യുദ്ധഭൂമിയിൽനിന്ന് വീടണഞ്ഞ സന്തോഷത്തിൽ ശരത് ശങ്കറും കുടുംബവും
text_fieldsവള്ളിക്കുന്ന്: അറിയുന്ന വാർത്തകൾ എല്ലാം ഭീകരമാണെങ്കിലും വീടണഞ്ഞ സന്തോഷത്തിലാണ് വള്ളിക്കുന്ന് ഒലിപ്രം തിരുത്തി സ്കൂളിന് സമീപത്തെ പുത്തൻ വീട്ടിൽ ശരത് ശങ്കറും കുടുംബവും. ഭാര്യ ചൈതന്യയോടും മകൾ മൂന്നുവയസ്സുകാരി സംസ്കൃതിയോടുമൊപ്പം ഞായറാഴ്ചയാണ് ഇസ്രേയലിൽനിന്ന് ശരത് ശങ്കർ നാട്ടിലെത്തിയത്. ടെൽ അവീവ് സർവകലാശാലയിൽ ഫിസിക്സിൽ ഗവേഷക വിദ്യാർഥിയായ ശരത് കുടുംബത്തോടൊപ്പം ടെൽ അവീവിലാണ് താമസിച്ചിരുന്നത്.
ഭാര്യയും മകളും ആഗസ്തോടെയാണ് ഇസ്രേയലിൽ വിസിറ്റിങ് വിസയിൽ എത്തിയത്. യുദ്ധം ആരംഭിച്ചതോടെ തൊട്ടടുത്ത പലയിടങ്ങളിലും റോക്കറ്റ് പതിച്ചെങ്കിലും ഇവർ താമസിക്കുന്നിടത്ത് പ്രശ്നമൊന്നും ഇതുവരെ ഉണ്ടായില്ല. എന്നാൽ, ഇടക്കിടക്ക് മുന്നറിയിപ്പായി സൈറൺ മുഴങ്ങിയിരുന്നതായി ശരത് ശങ്കർ പറഞ്ഞു.
ഇസ്രായേലിൽ യുവാക്കളെ സൈനിക സേവനത്തിനായി കൊണ്ടുപോയിരുന്നു. സർവകലാശാലകളിലെ ഇന്ത്യക്കാരായ വിദ്യാർഥികൾ എംബസിയെ സമീപിച്ച് നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒഴിപ്പിക്കൽ ആരംഭിച്ചതോടെയാണ് എംബസിയിൽ രജിസ്റ്റർ ചെയ്തത്.
എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലും നോർക്ക സഹായത്തോടെ കൊച്ചിയിലും എത്തി. അവിടെനിന്ന് ടാക്സിയിൽ വീടെത്തുകയായിരുന്നു. ഒരുവർഷം മുമ്പാണ് ഗവേഷണത്തിന് ചേർന്നത്. യുദ്ധം കഴിഞ്ഞാൽ തിരിച്ചുപോകുമെന്ന് ശരത് ശങ്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.