സരണ്‍സ് ആർട്ട്
text_fields'പാരമ്പര്യ ചിത്രകലയുടെ കേരളീയ ശൈലി അറബ് ജനതയ്ക്കുകൂടി പരിചയപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെന്ന് അറിയാഞ്ഞിട്ടല്ല, എന്നാൽ ഈ നാട് നമുക്ക് നല്കുന്ന പരിഗണനക്കും കരുതലിനും ഞാനെന്ന ചിത്രകാരന് പിന്നെങ്ങിനാണ് കടപ്പാട് അറിയിക്കേണ്ടത് ?'- ചിത്രകലയുടെ സര്‍വ സാധ്യതകളും ഉപയോഗിച്ച് വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയും ലോകത്തോളം വലിയ നേട്ടങ്ങള്‍ കൈപ്പിടിയിലാക്കുകയും ചെയ്യുന്ന സരണ്‍സ് ഗുരുവായൂര്‍ ഇത് പറയുന്നത് വെറുതേയല്ല, മുന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളും പദ്ധതികളുമുണ്ട്.
ഏറ്റവുമൊടുവില്‍ മൂന്നാമതൊരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഉടമ കൂടിയായിരിക്കുകയാണ് സരണ്‍സ്. യു.എ.ഇ ഭരണാധികാരികളുടെ പടുകൂറ്റന്‍ എണ്ണച്ഛായാചിത്രമാണ് അബൂദബിയില്‍ ഒരുക്കിയത്. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മഖ്തൂം, യു.എ.ഇ. സായുധ സേനാ ഡപ്യൂട്ടി കമാന്‍ഡറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എന്നിവരുടെ ചിത്രങ്ങളാണ് 30 അടി ഉയരത്തിലും 60 അടി നീളത്തിലും സരണ്‍സ് തനിയെ വരച്ചത്. ചിത്രങ്ങള്‍ ദുബൈ എക്സ്പോയിലും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണീ കലാകാരന്.
2020ല്‍ 30 ദിവസമെടുത്ത് രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ ഛായാചിത്രം തയാറാക്കിയിരുന്നു. 30 അടി ഉയരവും 24 അടി വീതിയുമുള്ള ഈ ചിത്രം ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയെങ്കിലും മഹാമാരി ലോകമെങ്ങും പടര്‍ന്ന ദുരിതനാളുകള്‍ പരിഗണിച്ച്, ആ സന്തോഷം സരണ്‍സ് ആരുമായും പങ്കുവച്ചില്ല. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിനുള്ള തന്റെ ആദരമാണ് ഈ പെയിന്റിങ്ങുകള്‍ എന്നാണ് സരണ്‍സിന്റെ പ്രതികരണം.
ഗുരുവായൂരിലെ 'വേണുഗോപാല' ചരിതം
ഇനിയുമുണ്ട് ഗിന്നസ് റെക്കോര്‍ഡ്. ലോകത്തിലെ ഉയരം കൂടിയ ഓടക്കൂഴലൂതുന്ന കണ്ണന്റെ 'വേണുഗോപാല' ചിത്രമാണത്. ഇതിനു പിന്നിലൊരു കഥകൂടി പറയാനുണ്ട് സരണ്‍സിന്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ചിത്രം പ്രദര്‍ശിപ്പിക്കാനായിരുന്നു ആഗ്രഹിച്ചത്. അനുമതിക്കായി ദേവസ്വത്തില്‍ അപേക്ഷയും സമര്‍പ്പിച്ചു. എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ നിരത്തി അനുമതി നിഷേധിച്ചു. തുടര്‍ന്ന് കിഴക്കേ നടയിലെ എലൈറ്റ് ഹോട്ടലിന്റെ ഉടമ പി.വി. മുഹമ്മദ് യാസീന്‍ ചിത്രം പ്രദര്‍പ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. തന്റെ അഞ്ച് നിലകളുള്ള ഹോട്ടലിന്റെ മുകളറ്റം മുതല്‍ ഒന്നാം നിലവരെയുള്ള ഭാഗം 60 അടി ഉയരമുള്ള ചുമര് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിട്ടുനല്‍കുകയായിരുന്നു. ഓടക്കുഴല്‍ വിളിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രമാണ് 100 ദിവസം രാവുംപകലുമെടുത്ത് പൂര്‍ത്തിയാക്കിയത്. 20 ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്. അന്ന് ബാങ്കില്‍ നിന്നെടുത്ത 16 ലക്ഷം രൂപ ലോണ്‍ ഇനിയും അടച്ചുതീര്‍ന്നിട്ടില്ല.
2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കാന്‍വാസില്‍ തീര്‍ത്ത ഈ ചിത്രം ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. അബൂദബിയില്‍ പൂര്‍ത്തിയായി വരുന്ന ക്ഷേത്രത്തില്‍ കണ്ണനെ സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള അവസരം ആരാഞ്ഞ് ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും മറ്റ് അധികൃതരെയും സമീപിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ കണ്ണന്റെ ചിത്രം അബൂദബി ക്ഷേത്രത്തിന്റെ മാറ്റ് കൂട്ടുന്ന കലാരൂപമായി മാറും.
