‘സാപിയൻസ്’ മനുഷ്യ ചരിത്രത്തിന് നിറങ്ങൾ കൊണ്ടൊരു കലാസാക്ഷ്യം
text_fieldsപയ്യന്നൂർ: മനുഷ്യൻ കടന്നുവന്ന ചരിത്രഘട്ടങ്ങളുടെ ഗംഭീരമായ കലാസാക്ഷ്യമാണ് പയ്യന്നൂർ ഗാന്ധിപാർക്കിൽ നടക്കുന്ന ‘സാപിയൻസ്’ പ്രദർശനത്തിലൊരുക്കിയ ചിത്രങ്ങൾ. നിറങ്ങളുടെ തെരഞ്ഞെടുപ്പിലും വിന്യാസത്തിലും ആൾരൂപങ്ങളുടെ ആഖ്യാനത്തിലും പുലർത്തുന്ന വ്യത്യസ്തത ഏറെ ശ്രദ്ധേയം.
കലേഷ് കല എന്ന ചെറുപ്പക്കാരൻ ചിത്രകലക്ക് പ്രതീക്ഷ നൽകുന്നുവെന്ന് പ്രദർശനം സാക്ഷ്യപ്പെടുത്തുന്നു. നിരവധിയാളുകളാണ് പ്രദർശനം കാണാനെത്തുന്നത്. അക്രിലിക്കിൽ തീർത്ത 23 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മനുഷ്യന്റെ കൃഷിയിലേക്കുള്ള കടന്നുവരവ്, ഇതിലൂടെ രൂപപ്പെട്ട അടിയാൻ-ഉടയോൻ സമ്പ്രദായം, അടിമകളാക്കപ്പെട്ട സ്ത്രീകളുടെയും പുരുഷന്മാരുടെയും ദൈന്യത, യുദ്ധം, വർഗീയകലാപം, കേരളത്തിന്റെയും ഭാരതത്തിന്റെയും നവോത്ഥാന പ്രസ്ഥാനം, മിത്ത്, ശാസ്ത്രം എന്നിങ്ങനെ മാനവരാശിയുടെ ആരംഭം മുതൽ ഇന്നുവരെയുമുള്ള ചരിത്രസംഭവങ്ങൾ മികവോടെ, മനോഹര ചിത്രഭാഷയോടെ കലേഷ് ചിത്രീകരിച്ചിരിക്കുന്നു. ജാതിമതചിന്ത വർഗീയതക്കും വിഭാഗീയതക്കും കാരണമാവുമെന്നും രാജ്യത്തെ വാഗീയവത്കരിക്കാനുള്ള നീക്കങ്ങൾക്കെതിരായ പ്രതിഷേധമാണ് ചിത്രങ്ങളിൽ ആവാഹിച്ചതെന്നും കലേഷ് പറയുന്നു.
രാവിലെ ഒമ്പത് മുതൽ ആറുവരെയാണ് പ്രദർശനം. ശനിയാഴ്ച വൈകീട്ട് മൂന്നിന് സമാപന സമ്മേളനം ടി.ഐ. മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുവൈത്തിൽ 15 വർഷം ഇന്റീരിയർ ആർട്ട് വർക്കറായിരുന്ന കലേഷ് കോവിഡ് കാലത്താണ് ചിത്രരചനയിലേക്ക് തിരിഞ്ഞത്. എന്നാൽ, മൂന്നുവർഷം മുമ്പുള്ള അരങ്ങേറ്റമാണ് കലയിലെന്ന് ചിത്രം കണ്ടവർ പറയില്ല.
മുപ്പതിന്റെ പൂർണതയാണ് കലേഷിന്റെ വര അടയാളപ്പെടുത്തുന്നത്. എം. കരുണാകരന്റെയും കെ.പി. സുമതി യുടെയും മകനാണ്. ജിഷയാണ് ഭാര്യ. ജനക്, ജൈതിക് എന്നിവർ മക്കൾ. ആർമിയിലുള്ള സുകേഷ് സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.