'സാദിഖ്' എന്ന ഒരു പ്രവാസിയുടെ കല
text_fieldsപ്രവാസം പലരുടെയും കലാജീവിതം അവസാനിപ്പിക്കാറുണ്ട്. എന്നാൽ ഉള്ളിലെ കഴിവുകൾ കൂമ്പടഞ്ഞ് കെട്ടുപോകാതെ സൂക്ഷിക്കുന്നവരും പ്രവാസികളിലുണ്ട്. അത്തരമൊരു കലാകാരനാണ് മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി തോട്ടായി സ്വദേശിയായ ടി.പി സാദിഖ്. യൗവനത്തിലേക്ക് കാലെടുത്തുവെക്കുന്ന 21ാമത്തെ വയസ്സിൽ ദുബൈയിൽ എത്തിയതാണ് ഇദ്ദേഹം. സിനിമയിൽ പ്രവർത്തിക്കണമെന്നതടക്കം കലാമേഖലയിൽ സ്വപ്നങ്ങളുമായി പാറിനടക്കുന്ന കാലത്താണ് ജീവിതം കടലിനിക്കരെ പറിച്ചുനടപ്പെട്ടത്.
തിരൂരിലെ സ്കൂൾ ഓഫ് ഫൈൻ ആർട്സിലെ ചിത്രകലാ വിദ്യഭ്യാസത്തിന് ശേഷം പ്രശസ്ത ചിത്രകാരന്മാരായ കുഞ്ഞിപ്പ ചുരിഗേൾ, സുന്ദരം ചിത്രം, ഉണ്ണി വൈരംകോട് എന്നിവരുടെ കൂടെ പ്രവർത്തിച്ചിരുന്നു. പെൻസിൽ ഡ്രോയിങും വാട്ടർ കളറും ഓയിൽ പെയിന്റുമൊക്കെയായി ചിത്ര രചനയിൽ കഴിവ് തെളിയിച്ചതും അക്കാലത്തായിരുന്നു. അതിനിടയിൽ അഷ്റഫ് മഞ്ചേരി എന്ന സംഗീത സംവിധായകനിൽ നിന്ന് സംഗീതം പഠിക്കുകയും ചെയ്തിരുന്നു. സിനിമയായിരുന്നു അന്നെല്ലാം സ്വപ്നത്തിലുണ്ടായിരുന്നത്. അഭിനയത്തേക്കാളേറെ കലാസംവിധായകനാവുക എന്നതായിരുന്നു മോഹം.
അതിനിടയിലാണ് പ്രവാസത്തിലേക്ക് വഴി തുറന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പാലസിലാണ് ജോലി ലഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകനും യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഡ്രൈവറായി ജോലി തുടരുകയുമാണ്. ജോലിയിൽ കൃത്യത പാലിക്കുന്നതിനൊപ്പം തന്നെ തന്റെ കഴിവുകൾ വളർത്താനും സാദിഖ് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ചിത്രരചനകൾ വീണ്ടും തുടങ്ങിയത്. പരമ്പരാഗതമായി ശീലിച്ച രീതികളിൽ നിരവധി ചിത്രങ്ങൾ പ്രവാസ മണ്ണിൽ വെച്ച് കോറിയിട്ടു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ചിത്രം അദ്ദേഹത്തിന്റെ മകൻ കൂടിയായ ശൈഖ് മക്തൂമിന് നൽകാൻ സാധിച്ചു. ദുബൈയിൽ നടക്കുന്ന വിവിധ കലാ പരിപാടികളിലും മറ്റും സജീവമായതിനാൽ തന്റെ സ്വപ്നമായ സിനിമയിലേക്ക് കാലെടുത്തുവെക്കാനും സാധിച്ചു.
പ്രവാസ ലോകത്തെ കലാസൗഹൃദങ്ങളാണ് സിനിമയിലേക്ക് വഴി തുറന്നത്. നിലവിൽ അഭിനയമായും കലാസംവിധാനമായും 14സിനിമകളിൽ പ്രവർത്തിച്ചു. ഇക്കൂട്ടത്തിൽ പത്തേമാരി, സാമ്രാജ്യം-2, മധുരനാരങ്ങ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ റോളുകൾ നിർവഹിക്കാനായി. കുഞ്ചാക്കോ ബോബൻ നായകനായ 'മധുരനാരങ്ങ'യിൽ അറബിക് പൊലീസായി ശ്രദ്ധിക്കപ്പെട്ട വേഷമാണ് ചെയ്തത്. സംഗീതത്തിലുള്ള താൽപര്യം ആ മേഖലയിലും കൈവെക്കാൻ പ്രചോദനമായി. മാപ്പിളപ്പാട്ട് ഗായകൻ കൊല്ലം ഷാഫിയുടെ ആൽബത്തിന് സംഗീതം ചെയ്തത് അങ്ങനെയാണ്. സംഗീതജ്ഞൻ ബാലബാസ്കറിന്റെ അകാല മരണത്തിന് ശേഷം സാദിഖ് വരച്ച അദ്ദേഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. കോഫി പൗഡർ കൊണ്ടാണ് ഈ ചിത്രം വരച്ചതെന്നാണ് ശ്രദ്ധിക്കപ്പെടാൻ കാരണമായത്. ദുബൈയിൽ നടന്ന പരിപാടികൾക്കിടയിൽ ബാലഭാസ്കറിനെ പലപ്പോഴും കണ്ടിരുന്നു. ഇതാണ് മരണശേഷം വ്യത്യസ്തമായ ചിത്രം വരക്കാൻ പ്രചോദനമായത്. ഒരു കാലാകാരൻ വരച്ചത് ഫേസ്ബുക്കിൽ കണ്ടതിൽ നിന്നാണ് കോഫി ഉപയോഗിച്ച് ചിത്രം വരക്കുക എന്ന ആശയം ലഭിച്ചത്. വാട്ടർ ക്റിനേക്കാൾ എളുപ്പമാണ് കോഫി പൗഡറിലെ വരയെന്ന് സാദിഖ് പറയുന്നു.
എന്നാൽ അൽപം വേഗതയോടെ വരക്കേണ്ടി വരുമെന്ന് മാത്രം. ബാലഭാസ്കറിന്റെ ചിത്രം അക്കാലത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ഡിജിറ്റൽ ആർടിലും നിലവിൽ ശ്രദ്ധയൂന്നുന്നുണ്ട്. ദുബൈയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന സാദിഖിന് കലാരംഗത്ത് ചെറുതും വലുതുമായ ഉദ്യമങ്ങളുമായി മുന്നോട്ടുപേകാനാണ് ആഗ്രഹം. നാട്ടിൽ ചെറിയ ബിസിനസ് സംരഭങ്ങളും നടത്തുന്നുണ്ട്. മാതാപിതാക്കളായ ടി.പി മുഹമ്മദും സൈനബയും ഭാര്യ ഫസീലയും സാദിയ, ഷഹ്മിയ, സൈൻ മുഹമ്മദ് എന്നീ മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. ഇവരെല്ലാം തന്റെ കലാജീവിതത്തിന് പിന്തുണ നൽകുന്നുണ്ടെന്നും സാദിഖ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.