അറബ് ചരിത്രവും സംസ്കാരവും ഒരു കാന്‍വാസില്‍
ചരിത്രം, പൈതൃകം, സംസ്കാരം, ആധുനികത തുടങ്ങിയ പ്രകൃതി ഘടകങ്ങള്‍ അറബ് സംസ്കാരത്തെ എത്രമാത്രം സ്വാധീനിച്ചെന്നും അതിലൂടെ രാജ്യത്തിനുണ്ടായ വളര്‍ച്ചയുമാണ് ഏറ്റവും പുതിയ ചിത്രത്തില്‍ സരണ്‍സ് ആലേഖനം ചെയ്തിരിക്കുന്നത്. 19 അടി നീളവും അഞ്ചടി ഉയരവുമുള്ള ഈ ചിത്രവും രാജ്യത്തിന് സമര്‍പ്പിക്കുകയാണ്. അറബ് സമൂഹത്തിലേക്ക് ചുമര് ചിത്രകലയുടെ സാധ്യതകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സരണ്‍സ് പറയുന്നു.
25ാം വയസ്സിലാണ് ആദ്യമായി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സും യു.ആര്.എഫ് റെക്കോര്‍ഡ്സും സരണ്‍സിനെ തേടിയെത്തിയത്. ഗുരവായൂര്‍ ശ്രീ കൃഷ്ണ സ്കൂളിലും കോളജിലും ആയിരുന്നു പഠനം. ജയ്സണ്‍ ഗുരുവായൂര്‍ ആയിരുന്നു ആദ്യ ഗുരു. അപ്പുക്കുട്ടന് കോട്ടപ്പടിയില്‍ നിന്നും ചിത്രരചന അഭ്യസിച്ചിട്ടുണ്ട്. മികച്ചൊരു ആനിമേറ്റര്‍ കൂടിയാണ്. ചുമര് ചിത്രകല, അക്രലിക്ക് പെയിന്റിങ്, ഓയില്‍ പെയിന്റിങ് തുടങ്ങിയവ പഠിപ്പിക്കാന്‍ ഗുരുവായൂരില്‍ സ്ഥാപനവും സരണ്‍സ് നടത്തിവരുന്നുണ്ട്.
ഇന്ത്യയിലെ എല്ലാ മതങ്ങളും ഒന്നാണെന്ന സന്ദേശം നല്കുന്ന 'പരബ്രഹ്മം' എന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ എത്തിയപ്പോള്‍ സരണ്‍സ് സമ്മാനിച്ചിരുന്നു.
ഗുരുവായൂര്‍ കോട്ടപ്പടി കാര്യാട്ടുവീട്ടില് സരണ്‍സിന് മറ്റൊരു ആഗ്രഹം കൂടിയുണ്ട്, ഗോള്‍ഡന്‍ വിസ സ്വന്തമാക്കണം. തന്റെ ചിത്രകലാരൂപങ്ങള്‍ ബന്ധപ്പെട്ടവരുടെ മുന്നിലെത്തിച്ച് ആഗ്രഹം സാധിച്ചെടുക്കാനാവുമെന്നും ഈ കലാകാരനു പ്രതീക്ഷയുണ്ട്. അബൂദബിയിലെ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിലെ പ്രധാന ഹാളില്‍ 66.03 ചതുരശ്രമീറ്ററുള്ള, യു.എ.ഇ. ഭരണാധികാരികളുടെ എണ്ണച്ഛായാചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായ ആസാദി കാ അമൃത് മഹോല്‍സവത്തിന്റെയും യു.എ.ഇയുടെ അമ്പതാമത് ദേശീയദിനാഘോഷത്തിന്റെയും ഭാഗമായിട്ടായിരുന്നു കൂറ്റന്‍ പെയിന്റിങ് തയ്യാറാക്കിയത്.
ചൈനീസ് ചിത്രകാരന് ലി ഹ്ങ് യുവിന്റെ റെക്കോഡാണ് സരണ്‍സ് തിരുത്തിക്കുറിച്ചത്. ദുബൈ എക്സ്പോ 2020 വേദിയിലെത്തിയപ്പോഴാണ് ലി ഹങ് യു യു.എ.ഇയുടെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ ചിത്രം വരച്ച് ഈ ഗണത്തില്‍ ലോകറെക്കോഡ് നേടിയത്.
ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന റിപബ്ലിക് ദിന സാംസ്കാരിക പരിപാടിയില്‍ വച്ച് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയും സരൺസിനെ മെമന്റോ നല്കി ആദരിച്ചിരുന്നു.
അബൂദബിയില്‍ കുട്ടികള്‍ക്കു വേണ്ടി ആര്‍ട്ട് അക്കാദമി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും സരണ്‍സ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.