു. ജിദ്ദയിലെ കലാ, സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്ന ഇരുവരും നിലവിൽ മാനവിക സൗഹൃദ കൂട്ടായ്മയായ 'മാനവീയം ജിദ്ദ' ഭാരവാഹികളായിരുന്നു. എസ്. രാജീവ് കൂട്ടായ്മയുടെ ചെയർമാനും ഷിജി രാജീവ് വനിതാ വിഭാഗം പ്രസിഡന്റുമായിരുന്നു.
1991 ലാണ് എസ്. രാജീവ് ജിദ്ദയിലെത്തുന്നത്. ആദ്യ ആറ് വർഷം ഹിദാദ കമ്പനിയിൽ ജോലി ചെയ്തു. ശേഷമുള്ള 25 വർഷങ്ങൾ തുടർച്ചയായി ഹാജി ഹുസൈൻ അൽറസാ (മസ്‌ദ) കമ്പനിയിൽ സീനിയർ ലിഫ്റ്റ് ടെക്‌നീഷ്യൻ ആയി ജോലി ചെയ്തു വിരമിച്ചാണ് മടക്കം. പത്നി ഷിജി നാട്ടിൽ സർക്കാർ സ്ക്കൂളിൽ ഗണിതാധ്യാപികയായിരുന്നു. ജോലിയിൽ നിന്നും ലീവെടുത്ത് 2000 ത്തിൽ അവരും ജിദ്ദയിലെത്തി. പിന്നീട് നാട്ടിലെ ജോലി രാജിവെച്ച് അവർ ഭർത്താവ് രാജീവുമൊത്ത് ജിദ്ദയിൽ തുടർന്നു.
2005 മുതൽ ഇരുവരും ജിദ്ദയിലെ വിവിധ സംഘടനകളിൽ ചേർന്ന് പ്രവർത്തിച്ചു തുടങ്ങി. കൊല്ലം ജില്ലാ സംഘടനയായ കെ.പി.എസ്.ജെയിൽ 10 വർഷത്തോളം ഇരുവരും സജീവമായിരുന്നു. ഷിജി സംഘടനയുടെ വനിതാ കൺവീനർ ആയിരുന്നു. ജിദ്ദയിലെ കൂട്ടം കൂട്ടായ്മയിലും ഇരുവരും പ്രവർത്തിച്ചിരുന്നു.
ഇവരുടെ ഏക മകൾ ദേവി പ്രിയദർശിനി ജിദ്ദ മലർവാടിയിലെ സജീവ അംഗമായിരുന്നു. ജിദ്ദയിലെ വിവിധ സ്റ്റേജുകളിൽ നൃത്തവും ഗാനവുമായി തിളങ്ങി നിന്നിരുന്ന മകൾ ഉപരിപഠനാവശ്യാർഥം 2018 ൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൃപ്പൂണിത്തുറ ടോക് എച്ച് ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ക്യാമ്പസിൽ എം.ബി.എ വിദ്യാർത്ഥിനിയാണിപ്പോൾ മകൾ.
കൊല്ലം ചവറ സ്വദേശികളായ എസ്. രാജീവും ഷിജി രാജീവും നാളെ ഉച്ചക്കുള്ള ഗൾഫ് എയർ വിമാനത്തിൽ നാടണയും. ഇരുവർക്കും കഴിഞ്ഞ ആഴ്ച മാനവീയം ജിദ്ദ പ്രവർത്തകർ യാത്രയയപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.