ഡിജിറ്റൽ ആർട്സ് രംഗത്ത് പുതുമകളുമായി സാം രാജ്
text_fieldsമനാമ: രണ്ട് പതിറ്റാണ്ടായി ബഹ്റൈനിൽ പ്രവാസിയായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സാംരാജ് ഡിജിറ്റൽ ആർട്സ് രംഗത്തെ വേറിട്ട വഴികളിലൂടെ ശ്രദ്ധേയനാകുന്നു. മഹാത്മാഗാന്ധി, ഇ.കെ. നായനാർ, മൈക്കിൾ ജാക്സൺ, മോഹൻലാൽ, എം.എ. യൂസുഫലി, ശോഭന തുടങ്ങി നിരവധി പ്രമുഖരുടെ ഡിജിറ്റൽ പോർട്രെയിറ്റുകൾ സാം രാജ് വരച്ചിട്ടുണ്ട്.
സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ ചിത്രകലയിലും ശിൽപകലയിലും തൽപരനായിരുന്ന സാം രാജ് പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം ഫൈൻ ആർട്സ്, ഗ്രാഫിക് ഡിസൈനിങ്, ഫോട്ടോഗ്രഫി എന്നിവയിൽ ഡിപ്ലോമയും കരസ്ഥമാക്കി. വ്യത്യസ്ത മേഖലകളിലൂടെ സഞ്ചരിക്കുന്ന സാംരാജിന് 20 വർഷം മുമ്പ് തന്നെ പതിനാറിൽ അധികം ആർട്ടിസ്റ്റിക് സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. ജയ്പുർ നാഷനൽ യൂനിവേഴ്സിറ്റിയിൽനിന്ന് ബിസിനസ് മാനേജ്മെന്റിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
സാം രാജിന്റെ ഡിജിറ്റൽ പെയിന്റിങ് എന്ന സാങ്കേതികമായ ചിത്രരചനാരീതിയിലൂടെ വളരെ പെട്ടെന്ന് കൃത്യതയോടെ മുഖചിത്രങ്ങൾ തയാറാക്കുന്ന രീതി പുതു തലമുറക്ക് പ്രചോദനമാണ്. 1997ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോറൽ ഡ്രോ എന്ന സോഫ്റ്റ്വെയർ വഴി ഫിലിം സ്റ്റാറുകളുടെ ചിത്രം വരച്ചുകൊണ്ടാണ് ഡിജിറ്റൽ പെയിന്റിങ്ങിലേക്ക് കടന്നത്. 2005ൽ ബഹ്റൈനിൽ പ്രശസ്ത പോപ് ഗായകൻ മൈക്കൽ ജാക്സന്റെ പ്രോജക്ട് ഡിസൈനർ ആയി നിയമിക്കപ്പെട്ടത് ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.
അതിനുശേഷം കുറച്ചുകാലം ലുലു ഗ്രൂപ്പിൽ ക്രിയേറ്റിവ് ഹെഡ് ആയും പ്രവർത്തിച്ചു. പിന്നീട് സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞു. ആർട്ടിഫിഷൽ ഇന്റലിജൻസ് ആർട്ട് വഴി ഭാവനയിൽ വിരിയുന്നതെന്തും നിഷ്പ്രയാസം സൃഷ്ടിച്ചെടുക്കാനുള്ള പുതിയ പഠനത്തിന്റെ പണിപ്പുരയിലാണ് സാം രാജ് ഇപ്പോൾ. സിനിമാമേഖലയിൽ അസിസ്റ്റന്റ് ആർട് ഡയറക്ടറായി ജോലിചെയ്തിട്ടുള്ള സാം രാജ് സ്വന്തമായി കഥയും തിരക്കഥയും എഴുതി ബഹ്റൈൻ, സൗദി എന്നിവിടങ്ങളിൽ ചിത്രീകരണമാരംഭിക്കുന്ന ‘എവെരി നൈറ്റ് ഈസിന്റ്റ് ഡാർക്ക്’ എന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ടെലിഫിലിം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.
ഇതിനോടകം 24 ഓളം രാജ്യങ്ങൾ സന്ദർശിച്ച അദ്ദേഹം ബിസിനസിനൊപ്പം ഇന്ത്യൻ - അറബിക് കലകൾക്ക് പ്രചാരം നൽകണമെന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ വർഷം ഹംഗറിയിൽ സ്വന്തമായി മീഡിയ കമ്പനിയും തുടങ്ങി. ആരോഗ്യകരമായ ജീവിതത്തിന് ഫിറ്റ്നസും വേണമെന്ന് വിശ്വസിക്കുന്ന സാംരാജ് ഈ രംഗത്തും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനാർഹനായിട്ടുണ്ട്. F50 വർക്കൗട്ട് മത്സരത്തിൽ ഗോൾഡ് മെഡൽ ഉൾപ്പെടെ കിട്ടിയിട്ടുണ്ട്. മുൻ ബഹ്റൈൻ പ്രവാസിയായിരുന്ന രാജേന്ദ്രൻ നായരുടെയും സംഘമിത്രയുടേയും മകനാണ് സാം രാജ്. ഭാര്യ: സുനിത. മക്കൾ: സംയുക്ത, ദേവയാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.