ചെർപ്പുളശ്ശേരിയുടെ സ്വന്തം ഫുട്ബാൾ പ്രേമി ഇനി ഖത്തറിന്‍റെ മണ്ണിൽ....
text_fieldsലോകകപ്പിന്റെ ആരവവും ആഹ്ലാദവും അലയടിക്കുമ്പോൾ, കാണികളിൽ ഒരാളായി ആർപ്പുവിളിക്കാൻ ഇനി സൽമാനുമുണ്ടാകും ഖത്തറിൽ. ഡൗൺസിൻഡ്രോം ബാധിതനായ സൽമാൻ അനേകം ആരാധകരുള്ള യൂട്യൂബറും ഫുട്ബാൾ പ്രേമിയുമാണ്.
ഐ.എം. വിജയനടക്കമുള്ള താരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ 34കാരൻ ഇന്ന് ശാരീരിക, മാനസിക വെല്ലുവിളികൾ തരണം ചെയ്ത് തന്‍റെ സ്വപ്നയാത്രയിലാണ്. നാട്ടിലും ഗൾഫിലുമായി പ്രവർത്തിക്കുന്ന ഇസാ ഗ്രൂപ്പ് ആണ് സൽമാൻ ചെർപ്പുളശ്ശേരിയെ ഖത്തറിന്റെ മണ്ണിലേക്ക് എത്തിച്ചിരിക്കുന്നത്.
ചെർപ്പുളശ്ശേരി കുറ്റിക്കോട് സ്വദേശിയാണ് സൽമാൻ. ഒന്നര വർഷം മുൻപ് സുഹൃത്തുക്കൾ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയാണ് സൽമാനെ താരമാക്കി മാറ്റിയത്. സുഹൃത്തുകൾക്കൊപ്പമുള്ള സൽമാന്‍റെ റീൽസുകളും ശ്രദ്ധേയമായി.
കടുത്ത ഫുട്ബാൾ ആരാധകനായ സൽമാൻ ഏത് ഫുട്ബാൾ ക്ലബിന് വേണ്ടിയും കളത്തിലിറങ്ങും. നാട്ടുകാർക്കും പ്രിയങ്കരൻ തന്നെ. കളിയാരവം മുഴങ്ങുന്ന എല്ലാ മൈതാനങ്ങളിലും ഇപ്പോൾ നിറസാന്നിധ്യം കൂടിയാണ് അദ്ദേഹം.
കൂടാതെ, ടർഫുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും അടക്കം ഉദ്ഘാടനങ്ങൾക്കായി സൽമാനെ തിരക്കിയെത്തുന്നവരുടെ എണ്ണവും കുറവല്ല. പരിമിതികളെ അതിജീവിച്ചു കൊണ്ട് ജീവിതത്തിൽ പുതിയ മേച്ചിൽപുറങ്ങൾ തേടുന്ന സൽമാൻ പ്രതിസന്ധികൾക്ക് മുൻപിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.